'ജനാധിപത്യം കുഴിച്ചുമൂടുന്ന 'ഫാസിസ്റ്റ് ഗുരു'; ത്രിപുരയിലെ ആക്രമണ സംഭവങ്ങളിൽ രൂക്ഷവിമർശനവുമായി ജയരാജൻ
നിയമവാഴ്ച തകർന്ന നാടായി ത്രിപുര മാറിയിരിക്കുകയാണെന്നും ജയരാജൻ

കണ്ണൂർ: ത്രിപുരയിൽ നടക്കുന്ന അക്രമങ്ങളിൽ ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രതിപക്ഷരാഷ്ട്രീയത്തിലുള്ളവർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണ്. നിയമവാഴ്ച തകർന്ന നാടായി ത്രിപുര മാറിയിരിക്കുകയാണ്.ആയിരക്കണക്കിന് വീടുകളും കടകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. എം.എൽ.എ. മാർ അടക്കമുള്ള നേതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു.ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച എം.പി.മാർ അടക്കമുള്ളവരുടെ വാഹനങ്ങൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുകയാണെന്ന് എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻറെ പൂർണരൂപം വായിക്കാം
എം.പി.മാരുടെ സംഘത്തെ ആക്രമിച്ചതോടെ ഫാസിസ്റ്റ് ഭീകരവാഴ്ചയാണ് ത്രിപുരയിൽ ബിജെപി നടപ്പാക്കുന്നതെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പ്രതിപക്ഷരാഷ്ട്രീയത്തിലുള്ളവർക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണ്. മൂന്നുപേരെ കൊന്നു. ആയിരക്കണക്കിന് വീടുകളും കടകളും ആക്രമിക്കുകയും കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. എം.എൽ.എ. മാർ അടക്കമുള്ള നേതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു. പശുത്തൊഴുത്തുകൾ കത്തിച്ചപ്പോൾ 'ഗോമാതാക്കൾ' ചുട്ടുകരിക്കപ്പെട്ടു. നിയമവാഴ്ച തകർന്ന നാടായി ത്രിപുര മാറി. ഇത്തരം ഭീകരതക്കെതിരെ പ്രതിഷേധമുയർന്നു. ആക്രമണങ്ങൾ നടന്ന സ്ഥലങ്ങൾ സന്ദർശിച്ച എം.പി.മാർ അടക്കമുള്ളവരുടെ വാഹനങ്ങൾ തകർക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങൾ ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുന്നു. 'വിശ്വഗുരു' എന്നാണ് സംഘപരിവാറുകാർ നരേന്ദ്രമോഡിയെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യം കുഴിച്ചുമൂടുന്ന 'ഫാസിസ്റ്റ് ഗുരു'വെന്ന വിശേഷണമായിരിക്കും കൂടുതൽ അനുയോജ്യം.
വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ് ഇന്ത്യയെന്നാണ് സ്വീഡനിലെ ഗോഥംബർഗ് സർവ്വകലാശാല പ്രസിദ്ധീകരിക്കുന്ന വി-ഡെം (Varieties of Democracy) റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 10 വർഷങ്ങളെടുത്താൽ ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപത്യഭരണമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്നാണ് ആ റിപ്പോർട്ടിലെ മറ്റൊരു പരാമർശം. ജനാധിപത്യ ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനമാകട്ടെ 97ഉം. ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്നാണ് വാഷിങ്ടണിലെ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയുടെ സ്ഥാനം 142ഉം. പണാധിപത്യത്തിലൂടെ 8 സംസ്ഥാനങ്ങളിലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. ഇന്ത്യക്കാരെ ലോകത്തിന് മുന്നിൽ നാണം കെടുത്തുന്ന ഇത്തരം ചെയ്തികൾക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി പാർലമെന്റിലെ സഹപ്രവർത്തകരായ എം.പി.മാരെ പോലീസിന്റെ സാന്നിദ്ധ്യത്തിൽ അനുയായികൾ ആക്രമിച്ച സംഭവത്തെ അപലപിക്കാൻ തയ്യാറാകുമോ? ഇന്ത്യയിൽ 'ഫാസിസ്റ്റ് ജനാധിപത്യം' നടപ്പാക്കുന്ന സംഘപരിവാർ ഭരണത്തിനെതിരെ സർവ്വശക്തിയും സമാഹരിച്ച് പ്രതിഷേധിക്കുക.












Click it and Unblock the Notifications