ഒരു വയസുള്ള മകനെ നിലത്തെറിഞ്ഞു! പിന്നാലെ എലിവിഷം കുടിച്ച് ആത്മഹത്യാശ്രമം;പിതാവും മകനും ആശുപത്രിയിൽ
കഴിഞ്ഞദിവസം രാത്രിയിലാണ് വിനോദിന്റെ ഒരു വയസുള്ള മകനായ സുനിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
പത്തനംതിട്ട: കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവായ ആദിവാസി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്തനംതിട്ട മൂഴിയാറിലാണ് സംഭവം. നിലത്ത് വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഒരു വയസുകാരനെയും, എലിവിഷം കുടിച്ച പിതാവിനെയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രിയിലാണ് വിനോദിന്റെ ഒരു വയസുള്ള മകനായ സുനിലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മകനെ പിതാവായ വിനോദ് നിലത്തെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു നാട്ടുകാർ ആശുപത്രി അധികൃതരോട് പറഞ്ഞത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനിലിനെ നാട്ടുകാർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സിടി സ്കാനിൽ പരിക്ക് മാരകമാണെന്ന് തെളിഞ്ഞതിനാൽ കുട്ടിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

സുനിലിനെ കോട്ടയത്തേക്ക് മാറ്റി മണിക്കൂറുകൾ പിന്നിട്ടതോടെയാണ് പിതാവായ വിനോദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച വിനോദിനെ ഞായറാഴ്ച രാവിലെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പത്തനംതിട്ട ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇയാളെയും കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതേസമയം, ഇയാളുടെ ഭാര്യയും കുട്ടിയുടെ മാതാവുമായ സ്ത്രീ ഇതുവരെ കോട്ടയത്ത് എത്തിയിട്ടില്ല. നിലവിൽ ട്രൈബൽ പ്രമോട്ടറാണ് ഇവരെ പരിചരണത്തിനുള്ളത്.












Click it and Unblock the Notifications