യൂസഫലിയുടെ ഇടപെടല്‍ വിജയം; പിവിആര്‍-ഫെഫ്ക തര്‍ക്കം പരിഹരിച്ചു, പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും
കൊച്ചി: പിവിആര്‍-ഫെഫ്ക തര്‍ക്കത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം എ യൂസഫലിയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ചര്‍ച്ച വിജയം. യൂസഫലിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തിലാണ് തര്‍ക്കം പരിഹരിച്ചത്. യൂസഫലിക്ക് നന്ദിയറിക്കുന്നതായും അദ്ദേഹത്തിന്റെ പെട്ടെന്ന് ഉണ്ടായ ഇടപെടല്‍ ഇപ്പോള്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസമാണെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
പിവിആര്‍ ഗ്രൂപ്പിന്റെ മിക്ക തിയേറ്ററുകളും ലുലു മാളില്‍ ആയതിനാലാണ് വിഷയത്തില്‍ ഇടപെടണം എന്ന് ഫെഫ്ക യൂസഫലിയോട് ആവശ്യപ്പെട്ടത്. മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖലയായ പിവിആര്‍ ഐനോക്‌സിന്റെ തിയറ്ററുകളില്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടല്‍ നിന്ന് പിന്മാറിയതായി ഫെഫ്ക അറിയിച്ചു. ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനിലും മലയാള സിനിമ പ്രദര്‍ശിപ്പിക്കാമെന്ന് പിവിആര്‍ അറിയിച്ചിട്ടുണ്ട് എന്നും ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കി.

നേരത്തെ ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിംഗ് പിവിആര്‍ ബഹിഷ്‌കരിച്ചിരുന്നു. മലയാള സിനിമകളുടെ ബുക്കിംഗ് ഏപ്രില്‍ 11 ന് പിവിആര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണം. യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരുന്നത്.
എന്നാല്‍ ഇത്തരം കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കിയതോടെ നിര്‍മ്മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. ഫോറം മാളില്‍ പിവിആര്‍ തുടങ്ങിയ പുതിയ തിയേറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാന്‍ സംഘടന ആവശ്യപ്പെട്ടു. ഇതാണ് തര്‍ക്കത്തിലേക്കും പിന്നീട് ബഹിഷ്‌കരണത്തിലേക്കും എത്തിയത്.
ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, ജയ് ഗണേഷ് എന്നീ ചിത്രങ്ങളെ ബഹിഷ്‌കരണം ബാധിച്ചിരുന്നു. ഇതോടെ വലിയ നഷ്ടമാണ് മലയാള സിനിമയ്ക്കുണ്ടായത് എന്നാണ് ഫെഫ്ക പറയുന്നത്. വിനീത് ശ്രീനിവാസന്‍, ബ്ലെസി, ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ അടക്കമുള്ളവര്‍ പിവിആറിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളും പിവിആറിനെതിരെ തിരിഞ്ഞിരുന്നു.
ബഹിഷ്‌കരണത്തെ തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം എന്നീ പ്രധാന കേന്ദ്രങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനം പിവിആര്‍ നടത്തിയിരുന്നില്ല. കൊച്ചി നഗരത്തില്‍ 22 സ്‌ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്‌ക്രീനുകളുമാണ് പിവിആര്‍ ഗ്രൂപ്പിനുള്ളത്. വിഷു പ്രമാണിച്ച് ബഹിഷ്‌ക്കരണം പിന്‍വലിച്ചെങ്കിലും ഫോറം മാളിലെയും കോഴിക്കോട് പി വി ആറിലെയും സ്‌ക്രീനുകള്‍ തല്‍ക്കാലം തുറക്കില്ല.












Click it and Unblock the Notifications