നടന്‍ ഉണ്ണി മുകുന്ദന്‍-മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കിയതായി ഫെഫ്ക
നടന്‍ ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറുമായുള്ള തര്‍ക്കം പരിഹരിച്ചു. ചലച്ചിത്ര സംഘടനകള്‍ ഇടപെട്ടതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്. എന്നാല്‍ ഉണ്ണി മുകുന്ദനെതിരെ വിപിന്‍കുമാര്‍ നല്‍കിയ പരാതിയിലെ പൊലീസ് നടപടികള്‍ തുടരും. വിപിന്‍ കുമാറിനെതിരെ ഉണ്ണി മുകുന്ദന്‍ സംസ്ഥാന ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
മുന്‍ മാനേജറായിരുന്ന വിപിന്‍കുമാറിനെ കൊച്ചി കാക്കനാട് ഫ്‌ളാറ്റില്‍ വച്ച് ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു എന്നായിരുന്നു ആരോപണം. വിപിന്‍കുമാറിന്റെ പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് കേസെടുത്തിരുന്നു. മുന്‍കൂര്‍ ജാമ്യം തേടി ഉണ്ണി മുകുന്ദന്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ചലച്ചിത്ര സംഘടനകള്‍ ഇടപെട്ടത്. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും താരസംഘടനയായ അമ്മയുമാണ് വിഷയത്തില്‍ ഇടപെട്ടത്. ഇരു സംഘടനകളും ഇക്കാര്യത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഉണ്ണി മുകുന്ദനെയും വിപിന്‍ കുമാറിനെയും ഒരുമിച്ചിരുത്തി ചലച്ചിത്ര സംഘടനകള്‍ ചര്‍ച്ച നടത്തിയത്. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനും താരസംഘടനയായ അമ്മയ്ക്കു വേണ്ടി അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളുമാണ് മീഡിയേഷന്‍ പങ്കാളികളായത്.
താരസംഘടനയായ അമ്മയുടെ കൊച്ചി ദേശാഭിമാനി റോഡിലെ ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍. ഉണ്ണി മുകുന്ദനും വിപിന്‍കുമാറുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞു പരിഹരിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ഇരുവരും പറഞ്ഞ ചില വസ്തുതകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഇരു സംഘടനകള്‍ക്കും വ്യക്തമായിട്ടുണ്ട്.
അതേസമയം, പൊലീസ് കേസില്‍ തല്‍ക്കാലം ഇടപെടേണ്ട എന്നുള്ളതാണ് ചലച്ചിത്ര സംഘടനകളുടെ തീരുമാനം. കേസ് അതിന്റെ വഴിക്ക് പോകട്ടെ, പൊലീസ് അന്വേഷിക്കട്ടെ എന്നതാണ് സംഘടനകളുടെ നിലപാട്. സിനിമകളുടെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലച്ചിത്ര സംഘടനകള്‍ ഇടപെടുകയും പ്രശ്‌ന പരിഹാരത്തിനും സമവായത്തിനും ശ്രമം നടത്തുകയും ചെയ്തത്. ഇത് വിജയിച്ചു എന്ന് തന്നെയാണ് ഇരു ചലച്ചിത്ര സംഘടനകളും നല്‍കുന്ന സൂചന.
തര്‍ക്കങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ പൊലീസ് കേസുമായി വിപിന്‍കുമാര്‍ മുന്നോട്ടു പോകില്ലെന്നാണ് ലഭിക്കുന്ന വിവരം. ചലച്ചിത്ര സംഘടനകള്‍ അക്കാര്യം തുറന്നു പറയുന്നില്ലെങ്കിലും പൊതുവിലുള്ള ധാരണ അതാണ് എന്നാണ് പുറത്തുവരുന്ന വിവരം. ടൊവിനോ തോമസ് ചിത്രമായ നരിവേട്ടയെ സമൂഹ മാധ്യമത്തില്‍ പ്രശംസിച്ചു എന്നതിന്റെ പേരില്‍ ഉണ്ണി മുകുന്ദന്‍ തന്റെ ഫ്‌ളാറ്റില്‍ എത്തി മര്‍ദിച്ചു എന്നായിരുന്നു മുന്‍ മാനേജര്‍ വിപിന്‍കുമാറിന്റെ പരാതി.
എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ലെന്നും ചില വസ്തുതകളില്‍ സത്യം തേടിയാണ് താന്‍ വിപിന്‍കുമാറിനെ കണ്ടതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ വിശദീകരണം. ഉണ്ണി മുകുന്ദന്‍ മുന്‍ മാനേജരെ മര്‍ദിച്ചു എന്നതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിനും കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ചലച്ചിത്ര സംഘടനകളുടെ ഇടപെടലില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയത്.












Click it and Unblock the Notifications