റാണ തരികിടയാണെന്ന് തോന്നി, ഞാന്‍ വരില്ലെന്ന് പറഞ്ഞു: രാഷ്ട്രീയക്കാർ ജാഗ്രത പുലർത്തണം: ശബരീനാഥന്‍
തിരുവനന്തപുരം: സ്ട്രോങ് ആന്റ് സേഫ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രവീണ്‍ റാണയെന്ന കെപി പ്രവീണിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. പൊള്ളാച്ചിയിലെ കരിങ്കൽ ക്വാറിയിൽ സന്യാസി വേഷത്തിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു പ്രതി പൊലീസ് പിടിയിലാവുന്നത്. കരിങ്കൽ ക്വാറിയിലെ തൊഴിലാളിയുടെ ഫോണിൽ നിന്ന് വീട്ടിലേക്ക് വിളിച്ചതോടെയാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. അതേസമയം തന്നെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, മന്ത്രി വാസവന്‍, ഉമ്മന്‍ചാണ്ടി, തുടങ്ങിയ പ്രമുഖർക്കൊപ്പമുള്ള പ്രവീണ്‍ റാണയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ പി സി സി ഭാരവാഹിയായ കെഎസ് ശബരീനാഥന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നത്.

എല്ലാ ചടങ്ങുകൾക്കും ആര് വിളിച്ചാലും രാഷ്ട്രീയക്കാർ പോകണം, പക്ഷെ ഇന്നത്തെ കാലത്ത് ഒരല്പം ജാഗ്രത നല്ലതാണ്...അല്ലെങ്കിൽ ഇത് പോലെ നമ്മൾ ചീത്തപ്പേര് കേൾക്കുമെന്നാണ് ശബരീനാഥന്‍ വ്യക്തമാക്കുന്നത്. അതോടൊപ്പം തനിക്കുണ്ടായ ഒരു അനുഭവവും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് ശബരീനാഥന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
തട്ടിപ്പ് വീരന്മാരുടെ ബ്രോക്കർമാരും അധികാരത്തിന്റെ ഇടനാഴികളും
---
തൃശ്ശൂർകാരൻ ഡോക്ടർ ആണെന്ന് സ്വയം വിശേഷിപ്പിക്കുന്ന റാണയെ ഒടുവിൽ പൊക്കി. ഈ കക്ഷി കുറച്ചു വർഷങ്ങളായി മാധ്യമചാനലിൽ ജീവിത കഥകൾ പങ്കുവെച്ച കാലം മുതലേ ഒരു സംശയം തോന്നിയതാണ്.
ചില മാധ്യമങ്ങൾ ഒട്ടും മോശമല്ല,പരസ്യ വരുമാനം കുറഞ്ഞപ്പോൾ ആരെയും അവർ വിദഗ്ധനാക്കും, അല്ലെങ്കിൽ അവാർഡ് കൊടുക്കും. അവർക്ക് ഒരു ലേബൽ ചാർത്തും. പലപ്പോഴും ഇവരുടെ കെണിയിൽ രാഷ്ട്രീയക്കാർ അറിയാതെ വീഴും.
ഇനി നടന്ന ഒരു സംഭവം പറയാം. ഒരു ദിവസം രാവിലെ ഒരു സഹപ്രവർത്തകൻ കൂടെ ഒരു എക്സിക്യൂട്ടീവ് ലൂക്കുള്ള ഒരു ചേട്ടനുമായി വിട്ടിൽ വന്നു.കയ്യിൽ ഒരു ക്ഷണക്കത്ത്.
ഡോ:റാണയുടെ വിവാഹമാണ് അടുത്ത ആഴ്ചയെന്നും ഞാൻ എത്തണമെന്നും ക്ഷണിച്ചു. വിവാഹത്തിന് വന്നില്ലെങ്കിലും ഡോ:റാണ വരുന്ന ദിവസങ്ങളിൽ തിരുവനന്തപുരത്തും എറണാകുളത്ത്തും നടത്തുന്ന സമൂഹവിവാഹമോ അതോ നിർധനരെ സഹായിക്കുന്ന പ്രോഗ്രാമോ( കൃത്യമായി ഓർമയില്ല) എത്തിച്ചേരമെന്ന് അപേക്ഷിച്ചു. രാഷ്ട്രീയകാരന്റെ സ്‌ഥിരം ശൈലിയിൽ നോക്കട്ടെ എന്ന് പറഞ്ഞു ഒഴിവാക്കി.
തിരുവനന്തപുരത്ത് ഈ ചടങ്ങ് നടക്കുന്ന ദിവസം സഹപ്രവർത്തകൻ നിലക്കാതെ വിളിക്കുകയാണ്. കൂടാതെ എക്സിക്യൂട്ടീവ് ചേട്ടനും വിളിക്കുന്നു. ഒടുവിൽ പാർട്ടിയിലെ സഹപ്രവർത്തകനോട് റാണ തരികിടയാണെന്ന് തോന്നുന്നു,അതിനാൽ ഞാൻ വരില്ല എന്നും പറഞ്ഞു.
അന്ന് വൈകുന്നേരത്തെ ചടങ്ങിൽ ഇതൊന്നും അറിയാതെ എല്ലാ പാർട്ടിയിലെയും പല നേതാക്കളും പങ്കെടുത്തു. അതിന്റെ ഫോട്ടോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങുകയാണ്.
എല്ലാ ചടങ്ങുകൾക്കും ആര് വിളിച്ചാലും രാഷ്ട്രീയക്കാർ പോകണം, പക്ഷെ ഇന്നത്തെ കാലത്ത് ഒരല്പം ജാഗ്രത നല്ലതാണ്...അല്ലെങ്കിൽ ഇത് പോലെ നമ്മൾ ചീത്തപ്പേര് കേൾക്കും












Click it and Unblock the Notifications