ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്, 'സഹകരിക്കില്ല'
കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ സല്യൂട്ട് ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫിയോക് നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ മരക്കാർ റിലീസുമായി ബന്ധപ്പെട്ടും വലിയ വിവാദമുണ്ടായിരുന്നതാണ്. ആ സമയത്ത് ദുൽഖറിന്റെ കുറുപ്പ് തിയറ്ററുകൾക്ക് നൽകിയിരുന്നു. കുറുപ്പിന്റെ വിജയത്തിന് ശേഷമുളള ദുൽഖറിന്റെ മലയാള ചിത്രമായ സല്യൂട്ട് 18ന് ആണ് ഒടിടി റിലീസിനെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഇന്ന് കൊച്ചിയില്‍ വെച്ച് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്‌സിക്യൂട്ട് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ദുല്‍ഖറിന്റെ സിനിമകളെ വിലക്കാനുളള തീരുമാനമെടുത്തത്. ദുല്‍ഖര്‍ നായകനായിട്ടുളള ഏറ്റവും പുതിയ ചിത്രം സല്യൂട്ട് റിലീസ് ചെയ്യുന്നത് തിയറ്ററുകളില്‍ അല്ല. ചിത്രം ഒടിടിക്ക് നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിലക്ക്.

കഴിഞ്ഞ ജനുവരിയില്‍ സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുളള ധാരണ ഉണ്ടായിരുന്നു എന്നാണ് തിയറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്. എന്നാല്‍ കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് നീണ്ട് പോവുകയായിരുന്നു. കൊവിഡ് സാഹചര്യം മാറി തിയറ്ററുകള്‍ 100 ശതമാനം ഒക്യുപെന്‍സിയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്.

ഈ ഘട്ടത്തിലും സിനിമ തിയറ്ററില്‍ റിലീസ് ചെയ്യാതെ ഒടിടിക്ക് കൊടുക്കുന്നതില്‍ ആണ് ഫിയോകിന്റെ പ്രതിഷേധം. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ ആദ്യമായി മുഴുനീള പോലീസ് വേഷത്തില്‍ എത്തുന്ന സല്യൂട്ട് റോഷന്‍ ആന്‍ഡ്രൂസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഇനി ദുല്‍ഖര്‍ സല്‍മാന്റെയും വേഫറെര്‍ ഫിലിംസിന്റെയും സിനിമകളുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഫിയോകിന്റെ തീരുമാനം. ദുല്‍ഖറിന്റെ ഇതര ഭാഷാ ചിത്രങ്ങള്‍ അടക്കമുളളവ ഇനി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതാദ്യമായല്ല ഒടിടി റിലീസുകള്‍ക്ക് എതിരെ തിയറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് വരുന്നത്. മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍-അറബിക്കടലിന്റെ സിംഹം ഒടിടിക്ക് നല്‍കാനുളള ആലോചനയ്ക്ക് എതിരെ ഫിയോക് ശക്തമായി രംഗത്ത് വന്നിരുന്നു.

കൊവിഡിന് ശേഷം തിയറ്റര്‍ തുറന്നപ്പോള്‍ തിയറ്റര്‍ ഉടമകള്‍ക്ക് വലിയ പ്രതീക്ഷയുളള ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ മരക്കാര്‍ ഒടിടി റിലീസ് ചെയ്യാന്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തീരുമാനിച്ചതോടെ ഫിയോക് വലിയ വിമര്‍ശനവുമായി രംഗത്ത് വന്നു. ഫിയോക് ഭാരവാഹിയായ വിജയകുമാര്‍ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും എതിരെ തുറന്നടിച്ച് രംഗത്ത് വന്നിരുന്നു. പിന്നീട് മന്ത്രി സജി ചെറിയാന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയാണ് മരക്കാര്‍ തിയറ്ററുകളിലെത്തിയത്.

എന്നാല്‍ മോഹന്‍ലാലിന്റെ മറ്റൊരു ചിത്രമായ ബ്രോ ഡാഡി ഒടിടിയില്‍ ആയിരുന്നു റിലീസ്. ദൃശ്യം 2 ഒടിടിക്ക് നല്‍കിയതിലും ഫിയോകിന് എതിര്‍പ്പുണ്ടായിരുന്നു. മരക്കാര്‍ വിവാദത്തിന് പിന്നാലെ സംഘടനയില്‍ നിന്ന് ആന്റണി പെരുമ്പാവൂര്‍ രാജി വെച്ചു. അതിനിടെ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ഒടിടിക്ക് നല്‍കാതെ തിയറ്റര്‍ റിലീസ് ആയിരുന്നു നടത്തിയത്. തുടര്‍ന്ന് ചിത്രത്തിന് വലിയ പിന്തുണ ആയിരുന്നു തിയറ്റര്‍ ഉടമകളുടെ സംഘടന നല്‍കിയത്.












Click it and Unblock the Notifications