തനി ഫ്യൂഡൽ മാടമ്പിത്തരം: കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിപി ദുല്‍ഖിഫില്‍
കോഴിക്കോട് കോർപ്പറേഷനിലേക്ക് മേയർ സ്ഥാനാർത്ഥിയായി സംവിധായകന്‍ വിഎം വിനുവിനെ രംഗത്ത് ഇറക്കി കളം നിറയാനായിരുന്നു യുഡിഎഫ് നീക്കം. തീരുമാനിച്ചുറപ്പിച്ചത് പോലെ വിനുവിനെ സ്ഥാനാർത്ഥിയാക്കി യുഡിഎഫ് പ്രചരണവും തുടങ്ങി. എന്നാല്‍ പിന്നീടാണ് വിനുവിന് കോർപ്പറേഷനില്‍ വോട്ട് ഇല്ലെന്ന് അറിയുന്നത്. എല്‍ഡിഎഫിനെതിരേയും സർക്കാറിനെതിരേയും ആരോപണം ഉന്നയിച്ചും കോടതിയില്‍ പോയും പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും എല്ലാ നീക്കവും പരാജയപ്പെട്ടു. ഒടുവില്‍ വിനുവിന് പകരം കല്ലായി ഡിവിഷനില്‍ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തടിതപ്പുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
വിനുവിന്റെ പത്രിക തള്ളിപ്പോയത് കോഴിക്കോട് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മാറിയതോടെ പാർട്ടിക്കുള്ളില്‍ നിന്ന് നിന്ന് വിമർശനവും ഉയർന്ന് കഴിഞ്ഞു. 'വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു. തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു..' എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിപി ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

തനി ഫ്യൂഡൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന ചില കോൺഗ്രസ് നേതാക്കന്മാരാണ് ഇന്ന് ഈ പാർട്ടിയുടെ ശാപം.അവർക്ക് ജയിൽവാസം ഒരു വിഡ്ഢിത്തരം ആണ്, ഉപവാസത്തോടു പുച്ഛവും. ഇവർ ഗാന്ധിയുടെയും നെഹ്റുവിന്റെയും പാർട്ടിയിൽ ആണല്ലോ പ്രവർത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോൾ ഭയമാണ് തോന്നുന്നത്.വോട്ടില്ലാത്തവർക്ക് വീട്ടിൽ പോയി ഷാൾ അണിയിച്ചു സ്ഥാനാർത്ഥിത്വം കൊടുക്കാൻ ശ്രമിക്കുന്നു.
തോൽക്കും എന്ന് ഉറപ്പുള്ള കേസിൽ കോടതിയിൽ പോയി വാദിക്കുന്നു..ലാത്തി കൊണ്ട് തല്ലു വാങ്ങിയവർക്കും ജയിൽവാസം അനുഷ്ഠിച്ചവർക്കും വിജയ സാധ്യത കുറവുള്ള സീറ്റിൽ പോലും അതിനേക്കാൾ വലിയ പോരാട്ടം നടത്തേണ്ടി വരുന്നത് അപമാനകരമാണ്. ഇരുപതും മുപ്പതും വർഷം മത്സരിച്ചവർക്ക് തന്നെ വീണ്ടും സീറ്റ് കൊടുക്കാൻ നേതൃത്വത്തിന് ഒരു മടിയുമില്ല.തങ്ങളുടെ കൂടെ നിൽക്കുന്നവരാണെങ്കിൽ എന്തു തോന്നിവാസം ചെയ്താലും ഞങ്ങൾ സീറ്റു കൊടുക്കും,മുഖത്തുനോക്കി അഭിപ്രായങ്ങൾ പറഞ്ഞാൽ എന്ത് വില കൊടുത്തും അവനെ അവസാനിപ്പിക്കും.
പ്രവർത്തകന്റെ വികാരത്തിന് അനുസരിച്ച് നിൽക്കുമ്പോൾ അതു പക്വതയില്ലാത്ത പെരുമാറ്റം ആണെന്ന് വിമർശിക്കുന്ന നേതൃത്വം വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയപ്പോൾ എന്ത് പക്വതയാണ് കാണിച്ചത്?സ്കൂൾ തെരഞ്ഞെടുപ്പിൽ കെഎസ്‌യു പ്രവർത്തകർ ഇതിനേക്കാൾ ജാഗ്രത കാണിക്കും, അച്ചടക്കത്തിന്റെ വാളുമായി വരേണ്ടതില്ല ഇതിനെതിരെ പോരാടാൻ തന്നെയാണ് തീരുമാനം.അടികൊണ്ട എണ്ണവും ജയിലിൽ പോയ ദിവസങ്ങളുടെ എണ്ണവും ഹരിച്ചു നോക്കിയാൽ അഞ്ചു ശതമാനം സീറ്റുപോലും കൊടുക്കാൻ നേതൃത്വം തയ്യാറായില്ല.
ആ കാര്യത്തിൽ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടാണ്, സമരത്തിൽ പങ്കെടുക്കാതെ സംഘടപ്രവർത്തനം നടത്താതെ മറ്റു പല താൽപര്യത്തിന്റെയും പേരിൽ വരുന്ന ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിൽ കെട്ടിവയ്ക്കേണ്ട.അത് അനുവദിക്കാനും വയ്യ. മറ്റു ചിലത് പറയാനുണ്ട് ഉചിതമായ സമയത്ത് ഉചിതമായ നേരത്ത് അതും പറയും.












Click it and Unblock the Notifications