'ഒടിടി കൊണ്ട് നിലനിൽക്കട്ടെ', ദുല്‍ഖര്‍ സല്‍മാന് എതിരെ ആഞ്ഞടിച്ച് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍
കൊച്ചി: വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ നടന്‍ ദുല്‍ഖര്‍ സല്‍മാന് എതിരെ ആഞ്ഞടിച്ച് ഫിയോക് പ്രസിഡണ്ട് വിജയകുമാര്‍. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ സല്യൂട്ട് ഒടിടി റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫിയോക് താരത്തിനും നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസിനും വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തിയറ്ററുകള്‍ വളര്‍ത്തിയ താരങ്ങള്‍ തന്നെ തിയറ്ററുകള്‍ക്ക് എതിരെ ആഞ്ഞ് കുത്തുമ്പോള്‍ അതിന് എതിരെയുളള പ്രതികരണമാണിത് എന്ന് വിജയകുമാര്‍ പ്രതികരിച്ചു.

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ സമയത്ത് കുറുപ്പ് തിയറ്ററുകള്‍ക്ക് നല്‍കാനുളള തീരുമാനമെടുത്ത് തിയറ്റര്‍ ഉടമകളുടെ കയ്യടി വാങ്ങിയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. വലിയ പിന്തുണയാണ് ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്‍കിയത്. ചിത്രം വലിയ ഹിറ്റായി മാറുകയും ചെയ്തു. അന്ന് തിയറ്ററുകാരെ സഹായിച്ച ദുല്‍ഖറിനെ ആണോ ഇപ്പോള്‍ വിലക്കുന്നത് എന്ന് ഫിയോകിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല ബ്രോ ഡാഡി ഒടിടി റിലീസ് ചെയ്ത മോഹന്‍ലാലിനെതിരെ വിലക്കില്ലേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.

എന്നാല്‍ കുറുപ്പ് കൊണ്ട് തിയറ്ററുകള്‍ക്ക് മാത്രമല്ല ദുല്‍ഖറിനും നേട്ടമുണ്ടായിട്ടുണ്ടെന്ന് വിജയകുമാര്‍ പറയുന്നു. കേരളത്തിലെ തിയറ്ററുകാരാണ് കുറുപ്പിന് വേണ്ടി ഏറ്റവും കൂടുതല്‍ പരസ്യം ചെയ്തത്. അതുകൊണ്ട് പടത്തിന് വലിയ കളക്ഷന്‍ വന്നു.. സാമ്പത്തികമായും അല്ലാതെയുമുളള നേട്ടമുണ്ടായിട്ടുളളത് ദുല്‍ഖര്‍ സല്‍മാനാണ്. മലയാള സിനിമയില്‍ സ്റ്റാര്‍ഡമിലേക്ക് ദുല്‍ഖര്‍ ഈസി ആയി നടന്ന് കയറിയത് അതുകൊണ്ടാണ് എന്നും വിജയകുമാര്‍ പറഞ്ഞു.

തിയറ്ററുകാര്‍ അദ്ദേഹത്തോട് കാണിക്കുന്ന നന്ദിയും സ്‌നേഹവും തിരിച്ച് കാണിക്കാനുളള ബാധ്യത ദുല്‍ഖറിനുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. പുതിയ ചിത്രമായ സല്യൂട്ട് തിയറ്ററില്‍ റിലീസ് ചെയ്യുന്നതിന് ജനുമതി 14ന് കരാര്‍ ഒപ്പിട്ടതാണ് എന്ന് ഫിയോക് അധ്യക്ഷന്‍ പറയുന്നു. തിയറ്ററുകളില്‍ ഫ്‌ളക്‌സ് വെക്കുകയും പ്രമോഷന്‍ ആരംഭിക്കുകയും ചെയ്തു. ചില തിയറ്ററുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗും തുടങ്ങി.

ഒടിടി റിലീസ് ചെയ്യുന്നതായി പ്രഖ്യാപനം വന്നപ്പോഴാണ് തിയറ്ററുകാര്‍ കാര്യം അറിയുന്നതെന്നും വിജയകുമാര്‍ പറഞ്ഞു. തിയറ്ററുകള്‍ക്ക് വേണ്ടി കരാര്‍ ഒപ്പിട്ട ശേഷം ഒടിടിക്ക് കൊടുക്കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ട്. കൊവിഡിന് ശേഷം ഇപ്പോള്‍ തിയറ്ററുകള്‍ 100 ശതമാനം തുറന്ന് കൊടുത്തു. ആളുകള്‍ തിയറ്ററുകളിലേക്ക് വരാന്‍ തുടങ്ങി. ഈ സമയത്ത് തിയറ്ററുകള്‍ കാരണം താരങ്ങളായ ആളുകള്‍ അവരുടെ ചിത്രങ്ങള്‍ തന്ന് തങ്ങളെ പിന്തുണയ്‌ക്കേണ്ടതാണ്.












Click it and Unblock the Notifications