സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം; മലപ്പുറത്ത് മരിച്ചത് അച്ഛനും മകനും, വയനാട്ടിലും പനി മരണം
മലപ്പുറം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് വീണ്ടും മരണം. മലപ്പുറം പൊന്നാനിയില്‍ അച്ഛനും മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. എഴുപതുകാരനും മകനായ 44കാരനും ഈ മാസം 24, 28 എന്നീ തീയതികളിലാണ് മരിച്ചത്. പനി ഗുരുതരമായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാമ്പിള്‍ പരിശോധന ഫലം പുറത്തുവന്നതോടെ എലിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനിടെ മലപ്പുറം ജില്ലയില്‍ എച്ച് 1 എന്‍ 1 വൈറസ് ബാധിച്ചും മരണം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് 13കാരനായ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. എച്ച് 1 എന്‍1 മൂലമാണ് മരിച്ചതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിരുന്നു. അതേസമയം, വയനാട്ടിലും പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചിരുന്നു.

അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് കടുത്ത പനിയും വയറിളക്കവുമായിരുന്നു. ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ കുട്ടിയാണ് പനി ബാധിച്ച് മരിക്കുന്നത്. കടുത്ത പനിയെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പനി മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുക. ഇതിനിടെ കുട്ടിയുടെ സഹോദരനും പനി ലക്ഷണങ്ങളോടെ ഇന്ന് കല്‍പ്പറ്റ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പനി ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം, പകര്‍ച്ചപ്പനി പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ചേര്‍ന്നു. ജില്ലകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍മാര്‍ വിവരിച്ചു.
മഴക്കാലത്ത് പകര്‍ച്ചപ്പനി തടയുന്നതിന് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആമുഖമായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2023ല്‍ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത മുന്നില്‍ക്കണ്ട് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. അതില്‍ ജില്ലാ കളക്ടര്‍മാരുടെ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ കൂടിയാണ് യോഗം വിളിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യം, റവന്യൂ, പി.ഡബ്ല്യു.ഡി, പോലീസ് തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ക്കുന്നതിന് കളക്ടര്‍മാര്‍ മുന്‍കൈയ്യെടുക്കണം. എല്ലാ വാര്‍ഡുകളിലേയും ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. കളക്ടര്‍മാര്‍ അടിയന്തരമായി യോഗം ചേര്‍ന്ന് യോഗത്തിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം. സ്വകാര്യ ആശുപത്രികളുടെ യോഗം കളക്ടര്‍മാര്‍ വിളിച്ചു ചേര്‍ക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിബാധിതര്‍ക്ക് പ്രത്യേക സ്ഥലം കണ്ടെത്തണം. റവന്യൂ വകുപ്പിന്റെ പൂര്‍ണ പിന്തുണയും മന്ത്രി നല്‍കി.
ഡെങ്കി പ്രതിരോധത്തില്‍ ഉറവിട നശീകരണം വളരെ പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് നശീകരണത്തിനുള്ള ഫോഗിംഗ് ശാസ്ത്രീയമായി നടത്തണം. തദ്ദേശ സ്ഥാപനതലത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ യോഗം ചേരാന്‍ തദ്ദേശ വകുപ്പ് മന്ത്രിയുമായുള്ള യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍ എന്നിവര്‍ ശ്രദ്ധിക്കണം. മണ്ണിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. കൈയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. തദ്ദേശ സ്ഥാപനങ്ങള്‍ അതുറപ്പാക്കണം. സ്വകാര്യ ആശുപത്രികള്‍ അമിത ഫീസ് ഈടാക്കരുത്. ജില്ലാ കളക്ടര്‍മാര്‍ അവരുടെ യോഗം വിളിക്കുമ്പോള്‍ ചികിത്സാ പ്രോട്ടോകോള്‍ ഉറപ്പാക്കാനും നിര്‍ദേശം നല്‍കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications