വന്‍ പ്രതീക്ഷകളുമായി തായ്ലാന്റിലേക്ക് വിമാനം കയറി: തട്ടിപ്പിന് ഇരയായ 15 മലയാളികളെ തിരികെ എത്തിച്ചു
തിരുവനന്തപുരം: മ്യാൻമാർ-തായ്‌ലൻഡ് അതിർത്തിയിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാർ തിരിച്ചെത്തുന്നു. തായ്‌ലൻഡിൽ നിന്ന് ഡൽഹിയിലെത്തിച്ച 578 പേരിൽ 15 മലയാളികളുണ്ട്. ഇവരിൽ 14 പേരെ ഇന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെത്തിക്കും. ആദ്യ ബാച്ചിലെത്തിയ ഒരു മലയാളി കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്താവളത്തിലെത്തി.
മ്യാൻമാറിലെ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ. പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടവരാണിവർ. ഒക്ടോബറിൽ മ്യാൻമാർ സൈന്യം നടത്തിയ റെയ്ഡിനെ തുടർന്ന് ഇന്ത്യക്കാർ ഉൾപ്പെടെ 2200 ഓളം പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 445 വനിതകളും ഉൾപ്പെടുന്നു. രക്ഷപ്പെട്ടവർ തായ്‌ലൻഡിലേക്ക് കടന്നെങ്കിലും അനധികൃത പ്രവേശനത്തിന് പിടിയിലായി.

നവംബർ 6, 10 തീയതികളിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തായ്‌ലൻഡിലെ മേ സോട്ടിൽ നിന്ന് ഡൽഹി ഹിൻഡൻ എയർബേസിലെത്തിച്ചു. ബാങ്കോക്കിലെ ഇന്ത്യൻ എംബസിയുടെയും ചിയാങ് മായിയിലെ കോൺസുലേറ്റിന്റെയും ഇടപെടലിൽ തായ്‌ലൻഡ് സർക്കാരിന്റെ സഹകരണത്തോടെയാണ് തിരിച്ചെത്തിച്ചത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ വഴി കുടുങ്ങിയവർ
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാർ വഴി സൈബർ സ്കാമിങ്, ഓൺലൈൻ പ്രണയ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ചൂതാട്ടം, കള്ളപ്പണ ഇടപാടുകൾ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിർബന്ധിതരാക്കപ്പെട്ടവരാണ് തിരിച്ചെത്തിയവർ. ഇവരിൽ 26 വനിതകളും ഉൾപ്പെടുന്നു.
തട്ടിപ്പിനെതിരെ നോർക്കയുടെ മുന്നറിയിപ്പ്
വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെ നോർക്ക ഓപ്പറേഷൻ ശുഭയാത്രയിലൂടെ പരാതി നൽകാം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ്, കേരള പോലീസ്, നോർക്ക റൂട്ട്സ് എന്നിവ സംയുക്തമായി നടപ്പാക്കുന്നു.
പരാതികള്‍ [email protected], [email protected] എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാം. അംഗീകാരമുളള ഏജന്‍സികള്‍ വഴിയോ നിയമപരമായോ മാത്രമേ പഠനത്തിനോ ഉദ്യോഗത്തിനോ വിദേശരാജ്യത്തേയ്ക്ക് യാത്രകള്‍ ചെയ്യാവൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്ബ്പോര്‍ട്ടല്‍ മുഖേന റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് ലൈസന്‍സുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
അപേക്ഷ ക്ഷണിച്ചു
പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുന്‍ പ്രവാസികളുടേയും മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.












Click it and Unblock the Notifications