കനത്ത പോരാട്ടം നടന്നത് ഈ 4 മണ്ഡലങ്ങളിൽ; തൃശൂരിൽ 20,000 വരെ ഭൂരിപക്ഷം കിട്ടുമെന്ന് കെപിസിസി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളിൽ കനത്ത മല്‍സരമെന്ന വിലയിരുത്തലുമായി കെ പി സി സി. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് പോരാട്ടം കടുത്തതെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ച നടന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം നടന്ന കണ്ണൂരിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് യു ഡി എഫ് സ്ഥാനാർത്ഥി. എൽ ഡി എഫിമായി സി പി എം ജില്ലാ സെക്രട്ടറി എംവി ജയരാജനായിരുന്നു മത്സരിച്ചത്. സി രഘുനാഥനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി. തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവയില്‍ ഇരിക്കൂറും പേരാവൂരും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. ഇവിടെ പോളിംഗ് കുറഞ്ഞതിൽ യു ഡി എഫ് ആശങ്കയിലാണ്.

അതേസമയം പാലക്കാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടന്നത്. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എം പി വി കെ ശ്രീകണ്ഠനും എൽ ഡി എഫിനായി എ വിജയരാഘവനുമാണ് മത്സരിച്ചത്. ഇത്തവണ ജില്ലയിലും പോളിംഗ് കുറഞ്ഞിരുന്നു. കോൺഗ്രസ് കോട്ടകളിലൊന്നാണ് മാവേലിക്കര. കൊടിക്കുന്നിൽ ആണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി. യുവ നേതാവായ സി എ അരുൺകുമാറാണ് ഇടതുപക്ഷത്തിനായി ഇറങ്ങിയത്. അറ്റിങ്ങലിൽ സിപിഎമ്മിന്‍റെ തിരുവനന്തപുരം ജില്ലയിലെ കരുത്തനായ വി ജോയിയും യു ഡി എഫിനായി അടൂർ പ്രകാശുമാണ് ഏറ്റുമുട്ടിയത്. മന്ത്രി വി മുരളീധരനായിരുന്നു ബി ജെ പിക്കായി മത്സരിച്ചത്.
അതേസമയം ഇത്തവണ തൃശൂരില്‍ കെ മുരളീധരന് വിജയം ഉറപ്പാണെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും ഹസന്‍ പറഞ്ഞു. 20 ലോക്സഭ മണ്ഡലങ്ങളിലും ഇത്തവണ യു ഡി എഫിന് അനുകൂലമാണെന്നാണ് നേരത്തേ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്. 11 ഇടത്താണ് എൽ ഡി എഫ് വിജയം ഉറപ്പിക്കുന്നത്. അതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെ പി സി സി അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം പോയെന്നും വിമര്‍ശനവും യോഗത്തിൽ ഉണ്ടായി.












Click it and Unblock the Notifications