'ബഹളം വച്ചവരുടെ ഉദ്ദേശ്യം സിനിമ കാണുകയല്ല; കുട്ടികളോട് ഒരു തരത്തിലും ദേഷ്യവുമില്ല: രഞ്ജിത്
തിരുവനന്തപുരം: ഐ എഫ് എഫ് കെ സമാപന വേദിയിലുണ്ടായ പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ചലച്ചിത്ര മേള വന്‍ വിജയമാണെന്നും പൊലീസ് നടപടിയില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദിയില്‍ കേട്ടത് കൂവലല്ല, അപശബ്ദങ്ങളാണെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ചലച്ചിത്ര മേള എന്ന് പറയുമ്പോള്‍ ഏറ്റവും ആദ്യം നമ്മള്‍ പരിഗണിക്കേണ്ടത് നല്ല സിനിമകളെയാണ്. അത് സാധിച്ചിട്ടുണ്ട്. അത് കാര്യമായി നോക്കിക്കാണാന്‍ കഴിഞ്ഞവരുമുണ്ട്. അവര്‍ സന്തുഷ്ടരാണ്. വേദിയില്‍ കേട്ടതൊന്നും കൂവലല്ല. കുറച്ച് അപശബ്ദങ്ങളാണ്. ലിജോ വിളിച്ചിരുന്നു. സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയില്‍ അദ്ദേഹത്തിന് ഒരുപാട് സന്തോഷമുണ്ടെന്നും രഞ്ജിത് പറഞ്ഞു.

കൂവലുണ്ടാകുമെന്ന കാര്യം ഞാന്‍ ലിജോയോടും പറഞ്ഞിരുന്നു. ആ വിഷയം വിട്ടേക്കാനാണ് അദ്ദേഹവും പറഞ്ഞത്. നന്‍പകല്‍ നേരത്ത് മയക്കം സിനിമ ഞാന്‍ കണ്ടതാണ്. അത് തീയേറ്ററില്‍ റിലീസ് ചെയ്യും. അപ്പോള്‍ എല്ലാവര്‍ക്കും കാണാം. സിനിമ റിസര്‍വേഷന്‍ ചെയ്തിട്ട് കാണാത്താവരെ അക്കാദമി നേരിട്ട് വിളിച്ചിരുന്നു. കാര്യഗൗരവങ്ങള്‍ മനസിലാക്കി അവരുടെ രജിസ്റ്റര്‍ നമ്പര്‍ വാങ്ങി പിറ്റേ ദിവസം അടുത്ത ഷോയില്‍ അവരെ സിനിമയ്ക്ക് കയറ്റുകയും ചെയ്തിട്ടുണ്ട്.

സിനിമ കാണുകയല്ല, ബഹളം വച്ചവരുടെ ഉദ്ദേശ്യം. ആ കുട്ടികളോട് ഒരു തരത്തിലും ദേഷ്യവുമില്ല. അക്കാദമി വിളിച്ച് പറഞ്ഞത് കൊണ്ടല്ല പൊലീസ് വന്നത്. ലമാപന വേളയില്‍ കൂവലൊന്നും ഉണ്ടായിട്ടില്ല. എന്നെ ആരും നൂലില്‍കെട്ടി ഇറക്കി വിട്ടതൊന്നുമല്ല. ഇവിടെ ഇറങ്ങിയ സിനിമകള്‍ തീയേറ്ററില്‍ പോയി ആര് കാണുമെന്ന് പറഞ്ഞത് ലിജോയുടെ സിനിമയെ ഉദ്ദേശിച്ച് പറഞ്ഞതല്ല.

ഇതിന് മുമ്പ് ശ്യാമപ്രസാദിന്റെ ഇലക്ട്ര എന്ന സിനിമ ഐ എഫ് എഫ് കെയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കൈരളി തീയേറ്ററിന്റെ ചില്ല് വാതിലുകള്‍ തകര്‍ത്താണ് ആളുകല്‍ കയറിയത്. എന്നാല്‍ ആ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണാന്‍ ആധികം ആരും ഉണ്ടായിരുന്നില്ലെന്നും രഞ്ജിത് പറഞ്ഞു.

അതേസമയം, സമാപന സമ്മേളനത്തില്‍ ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെ കാണികളില്‍ ഒരു വിഭാഗം കൂവലോടെ സ്വീകരിച്ചത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്നാണ് രഞ്ജിത്ത് ആ സമയത്ത് പ്രതികരിച്ചത്. ഈ ചടങ്ങിലേക്ക് ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. അവരോട് ഞാന്‍ പറഞ്ഞു, ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് അതിന് സാക്ഷിയാകാന്‍ വരുന്ന ഭാര്യേ സ്വാഗതം എന്ന്. കൂവലൊന്നും പുത്തരിയല്ല.

1976ല്‍ എസ്എഫ്ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമേ അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട- രഞ്ജിത്ത് പറഞ്ഞു. അതേസമയം, മേളയ്ക്ക് സമാപനം കുറിച്ചതിന് പിന്നാലെ രഞ്ജിത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ആരാണ് ഹേ താങ്കളുടെ കുട്ടികള്‍? ജോലികൂലിയില്‍ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവില്‍ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇന്‍ഫാന്റലൈസേഷന്‍ നടത്തി ' നീയൊരു കുട്ടിയാണ് ' എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..?

നല്ല നിലയില്‍ നടന്നു വന്ന മേളയിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും വിനീതമാകാനും കഴിയാത്തയാള്‍ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്. ആ കൂവല്‍ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications