'മൗനം വെടിയാൻ സമയമായി, ചില കാര്യങ്ങൾ പറയാനുണ്ട്';ഡബ്ല്യുസിസിയോട് 3 ചോദ്യങ്ങൾ, ലിജു കൃഷ്ണക്ക് പിന്തുണ
കൊച്ചി: പടവെട്ട് സിനിമ സംവിധായകൻ ലിജു കൃഷ്ണയെ പിന്തുണച്ചും ഡബ്ല്യുസിസിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയും ചലച്ചിത്ര പ്രവർത്തക രജ്ഞിനി അച്യുതൻ. സിനിമയുുടെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ് പരിഭാഷ എന്നിവ നിർവ്വഹിച്ചത് രഞ്ജിനി ആയിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ലിജുവിനെതിരായ കേസ് ഡബ്ല്യുസിസി ഏറ്റെടുത്തതെന്നും മൗനം വെടിയാൻ സമയമായെന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
നടിയും ഡബ്ല്യുസിസി അംഗവുമായ ഗീതുമോഹൻദാസിനെതിരെ ലിജു കൃഷ്ണ നേരത്തേ രംഗത്തെത്തിയിരുന്നു. സിനിമയുടെ തിരക്കഥയിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടപ്പോൾ ചെയ്യാത്തതിന് അവർ തന്നെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ലിജു കൃഷ്ണ ആരോപിച്ചത്. ഇതിന് മറുപടിയുമായി ഡബ്ല്യുസിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയുടെ കുറിപ്പ് ,വായിക്കാം

WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങൾ താഴെ പറയുന്നവയാണ്.
1.
തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.
ഞാൻ അറിഞ്ഞടുത്തോളം പ്രസ്തുത വ്യെക്തി 2020 മാർച്ച് മാസത്തിൽ ആണ് ആദ്യമായി സോഷ്യൽ മീഡിയ വഴി ലിജുവിനെ പരിചയ പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായ് പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും പൂർത്തികരിക്കപ്പെട്ടിരുന്നു.ഞാനും എന്റെ ഭർത്താവ് ഗോവിന്ദ വസന്തയും ഉൾപ്പെടുന്ന എല്ലാ ടെക്നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ൽ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാർഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.

എല്ലാ കാസ്റ്റ് ആൻഡ് ക്രൂ മെമ്പേഴ്‌സും 2019 ഡിസംബർ മാസം മുതൽ തന്നെ സണ്ണിവേയിൻ പ്രൊഡക്ഷൻസിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയിൽ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷൻ ഹൗസ് സിനിമ ഏറ്റെടുത്തപ്പോൾ, അവരുടെ ലീഗൽ ടീം എഗ്രിമെന്റുകൾ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു അഗ്രിമെന്റ്റിലും ഉൾപ്പെട്ടിട്ടില്ല.

കൂടാതെ സിനിമയിലെ ഡയറക്ഷൻ ടീമിനോടും, പ്രൊഡക്ഷൻ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാൻ വ്യക്തിപരമായി സംസാരിച്ചപ്പോൾ അവർ എല്ലാം ഒരേ സ്വരത്തിൽ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യതി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭർത്താവോ ഇങ്ങനെ ഒരു വ്യക്തി വർക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല. ക്രൂ മെമ്പേഴ്സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച മാലൂർ എന്ന ഗ്രാമത്തിലെ മുഴുവൻ ജനതയോടും നിങ്ങൾക്ക് ഈ കാര്യം അന്വേഷിച്ചാൽ ബോധ്യപ്പെടുന്നതാണ്.അത്കൊണ്ട് തന്നെ ഇത് ഒരു വർക്ക്‌പ്ലെയ്സ് ഹാരസ്മെന്റ് അല്ല എങ്കിൽ, പിന്നെ എന്ത് അടിസ്ഥാനത്തിൽ ആണ് WCC ഈ കേസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയിൽ ICC ഉണ്ടായിരുന്നില്ല.
എന്റെ അറിവിൽ മലയാള സിനിമയിൽ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് "1744 White Alto" എന്ന സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്.
ഇതിനു ശേഷം 2022 മാർച്ചിൽ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ "കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം" എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂർത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനിൽക്കുന്നതല്ല.
3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം
ഈ കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇതിനെ കുറിച്ച് ചർച്ചചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
സത്യം വിജയിക്കട്ടെ !












Click it and Unblock the Notifications