യുവതിയോട് അപമര്യാദയായി പെരുമാറി; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മലയാള ചലച്ചിത്രങ്ങളുടെ സിലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന സംവിധായികയോട് മോശമായി പെരുമാറി എന്ന കേസില്‍ പ്രതിയായ സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ചലച്ചിത്ര മേളയിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പിനിടെ ഹോട്ടലില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നാണ് സംവിധായകയുടെ പരാതി. പിടി കുഞ്ഞുമുഹമ്മദിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി പൊലീസിനോട് തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.
കഴിഞ്ഞ മാസം ആറിനാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ച് സംഭവം നടന്നത്. സിനിമകളുടെ സ്‌ക്രീനിങ്ങിനു ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് മോശമായി പെരുമാറി എന്നാണ് കേസ്. മുഖ്യമന്ത്രിക്ക് യുവതി കൈമാറിയ പരാതി പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം പിടി കുഞ്ഞുമുഹമ്മദിനെതിരേയുള്ള പരാതിയില്‍ മൃദുസമീപനം സ്വീകരിക്കുന്ന സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ശക്തമായി കോണ്‍ഗ്രസിനെയും പാര്‍ട്ടി നേതൃത്വത്തെയും വിമര്‍ശിച്ച മുഖ്യമന്ത്രി പിടി കുഞ്ഞുമുഹമ്മദിന്റെ വിഷയത്തില്‍ പരാതി പൊലീസിന് കൈമാറാന്‍ വൈകിയതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
പരാതിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ പിടി കുഞ്ഞു മുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും യുവതി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പിടി കുഞ്ഞുമുഹമ്മദിന്റെ നിലപാട്. വിഷയത്തില്‍ നടി മാലാ പാര്‍വതി അടക്കമുള്ളവര്‍ സിപിഎമ്മിനെതിരേ ശക്തമായി രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications