ആഷിഖ് അബുവില്‍ നിന്ന് എന്ത് പഠിക്കാനാണ്..? എന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടി; അടൂര്‍ ഗോപാലകൃഷ്ണന്‍
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിന് എതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി എന്നിവര്‍ക്കെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് യുവ സംവിധായകര്‍ക്ക് എതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയത്.
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തിന് എതിരായ സമരത്തിന് ആഷിഖ് അബു, രാജീവ് രവി, ജിയോ ബേബി, അമല്‍ നീരദ് തുടങ്ങിയ പുതുതലമുറ സംവിധായകര്‍ പിന്തുണ അര്‍പ്പിച്ചിരുന്നു. കൂടാതെ അടൂര്‍ ഗോപാലകൃഷ്ണന്റെ ജാതീയ പരാമര്‍ശങ്ങളേയും ഇവര്‍ വിമര്‍ശിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം.

ആഷിഖ് അബു, രാജീവ് രവി തുടങ്ങിയ നിരവധി യുവ സംവിധായകര്‍ ഈ വിഷയത്തില്‍ നിങ്ങളെ വിമര്‍ശിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് പബ്ലിസിറ്റിക്ക് വേണ്ടിയാണ് അവര്‍ തന്നെ വിമര്‍ശിക്കുന്നത് എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി. അവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് ഒന്നുമറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയാണ് അവരില്‍ നിന്ന് ഉണ്ടായത് എന്നും അടൂര്‍ പറഞ്ഞു.

അവര്‍ സ്വയം ന്യൂ ജനറേഷന്‍ ഫിലിം മേക്കര്‍മാര്‍ എന്ന് വിളിക്കുന്നു എന്നും അവരില്‍ എന്താണ് പുതിയതായി ഉണ്ടാകുന്നത് എന്നും അദ്ദേഹം ചചോദിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിക്കുന്നവര്‍ നല്ല സിനിമകള്‍ കാണണം എന്നും ആഷിഖ് അബുവില്‍ നിന്ന് എന്താണ് പഠിക്കാന്‍ പോകുന്നത് എന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചു. അതേസമയം പല യുവ സംവിധായകരും അഭിപ്രായം തേടി തന്നെ സമീപിക്കാറുണ്ട് എന്നും അദ്ദേഹം പറഞ്ഞു..

ഈയിടെ ഒരു മേളയുടെ ഉദ്ഘാടനം ഞാന്‍ നിര്‍വഹിക്കുന്നു എന്ന കാരണത്താല്‍ അതില്‍ നിന്ന് തന്റെ സിനിമകള്‍ പിന്‍വലിച്ച ജിയോ ബേബി തന്റെ ആദ്യ ചിത്രം തന്നെ കാണിക്കാനായിരുന്നു തനിക്ക് അയച്ചിരുന്നു എന്നും അടൂര്‍ വ്യക്തമാക്കി. എന്റെ എലിപ്പത്തായം എന്ന സിനിമ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ സിനിമ ഇഷ്ടമായി എന്ന് പറഞ്ഞു. തന്റെ ആ പ്രസ്താവന ജിയോ ബേബി പരമാവധി ഉപയോഗിച്ചു എന്നും അടൂര്‍ പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ശരിയല്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ഭാര്യയ്ക്കെതിരെ വരെ ആരോപണം ഉയര്‍ന്നു എന്നും ഇതിനെതിരെ അവര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്‌തേക്കും എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications