നിര്‍മ്മാതാവ് കെ രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു; വിട പറയുന്നത് അപൂര്‍വ നേട്ടങ്ങളുടെ ഉടമ
കൊച്ചി: പ്രമുഖ സിനിമ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. കൊല്ലത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ജനറല്‍ പിച്ചേഴ്‌സ് ഉടമയായിരുന്നു. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി ഭാസ്‌കരന്‍ തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ ഉദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമ നിര്‍മ്മാതാവാണ് കെ രവീന്ദ്രന്‍ നായര്‍.
1967 മുതലാണ് ചലച്ചിത്രനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സിനിമാനിര്‍മ്മാണക്കമ്പനിയായ ജനറല്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ പതിനഞ്ചോളം സിനിമകള്‍ നിര്‍മ്മിച്ചു. ഇവ വിതരണം ചെയ്യാനായി പ്രതാപ് ഫിലിംസ് എന്ന സിനിമാ വിതരണക്കമ്പനി സ്ഥാപിച്ചു. 1967-ല്‍ പുറത്തിറക്കിയ 'അന്വേഷിച്ചു, കണ്ടെത്തിയില്ല' എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. 1977ല്‍ പുറത്തിറങ്ങിയ 'കാഞ്ചനസീത' എന്ന ചിത്രത്തിലൂടെയാണ് രവീന്ദ്രന്‍ നായര്‍ അരവിന്ദനുമായി സഹകരിക്കുന്നത്.

രവീന്ദ്രനാഥന്‍ നായര്‍ രണ്ടു തവണ ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷനിലും അംഗമായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തില്‍ ജൂറിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയല്‍ പുരസ്‌കാരത്തിനര്‍ഹനായി.
1932-ല്‍ കൊല്ലത്താണ് ജനനം. വ്യവസായിയായിരുന്ന പി കൃഷ്ണപിള്ളയായിരുന്നു അച്ഛന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സ്‌ക്കൂളിലും ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കി. 1955-ല്‍ കോമേഴ്‌സ് ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.
ജനറല്‍ പിക്‌ചേഴ്‌സ് രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കലാമൂല്യമുള്ള നിരവധി സിനിമകള്‍ നിര്‍മ്മിച്ച് മലയാളത്തില്‍ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. വാണിജ്യ സിനിമകള്‍ക്കല്ലാതെ കലാമൂല്യമുള്ള സിനിമകള്‍ക്ക് പണം മുടക്കാനായി ആളില്ലാത്ത ഘട്ടത്തില്‍ ലാഭം നോക്കാതെ ചലച്ചിത്ര മേഖലയുടെ നിലവാരമുയര്‍ത്തുന്നതിന് ഇടപെട്ട ശ്രദ്ധേയനായ നിര്‍മ്മാതായിരുന്നു രവിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കെ രവീന്ദ്രനാഥന്‍നായരുടെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു. മലയാളസിനിമയെ വിശ്വസിനിമയുടെ പാതയിലേക്കാനയിക്കാന്‍ പോന്ന അനേകം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയും നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും സംവിധാനം ചെയ്തതും അന്തര്‍ദ്ദേശീയപ്രശസ്തി കൈവരിച്ചതുമായ പല ചിത്രങ്ങളും നിര്‍മ്മിച്ചത് അച്ചാണി രവി ആണ്. ആ നിലയില്‍ അദ്ദേഹം മലയാളസിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications