ദേവനും മേജര്‍ രവിക്കും പിന്നാലെ സുരേഷ് കുമാറും ബിജെപിയില്‍; സംസ്ഥാന കമ്മിറ്റി അംഗമായി പ്രവേശനം
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും നടനുമായ ജി സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ബി ജെ പി. വളരെ കാലം മുമ്പ് മുതലേ ബി ജെ പിയോടും സംഘപരിവാര്‍ രാഷ്ട്രീയത്തോടും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള ആളാണ് സുരേഷ് കുമാര്‍. എന്നാല്‍ പാര്‍ട്ടി പദവിയിലേക്ക് ആദ്യമായാണ് എത്തുന്നത്. മുന്‍കാല നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി സുരേഷ്, രേവതി എന്നിവരാണ് മക്കള്‍.
കഴിഞ്ഞ വര്‍ഷം സംവിധായകരായ രാമസിംഹന്‍ അബൂബക്കര്‍, രാജസേനന്‍, നടന്‍ ഭീമന്‍ രഘു എന്നിവര്‍ ബി ജെ പി വിട്ടിരുന്നു. ഇത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു. 2014 ന് ശേഷം സംസ്ഥാന ബി ജെ പി നേതൃത്വം സെലിബ്രിറ്റികളെ ആകര്‍ഷിക്കാന്‍ നോക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് മൂവരും ബി ജെ പിയില്‍ എത്തിയത്. എന്നാല്‍ സംസ്ഥാന നേതൃത്വത്തോട് പിണങ്ങിയാണ് മൂവരും പാര്‍ട്ടി വിട്ടത്.

അതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് സംവിധായകന്‍ മേജര്‍ രവിയും നടന്‍ ദേവനും ബി ജെ പിയിലേക്ക് എത്തിയിരുന്നു. ഇരുവരേയും ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍മാരാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് കുമാറിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രിയ അജയന്‍ ഈയിടെയാണ് രാജിവെച്ചത്. ഭരണകക്ഷിയിലെ പ്രശ്‌നങ്ങളാണ് പ്രിയയുടെ രാജിയിലേക്ക് നയിച്ചത് എന്നായിരുന്നു വിവരം. എന്നാല്‍ ആര്‍ എസ് എസ് പിന്തുണ പ്രിയ അജയനുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തോളം നഗരസഭാ അധ്യക്ഷയായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു പ്രിയയുടെ രാജി. എന്നാല്‍ രാജി സംബന്ധിച്ചുള്ള വിഷയങ്ങളൊന്നും പാര്‍ട്ടിക്ക് പുറത്തുവന്നിരുന്നില്ല.
മുതിര്‍ന്ന നേതാക്കളെയെല്ലാം അവഗണിച്ചായിരുന്നു പ്രിയയെ അധ്യക്ഷയാക്കിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പടലപിണക്കത്തിന് കാരണമായിരുന്നു. അതേസമയം കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബി ജെ പിയില്‍ എത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ദേവനെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വീകരിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വാധീനം ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രമുഖരെ ബി ജെ പി പാളയത്തില്‍ എത്തിക്കുന്നത്.












Click it and Unblock the Notifications