പാര്‍ട്ടിക്ക് ഫിലിം ക്ലബ്ബില്ല; പിന്നെ എന്തിന് ഷാരിസ് മുഹമ്മദിനെ ക്ഷണിക്കണം- എസ്ഡിപിഐ
തിരുവനന്തപുരം: തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദിന്റെ പ്രതികരണം കള്ളമാണെന്ന് എസ്ഡിപിഐ. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലേക്കും ഷാരിസിനെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. എസ്ഡിപിഐക്ക് ഫിലിം ക്ലബ്ബ് ഇല്ല. അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനാകാം ഷാരിസ് ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തെ വിളിച്ച വ്യക്തിയുടെ ഫോണ്‍ നമ്പര്‍ പരസ്യമാക്കണമെന്നും അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.
ഷാരിസ് മുഹമ്മദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- ജനഗണമന റിലീസ് ആയ ശേഷം എസ്ഡിപിഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. ഞാന്‍ വരില്ലെന്ന് പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത്, നിങ്ങളെയാണ് വേണ്ടത് എന്നാണ്. എന്റെ പേരിന് അറ്റത്തുള്ള മുഹമ്മദ് ആണ് അവര്‍ക്ക് വേണ്ടതെന്ന് ഞാന്‍ മനസിലാക്കുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കളും വിളിച്ചിരുന്നു. ഇസ്ലാമോഫോബിയ സമ്മേളനത്തില്‍ സംസാരിക്കാനാണ് വിളിച്ചത്. എനിക്കെന്ത് ഇസ്ലാമോഫോബിയ, അവരും പറഞ്ഞു ഞങ്ങള്‍ക്ക് ഡിജോയെ അല്ല നിങ്ങളെയാണ് വേണ്ടത് എന്ന്....

വിഷയത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാറിന്റെ പ്രതികരണം ഇങ്ങനെ- ''ജനഗണമന എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് കഴിഞ്ഞ ദിവസം ഒരു മുസ്ലിം വിദ്യാര്‍ത്ഥി സംഘടനയുടെ വേദിയില്‍ വച്ച് എസ്ഡിപിഐയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
എസ്ഡിപിഐ ഒരു പ്രോഗ്രാമിന് ക്ഷണിച്ചുവെന്നും അവര്‍ക്ക് വേണ്ടത് തന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദ് എന്നായിരുന്നുവെന്നുമുള്ള ഒരു പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്.
എസ്ഡിപിഐക്ക് ഒരു ഫിലിം ക്ലബ്ബ് ഇല്ല എന്നിരിക്കെയാണ് ഫിലിം ക്ലബ് ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയത് ഇത്തരമൊരു സിനിമ എടുത്തതിന്റെ പ്രതിസന്ധി ലഘൂകരിക്കാനോ, അവാര്‍ഡ് നല്‍കുന്ന കേന്ദ്രങ്ങളെ പ്രീതിപ്പെടുത്താനോ ആണ് എന്ന് സംശയിക്കുന്നു.
എസ്ഡിപിഐയുടെ ഏതെങ്കിലും ഒരു നേതാവ് അദ്ദേഹത്തെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. കുറഞ്ഞത് അദ്ദേഹത്തെ ബന്ധപ്പെട്ട ആളുടെ ഫോണ്‍ നമ്പറെങ്കിലും വെളിപ്പെടുത്താന്‍ തയ്യാറാകണം. ഇത്തരം കളവുകള്‍ പറഞ്ഞ് മറുപക്ഷത്തിന്റെ കൈയ്യടി വാങ്ങുന്നത് ഒരു സത്യസന്ധനായ കലാകാരന് ചേര്‍ന്നതല്ല.''
കണ്ണൂരില്‍ സംഘടന നടത്തിയ ഒരു പരിപാടിക്ക് ഷാരിസ് മുഹമ്മദിനെ വിളിച്ചിരുന്നുവെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രതികരിച്ചു. സംഘടനയ്ക്ക് കീഴിലുള്ള ക്രിയേറ്റീവ് പ്രൊഡക്ഷന്‍ കലാവേദി സംഘടിപ്പിച്ച പരിപാടിയിലേക്കാണ് ക്ഷണിച്ചത്. അന്ന് അദ്ദേഹം അസൗകര്യം അറിയിക്കുക മാത്രമാണ് ചെയ്തത്. സിനിമയുടെ സംവിധായകനെ വിളിക്കാനൊന്നും പറഞ്ഞിട്ടില്ല. ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നില്ല അത്. കാലിക പ്രസക്തമായ സിനിമകള്‍ ഒരുക്കുന്നവരെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചത്. ലീല സന്തോഷ്, ഡോ, എകെ വാസു, കെകെ ബാബുരാജ് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചിരുന്നുവെന്നും അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications