മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം;ഫിഷറീസ് വകുപ്പ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി
സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്ന് ദിനം ഒടുവിൽ മന്ത്രിമാരുടെ വകുപ്പുകളിൽ അന്തിമ തീരുമാനം ആയി. ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിനു നൽകണമെന്ന ലത്തീൻ സഭയുടെ ആവശ്യം പരിഗണിച്ചില്ല. പകരം ലീഗ് തന്നെ വകുപ്പ് കൈകാര്യം ചെയ്യും. വിഇ അബ്ദുൽ ഗഫൂറിനാണ് ചുമതല. ലീഗ് കോൺഗ്രസിന് കൈമാറിയ ഉന്നതവിദ്യാഭ്യാസവകുപ്പ് റോജി എം ജോണിന് ലഭിച്ചു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിച്ചില്ല, പകരം എപി അനിൽകുമാറിനാണ് റവന്യൂ ലഭിച്ചത്. സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പാർലമെൻ്ററി കാര്യങ്ങളുടെ ചുമതലയും ഇദ്ദേഹത്തിന് തന്നെയാണ്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ധനം, നിയമം, പൊതുഭരണം, തുറമുഖം എന്നീ നാല് സുപ്രധാന വകുപ്പുകൾ നിലനിർത്തി. ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, ലോട്ടറികൾ, സംസ്ഥാന ഓഡിറ്റ്, സ്റ്റാമ്പ് ഡ്യൂട്ടി, ആസൂത്രണം, സാങ്കേതികവിദ്യ, മലിനീകരണ നിയന്ത്രണം, തിരഞ്ഞെടുപ്പ്, ദുരിതാശ്വാസം, വിമാനത്താവളങ്ങൾ, മെട്രോ റെയിൽ, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ 35ഓളം മറ്റ് വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിനുണ്ട്. ഇതാദ്യമായാണ് മുഖ്യമന്ത്രിക്ക് ഇത്രയും വകുപ്പുകളുടെ ചുമതല. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ സർവീസസ്, ജയിൽ, കയർ വകുപ്പുകൾ ലഭിച്ചു.

കെ. മുരളീധരൻ ആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സർവകലാശാല, തദ്ദേശീയ വൈദ്യം, ആയുഷ്, ഡ്രഗ് കൺട്രോൾ, ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ കൈകാര്യം ചെയ്യും.
മറ്റ് കോൺഗ്രസ് മന്ത്രിമാർ: എ.പി. അനിൽ കുമാർ - ഭൂമി, റവന്യൂ, സർവേ, ഭൂരേഖകൾ, ഭൂപരിഷ്കരണ വകുപ്പുകൾ. പി.സി. വിഷ്ണുനാഥ് - ടൂറിസം, സംസ്കാരം, കെഎസ്എഫ്ഡിസി, ചലച്ചിത്ര അക്കാദമി, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്.
റോജി എം. ജോൺ - ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), പ്രവേശന പരീക്ഷ, എൻസിസി, എഎസ്എപി. ബിന്ദു കൃഷ്ണ - തൊഴിൽ, ക്ഷീര വികസനം, പാൽ സഹകരണ സ്ഥാപനങ്ങൾ, വനിതാ-ശിശു സംരക്ഷണം.
എം. ലിജുവിന് സഹകരണവും എക്സൈസും. ടി. സിദ്ദിഖിന് കൃഷി, മണ്ണ് സർവേയും മണ്ണ് സംരക്ഷണവും, കേരള കാർഷിക സർവകലാശാല, വെയർഹൗസിംഗ് കോർപ്പറേഷൻ. കെ.എ. തുളസിക്ക് പട്ടികജാതി, പട്ടികവർഗം, പിന്നോക്ക വിഭാഗ ക്ഷേമം. ഒ.ജെ. ജനീഷിന് കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷൻ, പുരാവസ്തു, രേഖാശേഖരണം എന്നിവ ലഭിച്ചു.
ഐയുഎംഎൽ മന്ത്രിമാർ: പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, വാണിജ്യം, ഇൻഫർമേഷൻ ടെക്നോളജി (ഐടി), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), സ്റ്റാർട്ടപ്പുകൾ, ഖനനം, ഭൂമിശാസ്ത്രം, കൈത്തറി, ടെക്സ്റ്റൈൽസ് വകുപ്പുകൾ. എൻ. ഷംസുദ്ദീന് പൊതുവിദ്യാഭ്യാസം, സാക്ഷരതാ മിഷൻ, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ വികസനം എന്നിവയുടെ ചുമതല.
കെ.എം. ഷാജിക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, നഗരാസൂത്രണം, ഗ്രാമവികസനം, പ്രാദേശിക വികസന അതോറിറ്റികൾ, കില എന്നിവ. പി.കെ. ബഷീറിന് പൊതുമരാമത്ത് വകുപ്പ്. വി.ഇ. അബ്ദുൾ ഗഫൂറിന് ഫിഷറീസ്, ഹാർബർ എഞ്ചിനിയറിംഗ്, സാമൂഹ്യ നീതി.
കേരള കോൺഗ്രസ് (ജോസഫ്) പ്രതിനിധി മോൻസ് ജോസഫിന് ജലസേചനം, സിഎഡിഎ, ഭൂഗർഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും, ഭവനം എന്നിവയാണ്.
ആർഎസ്പിയിലെ ഷിബു ബേബി ജോൺ വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം (KASE) എന്നിവയുടെ ചുമതല വഹിക്കും. കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടിയുടെ അനൂപ് ജേക്കബിന് ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജി എന്നിവ ലഭിച്ചു. സിഎംപിയിലെ സി.പി. ജോണിന് ഗതാഗതം, മോട്ടോർ വാഹനങ്ങൾ, ജലഗതാഗതം എന്നീ വകുപ്പുകളാണ്.












Click it and Unblock the Notifications