ഒടുവില്‍ ജോര്‍ജ്ജ് വിപ്പ് നല്‍കി
തിരുവനന്തപുരം: ഒടുവില്‍ പിസി ജോര്‍ജ്ജ് വഴങ്ങി. പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് വോട്ടുചെയ്യാന്‍ എല്ലാ യുഡിഎഫ് അംഗങ്ങള്‍ക്കും പൊതു വിപ്പ് നല്‍കി. നേരത്തെ ജോര്‍ജ്ജ് ഘടകക്ഷികളുടെ വിപ്പുമാര്‍ക്ക് കത്ത് നല്‍കുക മാത്രമാണ് ചെയ്തിരുന്നത്.
ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെ ചൊല്ലിയുള്ള പ്രശ്‌നം നിയമസഭയിലും പുകയും എന്ന സ്ഥിതി വന്നപ്പോഴാണ് കേരള കോണ്‍ഗ്രസ് എം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചതെന്നാണ് വിവരം.

കോണ്‍ഗ്രസ്, സോഷ്‌ലിസ്റ്റ് ജനത എന്നീ പാര്‍ട്ടികളുടെ വിപ്പ് മാര്‍ക്ക് പ്രത്യേകം കത്ത് നല്‍കാനും നേരത്തെ പിസി ജോര്‍ജ്ജ് തയ്യാറായിരുന്നില്ല. പിസി ജോര്‍ജ്ജിന്‍റെ വിപ്പ് സ്വീകരിക്കില്ലെന്ന് ഈ പാര്‍ട്ടികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തായാലും പൊതു വിപ്പ് നല്‍കിയതോടെ പ്രശ്നം താത്കാലികമായെങ്കിലും പരിഹരിക്കപ്പെട്ടു.
സാധാരണ ഗതിയില്‍ യുഡിഎഫിലെ എല്ലാ അംഗങ്ങള്‍ക്കും പ്രമേയം പാസാക്കാന്‍ വിപ്പ് നല്‍കേണ്ടത് ചീഫ് വിപ്പാണ്. ഈ കീഴ് വഴക്കം തെറ്റിച്ചുകൊണ്ടാണ് ജനുവരി 8 ന് രാവിലെ ജോര്‍ജ്ജ് ഘടകക്ഷികളുടെ വിപ്പുമാര്‍ക്ക് കത്ത് നല്‍കിയത്.
മുന്നണിയില്‍ പിസി ജോര്‍ജ്ജും ഘടകകക്ഷികളും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കിയത്. പാര്‍ട്ടിയേയും നേതാക്കളേയും നോക്കാതെ പിസി ജോര്‍ജ്ജ് ഉന്നയിക്കുന്ന ആരോപണങ്ങളും പരാമര്‍ശങ്ങളും പലപ്പോഴും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.












Click it and Unblock the Notifications