യുഡിഎഫിലേക്ക് തന്നെയോ.. ഒടുവിൽ മനസ് തുറന്ന് പിസി ജോർജ്ജ്.. ചർച്ചകൾ തുടങ്ങി..പക്ഷേ..
കോട്ടയം; തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തതോടെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള തീവ്ര ശ്രമത്തിലാണ് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണി വിട്ടതോടെ രാഷ്ട്രീയ സാഹചര്യം അനുകൂലമെന്ന് കണ്ട് യുഡിഎഫിലേക്ക് ചേക്കേറാനുള്ള നീക്കങ്ങളാണ് പിസി ജോർജ്ജ് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നേതൃത്വത്തുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പിസി. വിശദാംശങ്ങൾ അറിയാം

യുഡിഎഫ് വിട്ടതോടെ
കേരള കോൺഗ്രസ് അംഗമായിരുന്ന പിസി ജോർജ്ജ് കെ എം മാണിയോട് ഉടക്കിയാണ് കേരള കോൺഗ്രസിൽ നന്നും യുഡിഎഫിൽ നിന്നും പുറത്തുപോയത്. പിന്നീട് യുഡിഎഫ് നേതൃത്വത്തിനെ കടന്നാക്രമിക്കുന്ന ജോർജ്ജിനെയായിരുന്നു കണ്ടത്. യുഡിഎഫ് വിട്ട പിസി കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭാഗമായി മത്സരിക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. അതിനുളള ചരട് വലികളും ജോർജ്ജ് നടത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിൽ
എന്നാൽ ഇടതുപക്ഷം പിസിയെ പുറത്ത് നിർത്തി. ഇതോടെ ഇരുമുന്നണികളേയും വെല്ലുവിളിച്ച് സ്വതന്ത്രനായി ജോർജ്ജ് തിരഞ്ഞെടുപ്പിനെ നേരിട്ടു. കൂറ്റൻ ലീഡൽ പൂഞ്ഞാറിൽ എംഎൽഎയായി വിജയിക്കുകയും ചെയ്തു. ഇതിനിടെ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയിലേക്ക് പോകാനൊരു ശ്രമം ജോർജ്ജ് നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ഗുണം ചെയ്തില്ല
തുടർന്ന് ശബരിമല വിഷയത്തിന്റെ ചുവട് പിടിച്ച് ജോർജ്ജ് എൻഡിഎയുമായി സഹകരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വേണ്ടി വോട്ട് തേടുകയും ചെയ്തു. എന്നാൽ ജോർജ്ജിന്റെ കണക്കുകൂട്ടലുകൾ അവിടേയും പിഴച്ചു. എൻഡിഎ ബന്ധം ഗുണം ചെയ്യില്ലെന്ന് ഉറപ്പായതോടെ ജോർജ്ജ് ആ ബന്ധവും ഉപേക്ഷിച്ചു.

യുഡിഎഫ് മുന്നണി
ഇനിയെങ്ങോട്ടെന്ന രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് ജോർജ്ജിന് പ്രതീക്ഷയായി ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത്. കേരള കോൺഗ്രസ് എം മുന്നണിയിൽ നിന്ന് പുറത്തായതോടെ യുഡിഎഫ് വാതിൽ തനിക്ക് മുന്നിൽ തുറക്കപ്പെടുമെന്നാണ് ജോർജ്ജ് കണക്ക് കൂട്ടുന്നത്. പ്രത്യേകിച്ച് ജോസിന്റെ പിൻമാറ്റം യുഡിഎഫിൽ തിർത്ത പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ.

ജോസ് ഇടതുപക്ഷത്തേക്ക്
യുഡിഎഫ് ബന്ധം അവസാനിപ്പിച്ച ജോസ് ഏത് നിമിഷവും എൽഡിഎഫുമായി കൈകോർക്കാനിരിക്കുകയാണ്. ഇത് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മധ്യകേരളത്തിൽ ഉൾപ്പെടെ പല മേഖലകളിലും യുഡിഎഫിന് തിരിച്ചടിയാകും. ഈ നീക്കം മറികടക്കാൻ കോട്ടയം കേന്ദ്രീകരിച്ച് മുന്നണി വിപുലീകരണം നടത്താനാണ് യുഡിഎഫ് ആലോചിക്കുന്നത്.

ഐ ഗ്രൂപ്പിന്റെ കണക്ക് കൂട്ടൽ
ജോർജ്ജിനെ മുന്നണിയിലേക്ക് എടുക്കുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഐ ഗ്രൂപ്പ്. ജോർജ്ജിനെ മുന്നണിയിലെടുക്കുന്ന സംബന്ധിച്ച് ഐ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രത്യേകം യോഗം ചേരുകയും ചെയ്തിരുന്നു. അതേസമയം പ്രാദേശിക നേതൃത്വം ശക്തമായ എതിർപ്പാണ് ജോർജ്ജിന്റെ വരവിനെ ചൂണ്ടി ഉയർത്തുന്നത്.

പിസി ജോർജ്ജിന്റെ പ്രതികരണം
ഈ ചർച്ചകൾക്കിടെ താൻ ഏത് മുന്നണിയിലേക്ക് എന്ന് വെളിപ്പെടുത്തുകയാണ് പിസി ജോർജ്ജ്. യുഡിഎഫിലേക്ക് തന്നെയാണ് താൻ പോകാനൊരുങ്ങുന്നതെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി. റിപ്പോർട്ടർ ചാനലിനോടാണ് പിസി ജോർജ്ജിന്റെ പ്രതികരണം. യുഡിഫ് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്നും പിസി വ്യക്തമാക്കി.

ചർച്ചകൾ തുടങ്ങിയെന്ന്
മുന്നണി നേതൃത്വവുമായല്ല മറിച്ച് പ്രവർത്തകരുമായാണ് താൻ ചർച്ച നടത്തിയത് എന്നാണ് പിസി ജോർജ്ജ് പറഞ്ഞത്. ഇത്തരം ചർച്ചകൾ പുരോഗമിക്കുകയാണ്. കോൺഗ്രസിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും പിസി ജോർജ്ജ് വ്യക്തമാക്കി. അതേസമയം യുഡിഫിലേക്ക് പോകുയാണെങ്കിലും ജനപക്ഷമായി തന്നെ തുടരുമെന്നും പിസി പറഞ്ഞ.

ലയിക്കില്ലെന്ന് ജോർജ്ജ്
യുഡിഫ് പ്രേവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്ന് പിസി ജോർജ്ജ് വ്യക്തമാക്കി. നിലനിൽ തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുന്നത് സംബന്ധിച്ച ധാരണകളാണ് യുഡിഎഫ് നേതാക്കളുമായി ജോർജ്ജ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

എതിർപ്പുമായി എ വിഭാഗം
അതേസമയം ജോർജ്ജിന്റെ മുന്നണി പ്രവേശം അത്ര എളുപ്പമാകില്ലെന്ന് യുഡിഎഫിനോട് അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ജോർജ്ജിന്റെ വരവിനെ എ വിഭാഗം അതിശക്തമായി തന്നെ എതിർക്കുന്നുണ്ട്. നേരത്തേ ജോർജ്ജിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്താൻ
ഈരാറ്റുപേട്ടയില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു.

ഗുണമില്ലെന്ന്
ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാൽ എ ഗ്രൂപ്പ് നേതാക്കൾ ഇതിനെതിരെ രംഗത്തെത്തി. ജോർജ്ജ് വരുന്നത് പ്രത്യേകിച്ച് പാർട്ടിക്ക് ഗുണമുണ്ടാക്കില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ന്യൂനപക്ഷങ്ങളുടെ പിന്തുണയും ജോർജ്ജിന് നഷ്ടമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെട്ടു
പൂഞ്ഞാറിൽ 2016 ൽ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയായിരുന്നു ജോർജ്ജ് വിജയിച്ചത്. എന്നാൽ ജോർജ്ജിന്റെ എൻഡിഎ ബന്ധവും വിവാദമായ മുസ്ലീം വിരുദ്ധ പരാമർശങ്ങളുമെല്ലാം ന്യൂനപക്ഷ പിന്തുണ നഷ്ടമാകാൻ കാരണമായെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം താത്പര്യം സംരക്ഷിക്കാൻ
പിസിയെ മുന്നണിയിൽ എടുക്കരുതെന്ന് പൂഞ്ഞാര്‍ ബ്ലോക്ക് കമ്മറ്റി തന്നെ പ്രമേയം പാസാക്കിയിരിക്കുകയാണ്. നേതാക്കളെ തമ്മിലടിപ്പിച്ച് സ്വന്തം താല്പര്യം സംരക്ഷിക്കുന്ന ചരിത്രമാണ് ജോര്‍ജ്ജിന്റേതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രമേയം. അതേസമയം ജനപക്ഷം വരുന്നതിനോട്
പിജെ ജോസഫ് വിഭാഗത്തിനും എതിര്‍പ്പുണ്ട്.

ലയിക്കണമെന്ന്
ജോസ് പോയതോടെ പൂഞ്ഞാര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് ഉള്ളതാണ്. യുഡിഎഫിന്റെ ഭാഗമാവണമെങ്കില്‍ പിസി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍ ലയിക്കട്ടേയെന്ന നിലപാടാണ് ജോസഫ് പക്ഷത്തിനുള്ളത്. ഇതിന് പിസി ജോര്‍ജ്ജ് തയ്യാറല്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പിസി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
അവസാന നിമിഷം ജോസിന് തുരങ്കം വെച്ച് എൻസിപി; 'ആരുടേയും ഔദാര്യത്തിൽ രാജ്യസഭയിലേക്കില്ല'
ലാവ്ലിൻ: പിണറായിയെ കുറ്റവിമുക്തനാക്കിയത് തെറ്റെന്ന് സിബിഐ, ശക്തമായ വാദമുണ്ടോയെന്ന് സുപ്രീം കോടതി
വ്യാജസർവ്വകലാശാലകൾ കൂടുതൽ യുപിയിൽ: കേരളത്തിൽ ഒന്ന്, പട്ടിക പുറത്തിറക്കി യുജിസി!!