ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ, ആത്മഹത്യ ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം!!
വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിലായി. തിരുവള്ളൂരിൽ പൊൻസി ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന വടകര പുതുപ്പണം സ്വദേശി സിന്ധു നിവാസിൽ കെ പി സുരേഷ്കുമാറിനെയാണ്(45)വടകര എസ്ഐ എബി ജോർജ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തൂങ്ങി മരിച്ച കുട്ടോത്ത് തയ്യുള്ളതിൽ അമയ പുരിയിൽ സതീഷ് കുമാർ എഴുതി വെച്ച കുറിപ്പിനെ തുടർന്നാണ് വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇതേ തുടർന്ന് തിരുവള്ളൂരിലേയും,വടകരയിലെയും സ്ഥാപനങ്ങളിലും,പുതുപ്പണത്തെ വീട്ടിലും പോലീസ് ബുധനാഴ്ച രാത്രി തന്നെ റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിൽ നിരവധി പാസ് ബുക്കുകളും,പ്രോമിസറി നോട്ടും പിടിച്ചെടുത്തു. ഐപിസി 306 പ്രേരണാകുറ്റം, മണി ലെൻറ് ആക്ട് പ്രകാരവുമാണ് പ്രതിക്കെതിരെ കേസ്സെടുത്തത്. രണ്ടു തവണകളായി 30000 രൂപ വീതം സതീഷ്‌കുമാർ കഴിഞ്ഞ ദിവസം വരെ അവധി തെറ്റാതെ തുക നൽകിയതായി പോലീസ് പറഞ്ഞു.

എന്നാൽ 6000 രൂപ നൽകാനുള്ളതിന് 60000 രൂപ വേണമെന്ന് ആവശ്യപ്പെടുകയും, ഭാര്യയിൽ നിന്നും രണ്ടു ചെക്ക് ലീഫുകൾ ഒപ്പിട്ട് വാങ്ങിയതായും കുറിപ്പിൽ എഴുതി വെച്ചിരുന്നു. എന്നാൽ കൃത്യമായി അടവ് അടച്ചില്ലെങ്കിൽ അമിത പലിശ ഈടാക്കിയതായും പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.അസ്വാഭാവിക മരണത്തിന് നേരത്തെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു.പരാതിയുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications