'സൂര്യക്കെതിരെ ഉയർത്തുന്ന വെല്ലുവിളി ജാതിബോധത്തിന്റെ തുടർച്ച', ജയ് ഭീം കണ്ട് ധനമന്ത്രി ബാലഗോപാൽ
ജയ് ഭീം എന്ന ചിത്രം ജാതീയതയെ കുറിച്ച് വിപുലമായ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജ്ഞാനവേൽ സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ ജയ് ഭീം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത് മുതൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. ചിത്രം വലിയ തോതിൽ അഭിനന്ദിക്കപ്പെടുന്നതിനൊപ്പം ഒരു വിഭാഗം വിമർശനവുമായും രംഗത്ത് വന്നിരുന്നു.
ജയ് ഭീം കണ്ടതിന് ശേഷം സംസ്ഥാനത്തെ മന്ത്രിമാർ അടക്കമുളള രാഷ്ട്രീയ നേതാക്കൾ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ധനമന്ത്രി കെഎൻ ബാലഗോപാലും ജയ് ഭീം കണ്ടതിനെ കുറിച്ചുളള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

കെഎൻ ബാലഗോപാലിന്റെ കുറിപ്പ് വായിക്കാം: '' ജയ് ഭീം ഇന്നലെയാണ് കണ്ടത്. സിനിമ കാണാനുള്ള സമയം കണ്ടെത്താൻ ഇന്നലെയെ കഴിഞ്ഞുള്ളൂ എന്നതാണ് സത്യം. അക്ഷരാർത്ഥത്തിൽ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സിനിമ. അതാണ് ഒറ്റവാക്കിൽ ജയ് ഭീം. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിലും സിപിഐഎം പ്രവർത്തകൻ എന്ന നിലയിലും അഭിമാനത്തോടെയാണ് സിനിമ കണ്ടു തീർത്തത്. തമിഴ്നാട്ടിലെ ജാതിവെറിക്കും ദുരഭിമാന അതിക്രമങ്ങൾക്കും എതിരായ പോരാട്ടത്തിന് എന്നും നേതൃത്വം കൊടുക്കുന്നത് സിപിഐഎം ആണ്. തൊണ്ണൂറുകളിൽ നടന്ന ഈ സിനിമയ്ക്ക് ആധാരമായ യഥാർത്ഥ സംഭവം അക്കാലത്ത് തന്നെ വലിയ വാർത്തയായിരുന്നു.

സിപിഐഎം നേതാക്കന്മാരും, എസ്എഫ്ഐയുടെ ആദ്യ കാല നേതാവും കമ്മ്യൂണിസ്റ്റ് അനുഭാവിയുമായ റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവും ചേർന്ന് നടത്തിയ പോരാട്ടമാണ് കസ്റ്റഡിയിൽ ചെയ്യപ്പെട്ട രാജാക്കണ്ണിന്റെ വിധവ പാർവ്വതിക്ക് നീതി ലഭ്യമാക്കിയത്. 2008 ൽ ഉത്തപുരത്തെ ജാതി മതിൽ തകർക്കുന്നത് ഉൾപ്പെടെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തതും സിപിഐ(എം) ആയിരുന്നു. ജാതി പീഡനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ലോക ശ്രദ്ധയാകർഷിച്ചവയാണ്.

ജയ് ഭീമിലെ സാക്ഷരതാ പ്രവർത്തകയായ അധ്യാപിക, ഇരുളർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെ വിദ്യ അഭ്യസിപ്പിക്കാൻ വേണ്ടി സിപിഐഎം രൂപീകരിച്ച അറിവൊളി ഇയക്കം സംഘടനയുടെ പ്രവർത്തകയാണ്. ഇപ്പോഴും തമിഴ്നാട് സയൻസ് ഫ്രണ്ട് എന്ന പേരിൽ ഈ പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻറെ അഭ്യർത്ഥന മാനിച്ച് കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ വിധവ പാർവതിക്ക് 15 ലക്ഷം രൂപ നൽകാൻ നടൻ സൂര്യ തയ്യാറായി. രാജാക്കണ്ണ് കൊലചെയ്യപ്പെട്ട കമ്മപുരം പോലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന വിരുദാചലം ജില്ലയിലെ സിപിഐഎം സെക്രട്ടറി ആയിരുന്നു സംഭവം നടക്കുമ്പോൾ സഖാവ് കെ ബാലകൃഷ്ണൻ

തമിഴ്നാടിന്റെ ഉൾഗ്രാമങ്ങളിൽ ഇപ്പോഴും കൊടിയ ജാതീയത നിലനിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. വണ്ണിയർ സമുദായം ഈ സിനിമയുടെ പേരിൽ സൂര്യക്കെതിരെ ഉയർത്തുന്ന വെല്ലുവിളി പോലും ഈ ജാതിബോധത്തിന്റെ തുടർച്ചയാണ്. മാർക്സും ലെനിനും പെരിയോറും അംബേദ്കറും തുടർച്ചയായി പരാമർശിക്കപ്പെടുന്നുണ്ട് ജയ് ഭീമിൽ. പുതിയ കാലത്തിന്റെ രാഷ്ട്രീയം എന്താണെന്ന് കൂടിയാണ് ചിത്രം പറഞ്ഞു വയ്ക്കുന്നത്. അനീതിക്കെതിരെ പടപൊരുതാൻ ലോകത്തെവിടെയും ചെങ്കൊടിയേന്തിയ മനുഷ്യരുണ്ട് എന്നതു കൂടിയാണ് ചിത്രത്തിന്റെ ഉള്ളടക്കം.
Recommended Video

അസാധാരണ മികവോടെ ജയ് ഭീം അണിയിച്ചൊരുക്കിയ സംവിധായകൻ ജ്ഞാനവേലും നടീനടന്മാരും സാങ്കേതിക വിദഗ്ധരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. അഡ്വ. ചന്ദ്രുവായി അഭിനയിച്ച സൂര്യയും രാജാക്കണ്ണായി അഭിനയിച്ച കെ മണികണ്ഠനുമെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കിയെങ്കിലും ഹൃദയം കവർന്നത് ശെങ്കിണിയായി അഭിനയിച്ച മലയാളി താരം ലിജോമോൾ ജോസ് ആണ്. ലിജോ മോളുടെ അഭിനയം അതി ഗംഭീരമായിരുന്നു എന്ന് പറയാതെ വയ്യ. കലാസൃഷ്ടികൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ജയ് ഭീം രാജ്യത്തിന്റെ സാമൂഹികജീവിതത്തെ നിർണായകമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്''.












Click it and Unblock the Notifications