'അച്ചടിക്കുന്നത് 20 ലക്ഷം കോപ്പികൾ, വീട്ടിലെത്തുന്നത് ഒരെണ്ണം മാത്രം', മനോരമയെ ട്രോളി ഐസക്
തിരുവനന്തപുരം: കിഫ്ബിയെ കുറിച്ചുളള മലയാള മനോരമ വാർത്തയെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. "കിഫ്ബി പദ്ധതികൾ, 60000 കോടിയെന്ന് സർക്കാർ, രേഖകളിൽ 7274 കോടി മാത്രം" എന്ന മനോരമാ വാർത്തയ്ക്ക് എതിരെയാണ് ഐസക് രംഗത്ത് എത്തിയിരിക്കുന്നത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
"അച്ചടിക്കുന്നത് 20 ലക്ഷം കോപ്പികൾ, വീട്ടിലെത്തുന്നത് ഒരെണ്ണം മാത്രം". മനോരമയെക്കുറിച്ച് ഇങ്ങനെയൊരു തലക്കെട്ടിൽ വാർത്ത കണ്ടാൽ എന്തു വിചാരിക്കും? വാർത്ത എഴുതിയവരുടെ മനോനിലയെക്കുറിച്ച് സംശയിക്കും. ഒരു വീട്ടിൽ ഇടാനല്ല 20 ലക്ഷം കോപ്പി അച്ചടിയ്ക്കുന്നത് എന്നൊക്കെ വാദിച്ചു സമർത്ഥിക്കേണ്ടി വരുന്ന ഗതികേടിനെക്കുറിച്ച് ആലോചിച്ചു നോക്കൂ. അതുപോലൊന്നാണ് "കിഫ്ബി പദ്ധതികൾ, 60000 കോടിയെന്ന് സർക്കാർ, രേഖകളിൽ 7274 കോടി മാത്രം" എന്ന മനോരമാ വാർത്ത.
ഈ തലക്കെട്ടു വായിച്ചാൽ എന്തു തോന്നും? 60000 കോടിയുടെ പദ്ധതികൾ എന്ന സർക്കാർ വാദം തെറ്റാണ് എന്നല്ലേ. രേഖകളിൽ ആകെയുള്ളത് 7274 കോടിയുടെ പദ്ധതികൾ മാത്രമാണെന്നും അതിനെ പെരുപ്പിച്ചു കാണിക്കുകയാണ് എന്നുമല്ലേ. പക്ഷേ, ഇൻട്രോയിലേയ്ക്കു വന്നാലോ? ഇതുവരെ ചെലവഴിച്ച തുകയുടെ കണക്കാണ് 7274 കോടി. അതായത്, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച്, ടെൻഡർ നൽകി, പണി പൂർത്തിയാക്കി ബില്ലു സമർപ്പിച്ച വകയിൽ കൊടുത്ത തുക. എന്നുവെച്ചാൽ തലക്കെട്ടിന്റെ വ്യംഗ്യമല്ല, വാർത്തയിൽ.

അതവിടെ നിൽക്കട്ടെ. ഒരു പദ്ധതി അംഗീകരിച്ചാലുടനെ മുഴുവൻ തുകയും ചെലവഴിക്കുന്ന കിനാശേരി ലോകത്തിന്റെ ഏതു ഭാഗത്താണാവോ? പദ്ധതി അംഗീകരിച്ച്, ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകി, ടെൻഡർ ഉറപ്പിച്ച്, പണി പൂർത്തിയാക്കി ബില്ലു സമർപ്പിക്കുമ്പോഴാണ് പണം നൽകുക. അപ്പോഴാണ് സർക്കാർ രേഖയിൽ ചെലവ് കാണിക്കുക. അല്ലാതെ പദ്ധതിയ്ക്ക് അനുമതി നൽകിയാലുടനെ ആർക്കും പണം കൊടുക്കാനാവില്ല.
ഇത്തരം അടിസ്ഥാനവസ്തുതകൾ പോലും അറിയാതെ എങ്ങനെയാണ് ഒരു പ്രമുഖ പത്രത്തിൽ ലേഖകന്റെ തൊഴിൽ ചെയ്യാനാവുക? ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചാൽ എങ്ങനെയാണ് എഡിറ്ററുടെ അനുമതി ലഭിക്കുക? സ്വന്തം വാർത്തയുടെ ഗുണമേന്മയെക്കുറിച്ച് ഇത്ര കരുതലേ അവർക്കുള്ളൂ എന്നാണോ? അതോ വായനക്കാരൊക്കെ വെറും മണ്ടന്മാരാണ് എന്നാണോ കരുതുന്നത്. ആയിരിക്കും. അല്ലെങ്കിൽപ്പിന്നെ ഇത്തരം വാർത്തകളെങ്ങനെ പ്രസിദ്ധീകരണയോഗ്യമാകും? ഈ നിലവാരത്തിൽ ഒരു ഗംഭീര തലക്കെട്ട് ഞാനും നിർദ്ദേശിക്കട്ടെ. "പമ്പു ചെയ്യുന്നത് ഒരു ടാങ്ക് വെള്ളം, കുടിക്കാനെടുക്കുന്നത് വെറും ഒരു ഗ്ലാസ്"!












Click it and Unblock the Notifications