ഇന്ധന സെസ് കുറയുമോ? ഇന്നറിയാം; ബജറ്റ് ചർച്ചയിൽ മറുപടി നൽകാൻ ധനമന്ത്രി
ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട് അറിയിക്കുക

തിരുവനന്തപുരം: ഇന്ധന സെസ് കൂട്ടിയ തീരുമാനത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. ബജറ്റിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. അതേസമയം ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് കുറയ്ക്കുമോ എന്നതിൽ തീരുമാനം ഇന്നറിയാം.
ബജറ്റിന്മേലുള്ള പൊതു ചർച്ചയുടെ മറുപടിയിൽ ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിലപാട് അറിയിക്കുക. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയാക്കി കുറക്കണമെന്ന് ഇടതുമുന്നണിയിൽ അഭിപ്രായം വന്നിരുന്നു.ഇത് സംബന്ധിച്ച് മുന്നണിയിൽ രണ്ട് അഭിപ്രായമാണ് ഉണ്ടായിരുിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ..യുഡിഎഫ് എംഎൽഎമാർ സമരം തുടരുന്ന സാഹചര്യത്തിൽ, ഇപ്പോൾഡ സെസ് കുറച്ചാൽ അതിന്റെ ക്രെഡിറ്റ് പ്രതിപക്ഷത്തിന് ലഭിക്കുമെന്നാണ് എൽഡിഎഫിൽ അഭിപ്രായം ഉയർന്നിട്ടുള്ളത്.
ഇന്ധന സെസിനെതിരെ പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ നടത്തുന്ന സത്യഗ്രഹസമരം തുടരുകയാണ്. സെസിനെതിരെ കോൺഗ്രസും ബിജെപിയും ഇന്നലെ നടത്തിയ പ്രതിഷേധമാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചിരുന്നു. സെസ് കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
അതേസമയം, സമസ്ത മേഖലകളിലും ഉള്ള ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചിരുന്നു. നികുതി കൊള്ളയാണ് പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പാവങ്ങളെ പിഴിഞ്ഞെടുക്കുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കാനാണ് പിണറായി വിജയൻ താൽപര്യപ്പെടുന്നതെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂർത്തിന് വേണ്ടി തന്നെ കോടിക്കണക്കിന് രൂപയുടെ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കേണ്ടി വന്നിരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചിരുന്നു.
പെട്രോളിനും ഡീസലിനും നികുതി വർദ്ധനവ്. അരിയും പാലും വെള്ളവും അടക്കം സകലതിനും വില കൂടുന്നു. ഇരുചക്ര വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചതും സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്തുടനീളം നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ മാറിയിരിക്കുന്ന സിപിഎം നേതാക്കളുടെ കച്ചവടം മെച്ചപ്പെടുത്താൻ വേണ്ടിയാണോ മദ്യത്തിന് വീണ്ടും വില വർധിപ്പിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിൻറെ പരിധിയിലധികം ഉള്ള വിലവർധനവ് സമൂഹത്തിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു..












Click it and Unblock the Notifications