തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നടപടി, കുമ്മനത്തെ പ്രതി ചേർത്ത് കേസെടുത്തതിനെതിരെ ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: 30 ലക്ഷത്തിനടുത്ത് രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരനെ പ്രതി ചേർത്ത് കേസെടുത്തതിനെതിരെ ബിജെപി നേതാക്കൾ രംഗത്തത്. കുമ്മനത്തിന് എതിരെ കേസെടുത്തത് ബിജെപിയെ തകർക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കുമ്മനം രാജശേഖരന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: '' അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വത്തിന് ഉടമയായ മുന്‍ മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനെ ഏകപക്ഷീയമായി കള്ളക്കേസില്‍ കുടുക്കിയതിലൂടെ കേരള പൊലീസ് സ്വന്തം വിശ്വാസ്യതയ്ക്കു കൂടുതൽ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
കുമ്മനം രാജശേഖരന്റെ ഭാഗം കേള്‍ക്കുകയോ പ്രാഥമികാന്വേഷണം നടത്തുകയോ ചെയ്യാതെ കേസെടുത്തതില്‍ ദുരൂഹതയുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുകടക്കാനാകാത്ത പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന ഇടതുസര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് കുമ്മനത്തെ തേജോവധം ചെയ്യാന്‍ നടത്തുന്ന ശ്രമത്തിനു പിന്നിലെ ഗൂഢാലോചന നീചമാണ്. പരസ്പരം രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഒന്നിലധികം കേന്ദ്രങ്ങള്‍ ഈ നിക്കത്തില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് ശക്തമായ സംശയം.
ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമായി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ച പിന്നാലെയാണ് ഈ തേജോവധ ശ്രമം. ഇത് വിലപ്പോകില്ലെന്നു മാത്രമല്ല, സംശുദ്ധ രാഷ്ട്രീയത്തിനും പൊതുപ്രവര്‍ത്തനത്തിനുമൊപ്പം നിലകൊള്ളുന്ന കേരളീയ സമൂഹം കുമ്മനത്തിനൊപ്പം നില്‍ക്കുകയും ചെയ്യും. നിയമപരമായും മാനുഷികമായും ലഭിക്കേണ്ട നീതി കുമ്മനത്തിനു നിഷേധിച്ചാണ് അദ്ദേഹത്തെ അഞ്ചാം പ്രതിയാക്കി സാമ്പത്തിക തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും കേസെടുത്തിരിക്കുന്നത്. ഇത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന നടപടിയാണെന്ന് കേരളത്തിലെ ഭരണ നേതൃത്വവും അവര്‍ക്കു കൂട്ടു നില്‍ക്കുന്നവരും മനസ്സിലാക്കാന്‍ പോകുന്നതേയുള്ളു''.