സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിറിനെയും പിതാവിനെയും ചോദ്യം ചെയ്ത് വിട്ടയച്ചു: നടന്‍ പറഞ്ഞത്
കൊച്ചി: സിനിമാ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറും പിതാവും ഉള്‍പ്പെടെ മൂന്നു പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സൗബിനെ ചോദ്യം ചെയ്തത്. പറവ ഫിലിംസ് പാര്‍ട്ണര്‍മാരായ സൗബിന്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയാണ് മരട് പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
സൗബിന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു മരട് പൊലീസ് സൗബിന്റെയും ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ വിട്ടയച്ചത്. മൂന്നു പേരെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

സിനിമയുടെ 40 ശതമാനം വാഗ്ദാനം ചെയ്ത് ഏഴു കോടി നിക്ഷേപിച്ചതിന് ശേഷം വാഗ്ദാനം ചെയ്ത ലാഭവിഹിതവും മുടക്ക് മുതലും നല്‍കില്ലെന്ന അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് ചോദ്യം ചെയ്യല്‍.
പണം മുഴുവന്‍ താന്‍ നല്‍കിയതാണെന്നും ലാഭവിഹിതവും നല്‍കാന്‍ തയ്യാറാണെന്നും സൗബിന്‍ ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സൗബിന്‍ വ്യക്തമാക്കി. പൊലീസുകാര്‍ക്ക് കാര്യങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. കണക്കുകളെല്ലാം അധികൃതരെ ഏല്‍പ്പിച്ചിട്ടുണ്ട്. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ മാറ്റിവെച്ചിട്ടുണ്ടെന്നും അത് നല്‍കാനിരിക്കെയാണ് തനിക്കെതിരെ കേസ് കൊടുത്തത് എന്നും സൗബിന്‍ പറഞ്ഞു.
ഇന്നലെ ആറു മണിക്കൂറോളം സൗബിനെ ചോദ്യം ചെയ്തിരുന്നു അതിനു ശേഷമാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് ഒടുവില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മൂന്നു പേരെയും വിട്ടയച്ചത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനാണ് കോടതി നിര്‍ദേശിച്ചത്. സിനിമയുടെ നിര്‍മ്മാണത്തിനായി പല ഘട്ടങ്ങളിലായി ഏഴു കോടി രൂപ വാങ്ങിയെങ്കിലും മുടക്ക് മുതല്‍ പോലും നല്‍കിയില്ലെന്നു പരാതിയില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് മൂന്നു പേര്‍ക്കും എതിരെ മരട് പൊലീസ് കേസെടുത്തത്.
20 കോടിയാണ് സിനിമയുടെ നിര്‍മ്മാണ ചെലവ്. 250 കോടിയോളം രൂപ മഞ്ഞുമ്മല്‍ ബോയ്‌സ് കലക്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലാഭമുണ്ടായാല്‍ ലാഭവിഹിതത്തിന്റെ 40% നല്‍കണമെന്ന കരാറിലാണ് സിറാജ് പണം നല്‍കിയത്. സൗബിനും കൂട്ടരും നടത്തിയത് കരുതിക്കൂട്ടിയുള്ള വഞ്ചന ആണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.
നേരത്തെ സൗബിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായനികുതി വകുപ്പും റൈഡ് നടത്തിയിരുന്നു. സിനിമയില്‍ നിന്ന് കിട്ടിയ വരുമാനം സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ മറച്ചുവെച്ചെന്ന ആരോപണത്തിലാണ് റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications