കമന്റ് മുക്കി കണ്ടംവഴി ഓടിയ ധൈര്യശാലികള്‍ക്കുള്ള പൊതിച്ചോറ് തയാറായിട്ടുണ്ട്; മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തില്‍ നേരിട്ടു കൊണ്ടിരിക്കുന്ന കടുത്ത സൈബര്‍ ആക്രമണത്തില്‍ പരാതിയുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കരന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയ വിവരം ഹണി അറിയിച്ചത്. എഫ്‌ഐആറിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. പരാതിയില്‍ വേഗം നടപടി സ്വീകരിച്ചതിന് സര്‍ക്കാരിലും നിയമ സംവിധാനങ്ങളിലുമുള്ള പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്.
നിശബ്ദരാക്കാമെന്നു കരുതുന്നവര്‍ക്കും പരാതി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയ ധൈര്യശാലികള്‍ക്കുമുള്ള പൊതിച്ചോറ് തയാറായിട്ടുണ്ടെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അക്രമവും നേരിടുന്ന സ്ത്രീകള്‍ക്ക് ഒപ്പമാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടിയെന്ന് ഹണി തന്റെ കുറിപ്പില്‍ പറയുന്നു.

ഹണി ഭാസ്‌കരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്ത്രീകൾക്ക് നേരെ സൈബർ ഇടങ്ങളിലെ വെർബൽ റേപ്പിനും ഭീഷണികൾക്കും അധിക്ഷേപങ്ങൾക്കും മുൻപിൽ മുട്ടു മടക്കിച്ചു നിശബ്ദരാക്കാമെന്നു കരുതുന്നവർക്കുള്ള പൊതിച്ചോറ് തയാറായിട്ടുണ്ട്...! പരാതി കൊടുത്തിട്ടുണ്ട് എന്നറിഞ്ഞപ്പോൾ പോസ്റ്റ് മുക്കി കണ്ടം വഴി ഓടിയ ധൈര്യശാലികൾക്കുള്ളതും ഉണ്ട്. ബാക്കി ഉള്ളവർക്കുള്ളത് വേറെ തയാറാക്കുന്നുണ്ട്.
നിങ്ങൾ എന്നെ പറഞ്ഞത് പിന്നെയും ഞാൻ ക്ഷമിച്ചേനെ... പക്ഷേ എനിക്കൊപ്പം നടന്ന മനുഷ്യരെ പറഞ്ഞത്, എന്റെ പ്രൊഫൈലിൽ കയറി അവർക്കൊപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഹീനമായി സ്ലറ്റ് ഷേമിങ് നടത്തിയത് പൊറുക്കില്ല. നിങ്ങൾ ഒക്കെ ശർദ്ധിക്കുന്നത് വാരി വിഴുങ്ങേണ്ട ഗതികേട് ഇവിടൊരു സ്ത്രീയ്ക്കുമില്ല. കേട്ടല്ലോ....?
പൊരുതി തന്നെയാണ് ഇതുവരെ എത്തിയത്. അതുകൊണ്ട് നിങ്ങളെ പോലുള്ള മാലിന്യങ്ങൾ വിചാരിച്ചാൽ കെട്ടു പോവുന്നതല്ല ഉള്ളിലെ തീ.
പെർവേർട്ടുകൾക്ക് ഒപ്പമല്ല, സോഷ്യൽ മീഡിയയിൽ ഏത് തരത്തിലുമുള്ള അക്രമവും നേരിടുന്ന സ്ത്രീകൾക്ക് ഒപ്പം കൂടി തന്നെയാണ് സ്റ്റേറ്റും നിയമ സംവിധാനങ്ങളും എന്ന് ബോധ്യപ്പെടുത്തുന്നത് കൂടിയാണ് അതിവേഗം നടത്തിയ ഈ മാതൃകാപരമായ നിയമ നടപടി.
വെളിച്ചം കെട്ടു പോകാത്ത കുറേ മനുഷ്യർ ചുറ്റിലും ഉണ്ടാകും എന്ന് കൂടി ഈ FIR പറയുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടി സ്ത്രീകൾക്ക് എതിരെയുള്ള ഏത് പ്രശ്നത്തെയും അഭിവാദ്യം ചെയ്ത് കൊണ്ട് പരിഹരിക്കാൻ കൂടി ഉള്ളതാണ് ഈ ഓഫീസ് എന്നതാണ്. ഇങ്ങനൊക്കെ കേൾക്കുമ്പോൾ വന്നു നിറയുന്ന ഒരാത്മധൈര്യം ഉണ്ട്. പ്രതീക്ഷയുടെ വാതിൽ ആണത്.
സൈബർ പോലീസിൽ നിന്നും രണ്ട് തവണയും വിളിച്ചത് സ്ത്രീകളായ ഉദ്യോഗസ്ഥർ ആയിരുന്നു. നിങ്ങൾ സ്ത്രീകൾ ആയതുകൊണ്ടാണ് പറയുന്നത് സ്ത്രീകൾ അക്രമം നേരിടുമ്പോൾ, സ്ത്രീകൾ തന്നെ ഒപ്പം ഉണ്ടാകണം എന്ന് ഞാൻ അവരോട് പറയുമ്പോൾ എന്റെ ഒച്ച ഇടറി. "എല്ലാം കാണുന്നുണ്ട്, നിയമ നടപടികൾ പെട്ടന്ന് തന്നെ ഉണ്ടാകും. ഉറപ്പ്. മാഡം സമാധാനത്തോടെ ഇരിക്കണം" എന്ന മറുപടി തന്ന സുരക്ഷിതത്വം. അത് കേട്ട് കണ്ണു നിറഞ്ഞു.
സ്ത്രീകളേ... ജനിതക തകരാറു കൊണ്ട് ആരെങ്കിലും സോഷ്യൽ മീഡിയയിൽ വന്നു പരസ്യമായി വിസർജ്ജിക്കുമ്പോൾ അവിടേക്ക് ഒരു കല്ലെങ്കിലും എടുത്ത് എറിയാൻ പറ്റണം. മിണ്ടാതിരുന്നാൽ അതിന്റെ ദുർഗന്ധം നമ്മളേ തന്നെ പൊതിഞ്ഞു കളയും. പിന്നാലെ നടക്കുന്നവരും അതിൽ ചെന്നു വീഴും.
പ്രെഡേറ്റെഴ്സിനും പെർവേർറ്റുകൾക്കും റെപ്പിസ്റ്റുകൾക്കും പൊട്ടെൻഷ്യൽ റെപ്പിസ്റ്റുകൾക്കും പിന്നാമ്പുറ കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞ് അവർക്ക് സോഷ്യൽ ഡാമേജ് ഉണ്ടാക്കുന്ന അബ്യൂസേഴ്സിനും ഉള്ളതല്ല ഈ ഇടം എന്ന് പറയേണ്ടത് നമ്മൾ തന്നെയാണ്.
ഈ കഴിഞ്ഞ ദിവസങ്ങളിൽ അത്രയും തീവ്രമായ സൈബർ അറ്റാക് നേരിടുമ്പോൾ വീഴാതെ വാക്കുകൾ കൊണ്ട് താങ്ങി പിടിച്ച മനുഷ്യരോട് പോലും നന്ദിയുണ്ട്.












Click it and Unblock the Notifications