കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വന്‍ തീപിടിത്തം; മൂന്നു പേര്‍ പുക ശ്വസിച്ച് മരിച്ചതായി ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് മൂന്ന് പേര്‍ മരിച്ചതായി ആരോപണം. ടി സിദ്ദിഖ് എംഎല്‍എയാണ് ആരോപണം ഉന്നയിച്ചത്. ബന്ധുക്കളും ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. പുക പടരുന്നതിനിടെ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം ഉയരുന്നത്. അതേസമയം എംഎല്‍എയുടെ ആരോപണം ആശുപത്രി അധികൃതര്‍ പൂര്‍ണമായും നിഷേധിച്ചു.
ആശുപത്രിയിലുണ്ടായ തീപിടിത്തം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. തീയും പുകയും ഉയര്‍ന്നതോടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ഇറങ്ങിയോടി. കെട്ടിടമാകെ പുക നിറഞ്ഞു. ആശുപത്രി ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേര്‍ന്നാണ് സ്ട്രകച്ചറില്‍ കിടന്ന രോഗികളെ അതിവേഗത്തില്‍ അവിടെ നിന്ന് രക്ഷപ്പെടുത്തിയത്.

അപകട സമയത്ത് നാല് മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അതില്‍ മൂന്നു പേര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചതായി സ്ഥിരീകരണമുണ്ട്. പുക ശ്വസിച്ചല്ല ഇവരുടെ മരണമെന്ന്
മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറയുന്നു. ഇതുകൂടാതെ ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴേ മരണപ്പെട്ടിരുന്നു. തൂങ്ങി മരണമാണ് ഇയാളുടേതെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോടു പറഞ്ഞു.
വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന വയനാട് കല്‍പറ്റ മേപ്പാടി സ്വദേശി നസീറ (44) മരിച്ചത് പുക ശ്വസിച്ചാണെന്ന് ബന്ധുക്കള്‍ പറഞ്ഞതായി എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. പുക പടര്‍ന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് നസീറയെ ധൃതിപിടിച്ച് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചെന്നും സിദ്ദീഖ് അറിയിച്ചു. നസീറയെ കൂടാതെ വെസ്റ്റ് ഹില്‍ സ്വദേശിയായ ഗോപാലന്‍, വടകര സ്വദേശിയായ സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശിയായ ഗംഗാധരന്‍ എന്നിവരാണ് സംഭവ സമയത്തോട് അനുബന്ധിച്ച് മരിച്ചത്.
മരിച്ച മൂന്നു പേരും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഒരാള്‍ക്ക് വായില്‍ അര്‍ബുദവും ഒരാള്‍ കരള്‍ രോഗിയും ഒരാള്‍ ന്യുമോണിയ ബാധിച്ചുമാണ് മരിച്ചത്. വയനാട്ടില്‍ നിന്ന് വന്ന നസീറ വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നസീറയുടെ പോസ്റ്റ്മോര്‍ട്ടം ശനിയാഴ്ച്ച നടത്തും.
ആശുപത്രിയില്‍ യുപിഎസ് മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകിട്ട് എട്ടുമണിയോടെയാണ് അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നത്. യുപിഎസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. പുക വലിയ തോതില്‍ പടര്‍ന്നതിനെതുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന നിരവധി രോഗികളെയാണ് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും ബീച്ച് ബീച്ച് ആശുപത്രിയിലേക്കുമാണ് രോഗികളെ മാറ്റിയത്.
അത്യാഹിത വിഭാഗത്തോട് ചേര്‍ന്നാണ് യുപിഎസ് മുറിയുള്ളത്. ഇവിടെ നിന്നാണ് പൊട്ടിത്തെറി ശബ്ദം കേട്ടതും വലിയ പുക നിറയുകയും ചെയ്തത്. ഇതോടെ പരിഭ്രാന്തരായ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ആദ്യം കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിയോടി. പിന്നീടാണ് രോഗികളെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. ഇടയ്ക്ക് കുറച്ചുനേരം വൈദ്യുതി മുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
അഗ്‌നിശമന സേനയും പൊലീസും ഫയര്‍ ഫോഴ്സും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള ആംബുലന്‍സുകള്‍ രോഗികളെ കൊണ്ടുപോകാനായി ആശുപത്രിയില്‍ എത്തിച്ചിരുന്നു. കാഷ്വാലിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സുപ്രണ്ടന്റ് അറിയിച്ചു. അത്യാഹിത വിഭാഗമായി പഴയ ക്വാഷ്വാലിറ്റി താല്‍കാലികമായി ഉപയോഗിക്കും. ശസ്ത്രക്രിയകള്‍ മുടക്കം കൂടാതെ നടക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആശങ്ക സൃഷ്ടക്കുന്ന സാഹചര്യമില്ലെന്നും രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ബീച്ച് ആശുപത്രിയില്‍ സൗകര്യമുണ്ടെന്നും കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. മരുന്ന് അടക്കം എല്ലാം കൊടുക്കാന്‍ കോര്‍പറേഷന്‍ തയാറാണ്. അപകട കാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും മേയര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.












Click it and Unblock the Notifications