'തീവച്ചാൽ പോലും അറിയില്ല'; ഫയർ ഫോഴ്‌സ് മേധാവി സ്‌റ്റേഷനിൽ കണ്ട കാഴ്ച, കൂർക്കം വലിച്ചുറങ്ങുന്നു
പാലക്കാട്: സംസ്ഥാനത്തെ അഗ്നിശമന സേന വിഭാഗത്തിന് തന്നെ നാണക്കേടുണ്ടാകുന്ന ഒരു സംഭവമാണ് ഈ മാസം പാലക്കാട് നടന്നത്. സംസ്ഥാന ഫയര്‍ ഫോഴ്‌സ് മേധാവിയായ ഡോ സഞ്ജീവ് കുമാര്‍ പട്‌ജോഷി പാലക്കാട്ടെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയായിരുന്നു അത്. പേരിന് ഒരു പാറാവുകാരന്‍ പോലുമില്ലാത്ത ഫയര്‍ സ്റ്റേഷനില്‍ ജീവനക്കാര്‍ എല്ലാവരും കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുന്നു. ഈ സമയത്ത് ജില്ലയില്‍ ഒരു അപകടം സംഭവിച്ചാല്‍ പോലും ഇവര്‍ അറിയില്ല.
ജൂലായ് എട്ടിനാണ് ഈ സംഭവമുണ്ടായതെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി പതിനൊന്നരയോടെയാണ് ഫയര് ഫോഴ്‌സ് മേധാവി അപ്രതീക്ഷിതമായി സ്റ്റേഷനില്‍ എത്തിയത്. ഈ സമയത്ത് പാറാവ് ഡ്യൂട്ടിക്ക് പോലും അരുമുണ്ടായിരുന്നില്ല. കൂടാതെ മറ്റ് ജീവനക്കാര്‍ എല്ലാവരും തന്നെ കിടന്നുറങ്ങുകയാണ് ചെയ്യുന്നത്. ശേഷം മേധാവിക്കൊപ്പം എത്തിയ ഡ്രൈവറാണ് എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചുണര്‍ത്തിയത്.

ഉദ്യോഗസ്ഥരുടെ പ്രവൃത്തിയില്‍ രോഷം കൊണ്ട ഫയര്‍ ഫോഴ്‌സ് മേധാവി ഇതേ കുറിച്ച് വാട്‌സാപ്പില്‍ സന്ദേശമയച്ചു. ജീവനക്കാരുടെ നടപടിയില്‍ ഫയര്‍ ഫോഴ്‌സ് മേധാവി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജീവനക്കാരുടെ ഇത്തരം നടപടി അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം പറയുന്നത് . എല്ലാവരും രാപ്പകല്‍ ഭേദമില്ലാതെ ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി .
എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. മേധാവി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ തങ്ങള്‍ ആരും ഉറങ്ങിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഗുരുതര കൃത്യവിലോപം നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കാത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. ഉറങ്ങിയ ജീവനക്കാര്‍ക്കെതിരെ ഔദ്യോഗികമായി ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല .
നിസാര കുറ്റങ്ങള്‍ കണ്ടെത്തിയാല്‍ പോലും നടപടി സ്വീകരിക്കുന്ന സംഭവങ്ങളുണ്ടായിട്ടും ഡ്യൂട്ടി സമയത്ത് ഉറങ്ങിയ പോലുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഫയര്‍ ഫോഴ്‌സ് മേധാവി അയച്ച സന്ദേശം ജീവനക്കാരുടെ ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 'ജീവനക്കാര്‍ കൂട്ട ഉറക്കത്തില്‍, പാറാവ് ഡ്യൂട്ടിക്കാരന്‍ പോലുമില്ലാത്ത സ്റ്റേഷന് ആരെങ്കിലും തീവച്ചാല്‍ പോലും അറിയില്ലെന്നാണ് ' ഡോ . സഞ്ജീവ് കുമാര്‍ പട് ജോഷി ജീവനക്കാര്‍ക്ക് സന്ദേശമയച്ചത്.












Click it and Unblock the Notifications