സെക്രട്ടറിയേറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപം തീപിടുത്തം: ഫയലുകള്‍ നഷ്ടമായില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വീണ്ടും തീപിടുത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപടര്‍ന്നത്. വ്യാവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ ഓഫിസിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്. രാവിലെ 7.55 ഓടെയാണ് തീപിടുത്തം ശ്രദ്ധയിപ്പെട്ടത്. എ.സിയില്‍ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയർഫോഴ്സ് എത്തി ഉടന്‍ തന്നെ തീ അണച്ചു. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് അടക്കമുള്ള വിഭാഗങ്ങളും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഫയലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഫയലുകളൊന്നും നഷ്ടമായിട്ടില്ലെന്ന് മന്ത്രി പി രാജീവും വ്യക്തമാക്കി. ഇ-ഫയലുകളാണ് ഓഫീസിലുള്ളത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും ഓഫീസിലില്ല. സംഭവം ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിക്കും. നിലവില്‍ തീ പൂർണ്ണമായി അണച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം എ ഐ ക്യമറയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വ്യവസായ വകുപ്പ് അന്വേഷണം നടന്ന് വരികയാണ്.
നേരത്തെ 2020 ഓഗസ്റ്റിലും സെക്രട്ടറിയേറ്റില്‍ തീപിടുത്തം ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗത്തിലായിരുന്നു തീപിടുത്തം ഉണ്ടായത്. സ്വർണക്കടത്ത് വിവാദം കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഈ തീപിടുത്തം എന്നതിനാല്‍ വലിയ ആരോപണങ്ങളായിരുന്നു പ്രതിപക്ഷം നടത്തിയത്. എന്നാല്‍ തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്.
ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴെ വീഴുകയായിരുന്നുവെന്നും തുടർന്ന് കർട്ടനിലും ഫയലുകളിലും തീപിടിക്കുകയായിരുന്നുവെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു തീപിടുത്തം അന്വേഷിച്ചത്.
exercises: ശരീര ഭാരം കുറയാന്‍ മാത്രമല്ല എയ്റോബിക് വ്യായാമം: നേട്ടങ്ങള്‍ ഒട്ടനവധി












Click it and Unblock the Notifications