ഞാന്‍ പണിതുതരും വീട്; ജനുവരി അവസാനം പണി തുടങ്ങാം- നെയ്യാറ്റിന്‍കര സഹോദരങ്ങളോട് ഫിറോസ്
കൊച്ചി: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൈയ്യേറ്റം ആരോപിച്ച് ഒഴിപ്പിക്കാനെത്തിയ വേളയില്‍ തീക്കൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് സഹായ ഹസ്തം. മാതാപിതാക്കള്‍ നഷ്ടമായ മക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് സാമൂഹിക പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍ അറിയിച്ചു. കുട്ടികള്‍ക്ക് വീടും സുരക്ഷയും ഒരുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പഠന ചെലവ് ഏറ്റെടുക്കുമെന്ന് ഡിവൈഎഫ്ഐയും വീട് നിര്‍മിച്ചുനല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചതിന് പിന്നാലെയാണ് ഫിറോസിന്റെ പ്രതികരണം.
നെയ്യാറ്റിന്‍കര പോങ്ങില്‍ മൂന്ന് സെന്റ് ഭൂമിയിലാണ് രാജനും അമ്പിളിയും രണ്ടു ആണ്മക്കളും താമസിച്ചിരുന്നത്. രാജന് ഭൂമി കൈയ്യേറി എന്നാരോപിച്ച് അയല്‍വാസി മുന്‍സിഫ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. രാജനെതിരായിരുന്നു കോടതി വിധി. കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് എത്തിയ വേളയിലാണ് അനിഷ്ട സംഭവങ്ങള്‍. ആശുപത്രിയില്‍ ചികില്‍സിലിരിക്കെ തിങ്കളാഴ്ചയാണ് ദമ്പതികള്‍ മരിച്ചത്. ഇതോടെ വലിയ വിവാദമായി സംഭവം. തുടര്‍ന്നാണ് യുവജന സംഘടനകള്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായി. അതിന് ശേഷമാണ് ഫിറോസ് രംഗത്തുവന്നിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും
ദമ്പതികള്‍ മരിക്കാനിടയായ സംഭവം റൂറല്‍ എസ്പി അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹറ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ എന്നും അന്വേഷിക്കും. ഒഴിപ്പിക്കിലനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസ് ഒഴിപ്പിക്കാനെത്തിയത്. മുന്‍സിഫ് കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്ത ഉത്തരവ് വന്നപ്പോഴേക്കും ദമ്പതികള്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്നു. മക്കള്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഇരുവരും പഠിച്ച് മുന്നേറണമെന്നും ഫിറോസ് പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....
ആര് കൈ വിട്ടാലും കൂടെ ഞാനുണ്ട്.....
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണില്‍ എന്റെ സഹോദരങ്ങള്‍ക്ക് ഒരു വീടൊരുക്കാന്‍
ഈ ചേട്ടന് മുന്നിലുണ്ടാവും, ഞങ്ങള്‍ പണിഞ്ഞു തരും നിങ്ങള്കൊരു വീട് ........
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വന്തമായി വീടില്ലാത്തതിന്റെ വിഷമം പറയുന്നതും എന്നാല്‍ അവര്‍ക്കുള്ള വീട് സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്ന വാര്‍ത്തയും എന്നാല്‍ സര്‍ക്കാരിന്റെ ഉറപ്പൊന്നും ലഭിച്ചില്ല എന്ന് കുട്ടികള്‍ പറയുന്ന വാര്‍ത്തയും കണ്ടു. എന്തായാലും ആര് കൈ വിട്ടാലും 2021 ജനുവരി അവസാനം നമുക്ക് വീടുപണി തുടങ്ങാം. നിങ്ങള്‍ക്കൊരു വീടൊരുക്കാന്‍ ഞാനുണ്ട് മുന്നില്‍. ആരുടെ മുന്നിലും തലകുനിക്കരുത്. നന്നായി പഠിക്കണം, എല്ലാത്തിനും വഴി നമുക്ക് കാണാം......