വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്കുകപ്പല്‍ എത്തി; സാന്‍ ഫെര്‍ണാണ്ടോക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം
തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ നീണ്ട കേരളത്തിന്റെ വികസന സ്വപ്‌നം വിഴിഞ്ഞത്ത് നങ്കൂരമിടുന്നു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോ തുറമുഖക്ക് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ ചരക്ക് കപ്പലിനെ സ്വീകരിച്ചത്. ചെണ്ടമേളം ഒരുക്കി പ്രദേശവാസികളും അകമ്പടിയൊരുക്കി. മെസ്‌ക് ലൈന്‍ കപ്പല്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സാന്‍ ഫെര്‍ണാണ്ടോ.
ഇന്ന് രാവിലെ ഏഴരയോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 8.45 ഓടെയാണ് തീരമണഞ്ഞത്. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. കരയടക്കുന്നതിന് മുമ്പായി തന്നെ സാന്‍ ഫെര്‍ണാന്‍ണ്ടോയുടെ നിയന്ത്രണം വിഴിഞ്ഞം തുറമുഖത്തിലെ ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിരുന്നു.

റഷ്യന്‍ സ്വദേശി ക്യാപ്റ്റന്‍ വോള്‍ഡിമര്‍ബോണ്ട് ആരെങ്കോയില്‍ നിന്ന് പൈലറ്റ് തുഷാര്‍ നിത്കറും സഹപൈലറ്റ് സിബി ജോര്‍ജ്ജുമായിരുന്നു കപ്പലിനെ വിഴിഞ്ഞത്തേക്ക് നയിച്ചത്. കരയോട് അടുപ്പിക്കാനുള്ള മൂറിംഗ് 10 മണിയോടെ നടക്കും. കപ്പല്‍ തീരം തൊടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിമാരായി മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും വിഴിഞ്ഞത്ത് ഉണ്ടാകും.
വെള്ളിയാഴ്ചയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസംസ്ഥാന മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. ഇതിന് ശേഷം സാന്‍ ഫെര്‍ണാണ്ടോ കൊളംബോയിലേക്ക് പുറപ്പെടും. നാളെയാണ് ഔദ്യോഗിക സ്വീകരണ ചടങ്ങെങ്കിലും ഇന്ന് തന്നെ കണ്ടെയ്‌നറുകള്‍ ഇറക്കും. രണ്ടായിരത്തോളം കണ്ടെയ്‌നറുകളാണ് കപ്പലില്‍ ഉള്ളത്. ഇത് ഇറക്കാന്‍ ഒരു ദിവസം മതിയാകും.
ബാക്കിയുള്ള കണ്ടെയ്‌നറുകളുമായി നാളെ വൈകിട്ട് കപ്പല്‍ യൂറോപ്പിലേക്ക് തിരിക്കും. നാളെയോടെ തന്നെ കണ്ടെയ്‌നറുകള്‍ കയറ്റാനുള്ള ഫീഡര്‍ വെസലുകളും തുറമുഖത്ത് എത്തിച്ചേരും.ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്. സെപ്തംബര്‍ വരെ മൂന്നുമാസക്കാലം ട്രയല്‍ റണ്‍ തുടരും. രാജ്യത്തെ ആദ്യ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്.
7700 കോടി രൂപയുടെ പദ്ധതിയാണ് വിഴിഞ്ഞ് ഒരുങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി രണ്ട് കപ്പലുകളും ജൂലൈയില്‍ തന്നെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ ലോകത്തെ ഏറ്റവും വലിയ കപ്പലും വിഴിഞ്ഞെത്തുമെന്നാണ് അദാനി പോര്‍ട്‌സ് പറയുന്നത്.












Click it and Unblock the Notifications