വികസന സ്വപ്‌നങ്ങളിലേക്ക് കേരളം നങ്കൂരമിടുന്നു; ആദ്യ ചരക്കുകപ്പല്‍ ഇന്ന് വിഴിഞ്ഞത്ത്
തിരുവനന്തപുരം: കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തായി വിഴിഞ്ഞത്തിന്റെ തീരത്തേക്ക് കപ്പല്‍ അടുക്കുന്നു. തുറമുഖത്തേക്കുള്ള ആദ്യ ചരക്കുകപ്പല്‍ ഇന്ന് രാവിലെ ഏഴരയോടെ വിഴിഞ്ഞത്തെത്തും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതിന്റെ ആദ്യ പടിയാണ് ഇത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്‍ഡോയെന്ന കപ്പലാണ് വിഴിഞ്ഞത്തേക്ക് കണ്ടെയ്നറുകളുമായി എത്തുന്നത്.
നിലവില്‍ സാന്‍ ഫര്‍ണാണ്ടോ വിഴിഞ്ഞത്ത് നിന്നും 25 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്ത്യന്‍ പുറംകടലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. 7.30 ഓടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് എത്തും. ഒമ്പത് മണിക്ക് വാട്ടര്‍ സല്യൂട്ട് നല്‍കി തുറമുഖന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ കപ്പലിനെ സ്വീകരിക്കും. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക. നാളെ രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കും.

കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാണ്. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും ചടങ്ങില്‍ പങ്കെടുക്കും. 1930 കണ്ടെയ്‌നറുകളാണ് ആദ്യ വരവില്‍ വിഴിഞ്ഞത്ത് ഇറക്കുന്നത്. ഇവ ഇറക്കുന്നതിനു ഒരു ദിവസം മതിയാകും. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്.
പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്ന തരത്തിലുള്ള ട്രയല്‍ റണ്‍ ഇന്ന് തുടങ്ങും. 12 ലെ സ്വീകരണ ചടങ്ങിന് പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോക്ക് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്. ബെര്‍ത്തിംഗ് നടത്തുന്നതിന് പിന്നാലെ ചരക്കിറക്കല്‍ ജോലിയും തുടങ്ങും. ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുന്നത്.
വലിയ കപ്പലില്‍ നിന്നു ചെറു കപ്പലിലേക്കുള്ള ചരക്കു കയറ്റല്‍(ട്രാന്‍ഷിപ്മെന്റ്) നടത്തുന്നതിനായി മാറിന്‍ അജൂര്‍, സീസ്പാന്‍ സാന്റോസ് എന്നീ രണ്ട് ചെറു കപ്പലുകള്‍ എത്തിയേക്കും. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്നറുകള്‍ അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് കൊണ്ടുപോകുക. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍ വരെ തുടര്‍ച്ചയായി ചരക്ക് കപ്പലുകള്‍ എത്തും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മൂന്ന് മാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്താനാണ് ആലോചിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞത്തേത്. പി പി പി മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. 2015 ഓഗസ്റ്റ് 17 നാണ് വിഴിഞ്ഞം കരാര്‍ ഒപ്പ് വെക്കുന്നത്. അതേവര്‍ഷം ഡിസംബര്‍ അഞ്ചിനാണ് തറക്കല്ലിട്ടത്. 2017 ജൂണ്‍ ഒന്നിനായിരുന്നു ബെര്‍ത്ത് നിര്‍മാണോദ്ഘാടനം. 2023 ഒക്ടോബര്‍ 15 ന് ക്രെയിനുകളുമായി ആദ്യ കപ്പല്‍ എത്തി.












Click it and Unblock the Notifications