ചരിത്രത്തില്‍ ആദ്യം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിന് നഴ്സിങ് മേഖലയിൽ സംവരണം ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി എസ് സി നഴ്സിങ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിങ് കോഴ്സിൽ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനം ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നഴ്സിങ് മേഖലയിൽ സംവരണം ഏർപ്പെടുത്തുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.
ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സർക്കാർ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടർച്ചയായാണ് ആരോഗ്യ രംഗത്തു കൂടി ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരമൊരു ആവശ്യം ഏറെ നാളായി ട്രാന്‍സ് ജെന്‍ഡർ വിഭാഗത്തില്‍ നിന്നും ഉയർന്നിരുന്നു. മറ്റ് മേഖലകളിലും കമ്യൂണിറ്റിക്ക് സംവരണം ഏർപ്പെടുത്തണമെന്നാണ് ട്രാന്‍സ്ജെന്‍ഡർ പ്രവർത്തകർ ആവശ്യപ്പെടുന്നത്.

അതേസമയം, മാലിന്യ സംസ്‌കരണത്തിനായി മെഡിക്കൽ കോളജുകളിൽ ഈ സാമ്പത്തിക വർഷം തന്നെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ബയോമെഡിക്കൽ മാലിന്യമൊഴികെ ചെറുതും വലുതുമായ എല്ലാ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സംവിധാനമാണിത്. മെഡിക്കൽ കോളജുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഹൗസ് കീപ്പിംഗ് വിഭാഗം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകളെ മെഡിക്കൽ ഹബ്ബിന്റെ ഭാഗമാക്കി മാറ്റും. കേരളത്തെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചതാണ്. സംസ്ഥാനത്തിന് പുറത്തു നിന്നും രാജ്യത്തിന് പുറത്തു നിന്നും എത്തുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ സജ്ജീകരണം മെഡിക്കൽ കോളജുകളിൽ ഒരുക്കാൻ മന്ത്രി നിർദേശം നൽകി.
മെഡിക്കൽ കോളജുകളിൽ 10 പ്രിൻസിപ്പൽമാർ പുതുതായി ചാർജ് ഏറ്റെടുത്തവരാണ്. മന്ത്രിയുടെ നിർദേശ പ്രകാരം പ്രിൻസിപ്പൽമാർക്കായി 2 ദിവസത്തെ പരിശീലനം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെയാണ് മെഡിക്കൽ കോളജുകളുടെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്നതിന് മന്ത്രി യോഗം വിളിച്ചത്. എല്ലാ മെഡിക്കൽ കോളജുകളിലേയും പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്ത് പരിഹാര മാർഗങ്ങൾ നിർദേശിച്ചു. മെഡിക്കൽ കോളജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സമയബന്ധിതമായി അവ പൂർത്തിയാക്കണം. തുടർച്ചയായ നിരീക്ഷണം ഉണ്ടാകണമെന്നും മന്ത്രി നിർദേശം നൽകി.
എബിബിഎസ്, പിജി സീറ്റുകൾക്ക് പ്രാധാന്യം നൽകണം. സീറ്റുകൾ വർധിപ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടപ്പാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കൽ കോളജുകളും നടപ്പാക്കണം. ആശുപത്രികൾ രോഗീസൗഹൃദവും ജനസൗഹൃദവുമാകണം. രോഗികളോട് ജീവനക്കാർ നല്ല രീതിയിൽ പെരുമാറണം. കിഫ്ബി തുടങ്ങിയ വിവിധ ഫണ്ടുകളോടെ മികച്ച സംവിധാനങ്ങൾ മെഡിക്കൽ കോളജിൽ ഒരുക്കി വരുന്നു. അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കണം. പുതിയ തസ്തികകൾ സൃഷ്ടിക്കാനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications