ഇന്ത്യയില്‍ തന്നെ ആദ്യം: ഇനിയെല്ലാം ഓണ്‍ലൈന്‍, കെ സ്മാർട്ട് പദ്ധതി ജനുവരി ആദ്യം മുതല്‍ ആരംഭിക്കും
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് എന്ന സംയോജിത സോഫ്റ്റ് വെയര്‍ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി. ആദ്യ ഘട്ടത്തില്‍ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലുമായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. രാജ്യത്താദ്യമായിട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പൊതു സേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന ഇത്തരമൊരു സംവിധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമത, സുതാര്യത എന്നിവയെല്ലാം വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും. ചട്ടപ്രകാരമുള്ള അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങള്‍ക്കുള്ളില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും. ജനന - മരണ രജിസ്ട്രേഷന്‍ രജിസ്ട്രേഷന്‍, തിരുത്തല്‍ എന്നിവയും ഓൺലൈനായി ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സപ്പിലൂടെയും ലഭ്യമാവും. എവിടെ നിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന്‍ സാധ്യമാവും. ഇത് ഇന്ത്യയില്‍ തന്നെ ആദ്യമാണ്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് സംരംഭകർക്ക് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പര്‍ ലഭിക്കുക, കെട്ടിട നികുതി അടക്കുക തുടങ്ങിയവ ഓണ്‍ലൈനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലത്ത് നവകേരള സദസ്സിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനം കെ-സ്മാർട്ടിൽ ഒരുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സംവിധാന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും, അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും, ജില്ലാ തലത്തിലും, സംസ്ഥാനതലത്തിലും ഡാഷ് ബോർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാ പനങ്ങളുടെ പ്രവർത്തനം നിരന്തരം നിരീക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ സൗകര്യങ്ങള്‍ എല്ലാം തന്നെ ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് ഓഫീസ് കയറിയിറങ്ങാതെ എല്ലാ സേവനങ്ങളും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. ആദ്യം നഗരങ്ങളില്‍ നടപ്പാകുന്ന കെ-സ്മാര്‍ട്ട്, 2024 ഏപ്രില്‍ 01 മുതല്‍ ഗ്രാമപഞ്ചായത്തുകളിലും വ്യാപിപ്പിക്കും. അതോടുകൂടി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഏകീകൃത സോഫ്റ്റ് വെയര്‍ സംവിധാനം നിലവില്‍ വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications