Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ഭൂരിപക്ഷം 21, കോടതി ഇടപെട്ടപ്പോൾ 2, പിന്നെ 8! - വോട്ടിങ് യന്ത്രങ്ങളുടെ ഡീകോഡിങ് നടത്തേണ്ടി വന്ന ഏക മണ്ഡലം

ജനാധിപത്യത്തിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. കാരണം, ചരിത്രം മാറ്റിമറിക്കാൻ ഒരു വോട്ട് മതി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ കുറഞ്ഞ ഭൂരിപക്ഷങ്ങളുടെ ഓർമ്മകൾ സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് ഉയർത്താറുണ്ട്. അത്തരമൊരു തെരഞ്ഞെടുപ്പ് ഫലമായിരുന്നു 2001ൽ ഇരവിപുരത്തേത്. കോടതി ഉത്തരവ് പ്രകാരം വോട്ടിങ് യന്ത്രങ്ങളുടെ ഡീകോഡിങ് നടത്തേണ്ടിവന്ന ഏക മണ്ഡലവുമായി അതോടെ ഇരവിപുരം.

ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ എ.എ. അസീസിന് ഒരിക്കലും മറക്കാനാകാത്ത തെരഞ്ഞെടുപ്പാണ് 2001ലേത്. ആർഎസ്പി സ്ഥാനാർഥിയായി എൽഡിഎഫിനുവേണ്ടി മത്സരിച്ച എ.എ. അസീസും യുഡിഎഫ് സ്ഥാനാർഥി മുസ്‍ലിം ലീഗിലെ ടി.എ. അഹമ്മദ് കബീറും തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടൽ. ഫലം വന്നപ്പോൾ അസീസിന് 55,638 വോട്ടും അഹമ്മദ് കബീറിന് 55,618 വോട്ടും. 20 വോട്ടിന്റെ ഭൂരിപക്ഷത്തിന് അസീസ് ജയിച്ചു.

vote

തപാൽ വോട്ടുകൾ വീണ്ടും എണ്ണിയപ്പോൾ അസീസിന് ഒരു വോട്ട് കൂടി ലഭിച്ച​ു. അതോടെ ഭൂരിപക്ഷം 21 ആയി. ഭരണസ്വാധീനം ഉപയോഗിച്ച് അസീസ് പൊലീസ് ഉദ്യോഗസ്ഥരെകൊണ്ട് കള്ള വോട്ട് ചെയ്യിച്ചെന്നു ആരോപിച്ച് അഹമ്മദ് കബീർ കോടതിയെ സമീപിച്ചു. ഇത് പരിശോധിച്ച കോടതി ഡീകോഡിങ്ങിന് ഉത്തരവിട്ടതോടെ വോട്ടിങ് യന്ത്രങ്ങൾ വീണ്ടും പരിശോധിച്ചു. ഡീകോഡിങ്ങിൽ അസീസിന്റെ ഭൂരിപക്ഷം വെറും രണ്ടു വോട്ടായി കുറഞ്ഞു.

ഇത് ചോദ്യം ചെയ്ത് അസീസ് മേൽകോടതിയെ സമീപിച്ചു. അഹമ്മദ് കബീറിന് വേണ്ടി എട്ട് കള്ളവോട്ട് നടന്നതായി കോടതിയിൽ പരാതി നൽകി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ അസീസിന്റെ പരാതിയിൽ പറഞ്ഞ എട്ട് വോട്ടുകളിൽ ആറെണ്ണം കള്ളവോട്ടാണെന്ന് കണ്ടെത്തി. ഇതോടെ അസീസിന്റെ ഭൂരിപക്ഷം എട്ട് വോട്ടായി മാറി. യുഡിഎഫ് സ്ഥാനാഥിക്കുവേണ്ടി എട്ടുപേർ കള്ളവോട്ട് ചെയെ്തെന്ന വാദം അസീസ് നേരത്തേ ഉന്നയിച്ചില്ലെന്ന് എതിർവിഭാഗം സുപ്രീംകോടതിയിൽ ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.

മുസ്‍ലിം ലീഗിലെ ചില അസ്വാരസ്യങ്ങളാണ് അന്ന് യു.ഡി.എഫ് പരാജയത്തിന് കാരണമായത്. 2006ൽ വീണ്ടും മത്സരിച്ച അസീസ് ഭൂരിപക്ഷം 24,049 വോട്ടായി ഉയർത്തുകയും ചെയ്തു. 2021ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചത് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരമാണ്-38 വോട്ട്.

1965ൽ ചടയമംഗലത്തുനിന്ന് സോഷ്യലിസ്റ്റ് സ്ഥാനാർഥി ഡി. ദാമോദരൻ പോറ്റി ജയിച്ചത് 22 വോട്ടിനാണ്. 1982ൽ പള്ളുരുത്തിയിൽ കോൺഗ്രസ്-എസ് സ്ഥാനാർഥി ടി.പി. പീതാംബരൻ 13 വോട്ടിന് ജയിച്ചിട്ടുണ്ട്. 1980ൽ കോൺഗ്രസ്-യു സ്ഥാനാർഥിയായി പീതാംബരൻ ജയിച്ച മണ്ഡലമാണിത്. രണ്ട് കൊല്ലം കഴിഞ്ഞപ്പോഴേക്കും എ.കെ. ആന്റണി ഇടതുബന്ധം വിട്ട് യുഡിഎഫിൽ എത്തിയതോടെ പീതാംബരൻ എതിർപക്ഷത്തായി. കേരള കോൺഗ്രസ്-ജെ സ്ഥാനാർഥി ഈപ്പൻ വർഗീസ് ആയിരുന്നു എതിരാളി.

ഫലം വന്നപ്പോൾ പീതാംബരൻ 16 വോട്ടിന് ജയിച്ചു. ഇത് ചോദ്യം ചെയ്ത് ഈപ്പൻ വർഗീസ് കോടതിയെ സമീപിച്ചു. മൂന്ന് വോട്ട് അസാധുവാണെന്ന് കണ്ടെത്തിയതോടെ പീതാംബരന്റെ ഭൂരിപക്ഷം 13 ആയി. 1991ൽ കോവളത്ത് കോൺഗ്രസ് നേതാവ് ജോർജ് മസ്ക്രീൻ 23 വോട്ടിനും കായംകുളത്ത് തച്ചടി പ്രഭാകരൻ 33 വോട്ടിനുമാണ് ജയിച്ചത്. 2001ൽ ശ്രീകൃഷ്ണപുരത്ത് സിപിഎമ്മിന്റെ ഗിരിജ സുരേന്ദ്രൻ ജയിച്ചത് 21 വോട്ടിനാണ്. 2016ൽ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്ന് കോൺഗ്രസിന്റെ അനിൽ അക്കര ജയിച്ചത് 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+