മത്സ്യക്കുഞ്ഞുങ്ങൾക്ക് രക്ഷയില്ല; തുറമുഖങ്ങൾ കേന്ദ്രീകരിച്ചു മത്സ്യക്കുഞ്ഞ് കടത്ത് രൂക്ഷം
കൊച്ചി: തുറമുഖങ്ങൾ കേന്ദ്രീകരിച്ചു മത്സ്യക്കുഞ്ഞുങ്ങളുടെ കടത്തു രൂക്ഷമാകുന്നു. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും നോക്കു കുത്തികളായി. മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്ന ബോട്ടുകൾക്കെതിരെ ജില്ലാ ഫിഷറീസ് അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചതു വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഫെബ്രുവരിയിൽ മുനമ്പം മിനി ഹാർബറിൽ നിന്നു മത്സ്യക്കുഞ്ഞുങ്ങളുമായി ഫിഷറീസ് അധികൃതർ കസ്റ്റഡിയിലെടുത്ത രണ്ടു ബോട്ടുകൾ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തിയ സ്ഥിതിയാണ്. നിരവധി വാഹനങ്ങളിൽ എത്തിയ 200 ഓളം വരുന്ന ബോട്ടുടമകളും തരകൻമാരും ചേർന്നു വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ആക്രമിച്ചു ബോട്ടുകൾ മോചിപ്പിച്ചു കൊണ്ടു പോകുകയായിരുന്നു. ആക്രമണത്തിൽ ഫിഷറീസ് അസി.ഡയറക്റ്റർ എസ്.ഐ. രാജീവ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.

ഈ കേസിൽ അറസ്റ്റിലായ 10 പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. ബോട്ടുകളും വിട്ടു കൊടുത്തു. 200 ഓളം പേരെ പ്രതി ചേർത്തെങ്കിലും കൂടുതൽ അറസ്റ്റുണ്ടായില്ല. ആക്രമണത്തിനു തൊട്ടുപിന്നാലെ മറൈൻ എസ്പിയുടെയും കോസ്റ്റൽ പൊലീസിന്റെയും സംയുക്ത നേതൃത്വത്തിൽ കൊച്ചി തീരത്തു നിരീക്ഷണവും റെയ്ഡും ശക്തമാക്കാൻ തീരുമാനിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ഇതിനിടെയാണു മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതു പൂർവാധികം ശക്തിയോടെ പുനരാരംഭിച്ചത്.
നേരത്തെ മുനമ്പം തുറമുഖം കേന്ദ്രീകരിച്ചായിരുന്നു കടത്തെങ്കിൽ വൈപ്പിൻ തുറമുഖത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്. മുനമ്പത്ത് തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും വൈപ്പിനിൽ നീണ്ടകരയിൽ നിന്നുള്ള തൊഴിലാളികളുമാണു നേതൃത്വം നൽകുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെ കടത്തു തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് അധികൃതർ മറൈൻ എൻഫോഴ്സ്മെന്റ് സിഐയ്ക്ക് കത്തു നൽകിയെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നു കാര്യമായ നടപടിയൊന്നുമുണ്ടായില്ല.
മറൈൻ എൻഫോഴ്സ്മെന്റിൽ 12 പൊലീസുകാരുണ്ടെങ്കിലും രാത്രികാല പട്രൊളിങിന് രണ്ടു പൊലീസുകാരുടെ സേവനം മാത്രമാണു കിട്ടുന്നത്. ഫെബ്രുവരിയിൽ ആക്രമണമുണ്ടായപ്പോൾ ശക്തമായ നടപടികൾ ഭരണതലത്തിൽ ഉണ്ടാകാതിരുന്നതു ഫിഷറീസ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെ മത്സ്യക്കടത്തും തകൃതിയാണ്. കടലിന്റെ അടിത്തട്ടി ഇടക്കി മത്സ്യക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിക്കാൻ തുടങ്ങിയിട്ടുണ്ട്. മത്സ്യസമ്പത്തു പൂർണമായി നശിക്കാൻ ഇതിടയാക്കും.












Click it and Unblock the Notifications