ഭാരതപ്പുഴയിലെ യുവാക്കള്‍ നടത്തുന്ന മത്സ്യകൃഷി കൊള്ളയടിച്ചു, ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം
മലപ്പുറം: ഭാരതപ്പുഴയിലെ യുവാക്കള്‍ നടത്തുന്ന മത്സ്യകൃഷി കൊള്ളയടിച്ചു, 9മത്സ്യക്കൂടുകള്‍ തകര്‍ത്തു. ഏഴ് ലക്ഷം രൂപയുടെ നാശനഷ്ടം
യുവാക്കളുടെ മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന മാഫിയകളുടെ ഗുണ്ടായിസത്തിനെതിരെ വ്യാപക പ്രതഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.മത്സ്യ വകുപ്പിന് കീഴില്‍ പ്രജനനത്തിനായി നിക്ഷേപിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളേയും, കരിമീന്‍ കുഞ്ഞുങ്ങളേയും കൊള്ളയടിച്ച് കയറ്റുമതി ചെയ്യുന്ന സംഘത്തെക്കുറിച്ച് പരാതി നല്‍കിയതിന്റെ പ്രതികാരമെന്നോണമാണ് ലക്ഷങ്ങള്‍ വിലയുള്ള മത്സ്യക്കൂടുകള്‍ നശിപ്പിച്ചത്.
പൊന്നാനി ഭാരതപ്പുഴയില്‍ മത്സ്യകൃഷി ചെയ്യുന്ന ലിയാക്കത്ത്, ഫൈസല്‍, ആബിദ് എന്നിവരുടെ പത്ത് മത്സ്യ കൂടുകളില്‍ ഒന്‍പതെണ്ണവും, രാത്രിയുടെ മറവില്‍ നശിപ്പിക്കുകയായിരുന്നു. ഒന്‍പത് മാസം പ്രായമായി വിളവെടുപ്പിന് ഒരുങ്ങിയ കരിമീന്‍ ,നരിമീന്‍ (കാളാഞ്ചി ) എന്നിവയാണ് സംഘം നശിപ്പിച്ചത്. 1200 കാളാഞ്ചി മത്സ്യങ്ങളെ ഫിഷറീസില്‍ നിന്നും, സബ്‌സിഡി ഇനത്തിലും, 1200 കരിമീന്‍ കുഞ്ഞുങ്ങളെ സ്വന്തമായുമാണ് യുവാക്കള്‍ കൃഷിയിറക്കിയത്.

പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് മാഫിയ സംഘം കൂട് തുറന്ന് വിട്ടും, വല കീറി യും നശിപ്പിച്ചത്. മാര്‍ക്കറ്റില്‍ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന മത്സ്യങ്ങളെയാണ് പ്രതികാര നടപടിയുടെ ഭാഗമായി നശിപ്പിച്ചത്.കഴിഞ്ഞ ദിവസം സംഘംപുഴയില്‍ നിന്നും മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നത് ശ്രദ്ധയിപ്പെട്ടതിനെത്തുടര്‍ന്ന് യുവാക്കള്‍ ഫിഷറീസിലും, പൊലീസിലും പരാതി നല്‍കിയിരുന്നു.
ഇതിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് യുവാക്കള്‍ പറഞ്ഞു.വെളിയങ്കോട് സ്വദേശികളായ സംഘം ചെമ്മീന്‍ കുഞ്ഞുങ്ങളെ കൊള്ളയടിച്ച് കയറ്റി അയക്കുന്നത് പതിവായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ചെമ്മീന്‍ കുഞ്ഞുങ്ങളെ കയറ്റിയയക്കുന്നത് തീരദേശ പൊലീസ് പിടികൂടുകയും, ഫിഷറീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഫിഷറീസ് വകുപ്പ് തുച്ഛമായ ഫൈന്‍ അടപ്പിച്ച് വെറുതെ വിട്ടതിനെത്തുടര്‍ന്നാണ് വീണ്ടും സംഘം രംഗത്തിറങ്ങിയത്.ലക്ഷങ്ങളുടെ നാശനഷ്ടം വരുത്തിയ സംഘത്തിനെതിരെ യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി.












Click it and Unblock the Notifications