കൊറോണ: കണ്ണൂർ സ്വദേശിയ്ക്കൊപ്പം സഞ്ചരിച്ചവരിൽ അഞ്ച് കാസർഗോഡ് സ്വദേശികൾ, കണ്ടെത്താൻ ആരോഗ്യവകുപ്പ്!!
കണ്ണൂർ: കൊറോണ ബാധിതനായ കണ്ണൂർ പെരിങ്ങോം സ്വദേശിയായ യുവാവിന്റെ കൂടെ യാത്ര ചെയ്തവരിൽ അഞ്ച് പേർ കാസർഗോഡ് സ്വദേശികൾ. ഇതോടെ ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നീക്കമാണ് ആരോഗ്യ വകുപ്പ് അധികൃതർ നടത്തിവരുന്നത്. കണ്ണൂർ സ്വദേശിക്കൊപ്പം ദുബായിൽ നിന്നും കോഴിക്കോട് വരെ വിമാനത്തിൽ സഞ്ചരിച്ചവരാണ് ഈ അഞ്ചുപേർ. കണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതോടെ യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു. മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ ദുബായിൽ നിന്ന് കോഴിക്കോടെത്തിയത്.
കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കി: പ്രാഥമിക സമ്പർക്കം പുലർത്തിയത് 15 പേർ

തിരിച്ചെത്തിയ ശേഷം പനിയും ചുമയും
കഴിഞ്ഞ മാർച്ച് അഞ്ചിന് സ്പൈസ് ജെറ്റിന് കരിപ്പൂരിൽ ഇറങ്ങി നാട്ടിലെത്തിയ ഇദ്ദേഹം കടുത്ത പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയത്. ഇതോടെ ഈ മാസം ഏഴു മുതൽ 12 വരെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാൽ നേരത്തെ കൊറോണ ബാധിത പ്രദേശങ്ങളിൽ ദുബായി ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും വൈറസ് രോഗബാധ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാലും ഇദ്ദേഹത്തോട് വീട്ടിൽ ഐസോലേഷനില്‍ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.

പരിശോധനാ ഫലം പോസിറ്റീവ്
മാർച്ച് ഏഴിന് യുവാവിന്റെ സ്രവങ്ങൾ ആലപ്പുഴയിലേക്ക് പരിശോധനക്ക് അയച്ചിരുന്നു. വ്യാഴാഴ്ച ആലപ്പുഴ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പരിശോധനാ ഫലം ലഭിച്ചതോടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ യുവാവിനെ വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരെ ആരോഗ്യ വകുപ്പ് കണ്ടെത്തി വരികയാണ്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഡിഎംഒ എന്നിവരുൾപ്പെട്ട ഒരു ബോർഡിന് രൂപം നൽകിയിരുന്നു രോഗി സഞ്ചരിച്ച റൂട്ടുകൾ കണ്ടെത്തിയാണ് അധികൃതരുടെ നീക്കം.

പ്രാഥമിക സമ്പർക്കം 15 പേരുമായി
കണ്ണൂരിൽ കൊറോണ ബാധിതൻ പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടത് 15 പേരുമായാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. ഇതിൽ മൂന്ന് പേരെ ആശുപത്രിയിലും 12 പേരെ വീടുകളിലും നിരീക്ഷിച്ച് വരികയാണ്. ദുബായിൽ നിന്ന് നാട്ടിലെത്തിയ ഏഴ് കണ്ണൂർ സ്വദേശികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എട്ട് സ്ക്വാഡുകളെയാണ് റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനായി നിയോഗിച്ചത്.

രോഗിയുടെ ആരോഗ്യനില തൃപ്തികരം
കൊറോണ വൈറസ് ബാധിച്ച പെരിങ്ങോം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നു. രോഗബാധിതനായ യുവാവിനെ ചികിത്സിച്ച ഡോക്ടർ, ഡോക്ടറുമായി പിന്നീട് സമ്പർക്കത്തിൽ ഏർപ്പെട്ട രോഗികൾ, ഡോക്ടറുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ട ഓട്ടോ ഡ്രൈവർ എന്നിവരെയും വീടുകളിൽ നീരീക്ഷിച്ച് വരികയാണ്.