ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു; ബന്ധുക്കളായ 2 പെൺകുട്ടികൾ മരിച്ചു
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് പെൺകുട്ടികൾ മരിച്ചു. മേഘ, ജ്വാല ലക്ഷ്മി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അഞ്ച് പെൺകുട്ടികളിൽ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. പുത്തൻവേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന പെൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരാണ് ഒരാളെ രക്ഷപ്പെടുത്തിയത്.
ഒഴുക്കിൽപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികളെ മണിക്കുറുകൾ നീണ്ട തിരച്ചലിന് ഒടുവിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലക്കുടി പുഴയുടെ കൈവഴിയിൽ കുളിക്കാൻ ഇറങ്ങിയ സമയത്ത് വലിയ വെള്ളം ഉണ്ടായിരുന്നില്ല. എന്നാൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയായിരുന്നു എന്നാണ് നാട്ടുകാർ നൽകുന്ന വിവരം. കാണാതായ കുട്ടികൾക്ക് വേണ്ടി അഗ്നിരക്ഷാ സേന ഉൾപ്പെടെ സ്ഥലത്ത് എത്തി ചാലക്കുടി പുഴയിലും കൈവഴിയിലും തിരച്ചിൽ നടത്തുകയായിരുന്നു.

അതേ സമയം ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചരിക്കുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് അലേർട്ട്. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. ബുധൻ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴകോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications