Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026

സെഞ്ച്വറിക്ക് ഒരു റൺ അകലെ ഔട്ടാകുന്ന സചിൻ ടെണ്ടുൽക്കറിന്റെ ഇന്നിങ്സ് ഓർമ്മപ്പെടുത്തിയെങ്കിലും അതിശക്തമായ വിജയമാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയത്. 99 സീറ്റിന്റെ ആധികാരിക ജയം. അതിന്റെ പകുതി സീറ്റുകൾ പോലും നേടാനാകാതെ 41ൽ യു.ഡി.എഫ് ഒതുങ്ങി. ഓരോ അഞ്ച് വർഷവും കൂടുമ്പോൾ ഭരണ മുന്നണിയെ മാറിമാറി പരീക്ഷിക്കുന്ന പതിവിന് കേരളം മാറ്റം വരുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. തുടർ ഭരണമെന്ന മാജിക്കിന് കേരളം സാക്ഷിയായപ്പോൾ പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തി.

വികസനത്തെക്കാളുപരിയായി കോവിഡ്-പ്രളയ കാലങ്ങളിലെ സർക്കാറിന്റെ ചേർത്തുനിർത്തൽ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. അഞ്ച് വർഷം പിന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴും വികസനത്തിനപ്പുറം വിശ്വാസവും വർഗീയതയും ചർച്ചയാകുംവിധം കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മാറിയോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

'യു ടേണും' 'ഓവർടേക്കും' തുണയാകുമോ? ആർക്കും പിടികൊടുക്കാത്ത ചെങ്ങന്നൂർ
'യു ടേണും' 'ഓവർടേക്കും' തുണയാകുമോ? ആർക്കും പിടികൊടുക്കാത്ത ചെങ്ങന്നൂർ

2016നെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ നേടാനും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൽ നിന്ന് ഗണ്യമായി മെച്ചപ്പെടാനും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കഴിഞ്ഞു. മേഖല തിരിച്ചുള്ള പ്രകടനം വിലയിരുത്തിയാൽ കൊച്ചി, തിരുവിതാംകൂർ മേഖലകളിൽ എൽഡിഎഫ് മുന്നിലും മലബാർ മേഖലയിൽ അൽപ്പം പിന്നിലുമായെന്ന് കാണാം. 109 സീറ്റുകളിൽ എൽഡിഎഫിന് 40 ശതമാനത്തിൽ കൂടുതൽ വോട്ട് ലഭിച്ചപ്പോൾ, യുഡിഎഫിന് 64 സീറ്റുകളിൽ മാത്രമാണ് ഇത്രയും ശതമാനം വോട്ട് ലഭിച്ചത്. എൻഡിഎയുടെ വോട്ട് വിഹിതം 30% ൽ താഴെയായിരുന്നു. നഗരപ്രദേശങ്ങളിൽ മാത്രമാണ് വോട്ട് വിഹിതത്തിൽ എൽഡിഎഫിനെ മറികടക്കാൻ യുഡിഎഫിന് കഴിഞ്ഞത്. അർധ നഗര, ഗ്രാമീണ മേഖലകളിൽ എൽഡിഎഫ് മുന്നിലെത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡി.എ കേരളത്തിന്റെ പരമ്പരാഗതമായ ദ്വിമുഖ രാഷ്ട്രീയത്തെ വെല്ലുവിളിക്കുമെന്ന് കരുതിയെങ്കിലും കയ്യിലുണ്ടായിരുന്ന നേമം മണ്ഡലം നിലനിർത്താൻ പോലും കഴിഞ്ഞില്ല.

Kerala Assembly Election 2026

2021ലെ തെരഞ്ഞെടുപ്പിൽ ഓരോ മുന്നണിയും മത്സരിച്ച സീറ്റുകളും നേടിയ സീറ്റുകളും ഇപ്രകാരമായിരുന്നു (മത്സരിച്ച സീറ്റുകൾ ബ്രായ്ക്കറ്റിൽ)-

എൽഡിഎഫ്: സിപിഎം 62 (86), സിപിഐ 17 (25), കേരള കോൺഗ്രസ്-എം 5 (12), ജനതാദൾ-എസ് 2 (4), എൻസിപി 2 (3), എൽജെഡി 1 (3), ഐഎൻഎൽ 1 (3), കോൺഗ്രസ്-എസ് 1 (1), കേരള കോൺഗ്രസ്-ബി 1 (1), ജനാധിപത്യ കേരള കോൺഗ്രസ് 1 (1), ആർഎസ്പി-എൽ 1 (1), എൽഡിഎഫ് സ്വതന്ത്രർ 5 (9).

യുഡിഎഫ്: കോൺഗ്രസ് 21 (93), മുസ്‍ലിം ലീഗ് 15 (27), കേരള കോൺഗ്രസ്-ജോസഫ് 2 (10), ആർഎസ്പി 0 (5), എൻസികെ 1 (2), കേരള കോൺഗ്രസ്-ജേക്കബ് 1 (1), സിഎംപി-സി.പി ​ജോൺ 0 (1), ആർഎംപി 1 (1).

എൻഡിഎയിൽ ബിജെപി 113 സീറ്റിലും ബിഡിജെഎസ് 21 സീറ്റിലും എഡിഎംകെ, കാമരാജ് കോൺഗ്രസ്, ജെആർഎസ്, എൻഡിഎ സ്വതന്ത്രർ എന്നിവർ ഓരോ സീറ്റിൽ വീതവും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാനായില്ല. തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ എൻഡിഎ പത്രിക തള്ളുകയും ചെയ്തു.

ചാണ്ടി ഉമ്മന് പുതുപ്പള്ളി വീട്ടുകാര്യം, 'ഇറക്കുമതി' മതിയാക്കാൻ ഇടതുമുന്നണി
ചാണ്ടി ഉമ്മന് പുതുപ്പള്ളി വീട്ടുകാര്യം, 'ഇറക്കുമതി' മതിയാക്കാൻ ഇടതുമുന്നണി

എൻഡിഎക്ക് സീറ്റ് നേട്ടമുണ്ടായില്ലെങ്കിലും കേരള രാഷ്‌ട്രീയത്തിലുണ്ടായ ചില മാറ്റങ്ങളിലേക്ക് വിരൽചൂണ്ടിയ തെരഞ്ഞെടുപ്പായിരുന്നു 2021ലേത്. മുന്‍കാലങ്ങളില്‍ ഇടതുവലതു മുന്നണികള്‍ മാത്രമായിരുന്നു കേരളത്തിൽ ശക്തമായി മത്സരരംഗത്ത് ഉണ്ടായിരുന്നത്. ഈ ഉഭയകക്ഷി പോരാട്ടഭൂമിയിലേക്കാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി എത്തിയത്. മുൻ കാലങ്ങളിൽ തങ്ങള്‍ അത്ര നിര്‍ണായക ശക്തിയല്ലെന്ന തോന്നലിലാകണം, ബിജെപിയും സഖ്യകക്ഷികളും സ്വന്തം വോട്ടുകള്‍ തരാതരം പോലെ മറ്റ് മുന്നണികള്‍ക്ക് നല്‍കുന്ന കാഴ്‌ച കേരള രാഷ്‌ട്രീയ രംഗത്തുണ്ടായിരുന്നു എന്നത് യാഥാർഥ്യമാണ്. എന്നാല്‍ കാലം മാറിയപ്പോൾ വിജയിച്ചാലും ഇല്ലെങ്കിലും തങ്ങളും അവഗണിക്കാത്ത ശക്തിയായി തന്നെ കേരളത്തിന്‍റെ രാഷ്‌ട്രീയമണ്ഡലത്തിലുണ്ട് എന്ന് പൊതുജനത്തെ ബോധിപ്പിക്കേണ്ടത് അവർക്ക് അനിവാര്യതയായി. അതിനാല്‍ സ്വന്തം വോട്ടുകള്‍ പുറത്തുപോകാതെ സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമായി മാറി. ഇത് ഇതര മുന്നണികളുടെ ഭൂരിപക്ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുകയും ചെയ്തുവെന്ന് വിലയിരുത്താം.

2021ലെ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ജനവിധി നിര്‍ണ്ണയിക്കപ്പെട്ട 25 മണ്ഡലങ്ങൾ കേരളത്തിലുണ്ടായിരുന്നു. ഇതില്‍ 16 ഇടത്ത് എൽഡിഎഫും ഒന്‍പത് ഇടത്ത് യുഡിഎഫും ജയിച്ചു. ഈ മണ്ഡലങ്ങളില്‍ 15 ഇടത്ത് യുഡിഎഫും ഏഴ് ഇടത്ത് എൽഡിഎഫും മൂന്നിടത്ത് എന്‍ഡിഎയുമായിരുന്നു നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. പ്രതിബദ്ധതാ രാഷ്‌ട്രീയത്തിന്‍റെ കാലം കഴിഞ്ഞതാണ് ഇത്തരം പ്രവണതക്ക് കാരണമായതെന്ന്

രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുമ്പൊക്കെ എന്ത് സംഭവിച്ചാലും പാർട്ടിക്ക് മാത്രം വോട്ടുചെയ്യുന്ന അടിയുറച്ച കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. മാറ്റിക്കുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്ന കാലത്തിൽ നിന്ന് മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ച് വോട്ടുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറി മറിയുന്ന സാഹചര്യത്തിലേക്ക് എത്തിപ്പെട്ടിട്ടു​ണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

നായർ-ഈഴവ ദ്വന്ദ്വ സഖ്യം രൂപപ്പെടുത്തിയും ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണ നേടിയെടുത്തിട്ടും ബിജെപിക്ക് പിടിച്ചുനിൽക്കാനായില്ലെന്നതും വസ്തുതയാണ്. അന്നത്തെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചതും ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള ബഹളവും പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ പൊട്ടിത്തെറിയും എല്ലാം എൻഡിഎക്ക് നെഗറ്റീവ് ഇമേജ് ഉണ്ടാക്കി. ത്രികോണ മത്സരത്തിൽ വിജയിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്ന പ്രധാന മണ്ഡലങ്ങളിൽ ആർഭാടത്തിലൂന്നിയുള്ള പ്രചാരണവും പാലക്കാട്ട് ടെക്നോക്രാറ്റ് ഇ. ശ്രീധരന്റെയും തൃശൂരിൽ നടൻ സുരേഷ് ഗോപിയുടെയും സ്ഥാനാർഥിത്വവും പാളിയെന്നും വിലയിരുത്തപ്പെടുന്നു.

എൽഡിഎഫിൽ അപ്രതീക്ഷിത വിമത നീക്കങ്ങൾ, യുഡിഎഫിൽ സീനിയർമാരുടെ സീറ്റ് തർക്കം

2021ൽ തുടർ ഭരണത്തിന്റെ പൊലിമ അവകാശപ്പെടാനായെങ്കിലും 2024ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലും 2025ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും എൽഡിഎഫിന് തിരിച്ചടി നേരിടുന്നതിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതിൽ നിന്നുള്ള പാഠങ്ങളുൾക്കൊണ്ട് നേരിടാൻ വികസനവും വിശ്വാസവും ഉയർത്തിക്കാട്ടിയുള്ള തന്ത്രങ്ങൾക്ക് സിപിഎമ്മും എൽഡിഎഫും രൂപം കൊടുത്തുകൊണ്ടിരിക്കെ, മുമ്പെങ്ങുമില്ലാത്ത വിധം വിമത ഭീഷണി ഉയർന്നത് വെല്ലുവിളിയാകുന്നുണ്ട്. ആലപ്പുഴയിൽ സിപിഎമ്മിന്റെ മേൽവിലാസം തന്നെയായിരുന്ന മുൻ മന്ത്രി ജി. സുധാകരൻ പാർട്ടി വിട്ടതാണ് ഇതിൽ ഏറെ പ്രധാനം. സംസ്ഥാനതലം മുതൽ താഴേത്തട്ടുവരെയുള്ള നേതൃത്വം സമയത്ത് ഇടപെടാത്തതാണ് നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കിന്റെ വേഗവും പരപ്പും കൂട്ടുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

കൊട്ടാരക്കരയിൽ മുൻ എംഎൽഎ അയിഷാ പോറ്റി പാർട്ടിയുമായുള്ള ബന്ധം മുറിച്ച് കോൺഗ്രസിലെത്തിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത് അവഗണനയാണ്. സിപിഎം ഉപേക്ഷിച്ച് മുൻ എംഎൽഎ. എസ്. രാജേന്ദ്രനെ ബിജെപിയിലെത്തിച്ചതും ഇടുക്കിയിലെ പ്രാദേശികപ്രശ്‌നങ്ങളും പാർട്ടിയുടെ അവഗണനയുമാണ്. കണ്ണൂരിൽ രക്തസാക്ഷിഫണ്ടിലെ ക്രമക്കേട് ആരോപിച്ചാണ് പി.വി. കുഞ്ഞികൃഷ്ണൻ പാർട്ടിയുമായി കലഹിച്ച് പുറത്ത​ുപോയത്. പാലക്കാട് പി.കെ. ശശിയുടെ പാർട്ടിവിടലിനും നേതൃത്വവുമായുള്ള കലഹമാണ് വഴിയൊരുക്കിയത്. വി.എസിനൊപ്പമുണ്ടായിരുന്ന എ. സുരേഷിനെതിരേ പാർട്ടിയുടെ അച്ചടക്കനടപടിയിൽ അപ്പീൽ പരിഗണിക്കാതിരുന്നത് പുറത്താകലിനു വേഗംകൂട്ടി.

ചാനൽ ചർച്ചകളിൽ പാർട്ടിയെയും സർക്കാരിനെയും ന്യായീകരിച്ചിരുന്ന റെജി ലൂക്കോസ് ബിജെപി വക്താവായതും ബി.എൻ. ഹസ്‌കർ ആർഎസ്പിയിലെത്തിയതും തിരുവനന്തപുരത്ത് ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപിയിലെത്തിയതുമൊ​ക്കെ നേതൃത്വവുമായി കലഹിച്ചാണ്. കൊല്ലം അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സുജാ ചന്ദ്രബാബു സിപിഎം വിട്ടുപോയത് മുസ്ലിംലീഗിലേക്കാണ്. സ്ഥാനാർഥി നിർണയത്തെ എതിർത്ത് നാട്ടിക സിറ്റിങ് എംഎൽഎ സി.സി. മുകുന്ദൻ സിപിഐ വിട്ടതും ഇടതുമുന്നണിക്കേറ്റ ആഘാതമാണ്. മന്ത്രി എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെ ചൊല്ലി എൻസിപിയിൽ നടക്കുന്ന കലാപവും സീറ്റ് വിഭജനത്തിന്റെ പേരിൽ ആർജെഡി ഉയർത്തിയ അതൃപ്തിയുമൊക്കെ എൽഡിഎഫിന് തലവേദനയാകുന്നുണ്ട്.

നിയമസഭയിലേക്ക് മത്സരിക്കാൻ വാശി പിടിക്കുന്ന കെ. സുധാകരൻ എം.പിയെ പോലുള്ള സീനിയർ നേതാക്കളുടെ കടുംപിടുത്തവും ഘടകകക്ഷികളുമായി സീറ്റ് വിഭജനത്തിൽ ധാരണയിലെത്താത്തതുമൊക്കെ യുഡിഎഫിനെയും പ്രതിസന്ധിയിലാക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും സിപി​എമ്മും സിപിഐയുമൊക്കെ സ്ഥാനാർഥികളെ നിശ്ചയിച്ച് പ്രചാരണം വരെ തുടങ്ങിയിട്ടും കൃത്യമായ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ യുഡിഎഫിന് ആയിട്ടില്ല. കെ. സുധാകരന്റെ പിടിവാശിക്ക് പുറമേ സിഎംപിക്ക് തിരുവനന്തപുരം നൽകുന്നതിൽ ഇടഞ്ഞുനിൽക്കുന്ന വി.എസ്. ശിവകുമാറിനെ പോലുള്ള നേതാക്കളെ എവിടെയെങ്കിലും ഉൾക്കൊള്ളിക്കുന്നതടക്കമുള്ള പ്രശ്നങ്ങളും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായുള്ള സീറ്റ് വിഭജന തർക്കങ്ങളുമൊക്കെ കോൺഗ്രസിനെ വലക്കുന്നുണ്ട്. സീറ്റ് നിർണയം കഴിയുമ്പോഴുണ്ടാകുന്ന വിമത ശല്യം അടക്കമുള്ള പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ അടൂർ സീറ്റിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ രാജിവെച്ചതുപോലെയുള്ള പ്രശ്നങ്ങളാണ് യുഡിഎഫിൽ പരിഹരിക്കാതെ കിടക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം കോർപറഷേനിൽ ഭരണത്തിലേറിയതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപിയും എൻഡിഎ സഖ്യവും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിലേക്കുള്ള ട്വന്റി 20യുടെ കടന്നുവരവ് മധ്യകേരളത്തിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലാണ് എൻഡിഎക്കുള്ളത്. ട്വന്റി 20 ചെയർമാൻ സാബു എം. ജേക്കബും ബിഗ് ബോസിലൂടെ പ്രശസ്തനായ അഖിൽ മാരാരും അടക്കമുള്ളവരെ കളത്തിലിറക്കുന്നതിന് തീരുമാനമായിട്ടുമുണ്ട്. തൃപ്പൂണിത്തുറയിൽ സാബു മത്സരിക്കണമെന്നും അതല്ല അഖിലാണ് വേണ്ടതെന്നുമുള്ള അഭിപ്രായ ഭിന്നതയും നിലനിൽക്കുന്നു. ബിഗ് ബോസിലൂടെ തന്നെ പ്രശസ്തനായ ഡോ. റോബിൻ, സംവിധായകൻ മേജർ രവി തുടങ്ങിയ സെലിബ്രിറ്റികളെ ഗോദയിലിറക്കാനും ആലോചനയുണ്ട്. ഒറ്റപ്പാലത്ത് മേജർ രവി സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ധാരണയായിട്ടുമുണ്ട്. നടിമാരായ ശോഭന, ശ്വേത മേനോൻ തുടങ്ങിയവർ കൂടി സ്ഥാനാർഥി പട്ടികയിൽ 'സർപ്രൈസ് എൻട്രി'യായി വരുമെന്നും കരുതപ്പെടുന്നു. സ്ഥാനാർഥികളായി പൊതു സ്വതന്ത്രരെ ​തേടുന്നതിന്റെ ഭാഗമായി ഇവരടക്കം കലാ-കായിക രംഗത്തുള്ള പല പ്രമുഖരെയും ബി.ജെ.പി നേതൃത്വം സമീപിച്ചിട്ടുണ്ട്.

വിശ്വാസവും വർഗീയതയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പ്

എൽഡിഎഫ് വികസന മുന്നേറ്റം ഉയർത്തിക്കാട്ടിയും യുഡിഎഫ് ഭരണവിരുദ്ധ തരംഗമുണ്ടാക്കിയുമാണ് പ്രത്യക്ഷത്തിൽ ജനവിധിയെ നേരിടുകയെങ്കിലും പരോക്ഷമായി വിശ്വാസവും മതവും വർഗീയതയുമൊക്കെ പതിവിലധികം ചർച്ചയാകുന്ന തെരഞ്ഞെടുപ്പ് നാളുകൾക്കായിരിക്കും ഇനി കേരളം സാക്ഷ്യം വഹിക്കുക. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പൗരത്വ നിയമ ഭേദഗതി (CAA)ക്കെതിരെ കര്‍ക്കശ നിലപാടെടുത്തതിലൂടെ ന്യൂനപക്ഷ മുസ്ലീം വോട്ടുകള്‍ നേടിയെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ ഒപ്പം കൂട്ടി സീറോ മലബാര്‍ സഭയുടേയും ക്രൈസ്തവ സമൂഹത്തിന്‍റേയും പിന്തുണ നേടിയെടുക്കുന്നതിലും ഇടതുമുന്നണി അന്ന് വിജയിച്ചിരുന്നു.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതുമുന്നണിയുടെ നോട്ടം ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുകളിലേക്കായി. അതല്ല ലക്ഷ്യമെന്ന വാദങ്ങൾ നേതാക്കൾ ഉയർത്തിയെങ്കിലും ആഗോള അയ്യപ്പ സംഗമവും അമൃതാനന്ദമയീദേവിയെ ആദരിക്കലും ഒക്കെ ഇതിന്‍റെ ഭാഗമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നിട്ടും ഭൂരിപക്ഷ സമൂഹത്തെ ഒപ്പം നിര്‍ത്തുന്നതില്‍ ഇടതു മുന്നണിക്ക് വിജയിക്കാനായില്ലെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. അയ്യപ്പസംഗമവും ശബരിമല സ്വർണക്കൊള്ള വിവാദവും കത്തിനിന്ന സമയത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് എൽഡിഎഫിന് നഷ്ടമാണുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് തുടർച്ചയായ മൂന്നാം സർക്കാർ എന്ന ലക്ഷ്യവുമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇനി വിശ്വാസത്തിൽ തൊട്ടൊരു കളിവേണ്ടെന്ന പുനർവിചിന്തനം വന്നതും ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ 'യു ടേൺ' അടിച്ചതും.

നിയമസഭ തെരഞ്ഞെടുപ്പിൽ പ്രബല ഹിന്ദുസംഘടനകളായ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും പിന്തുണ എൽഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. ശബരിമലയിൽ ആചാര സംരക്ഷണത്തിനായാണ് അയ്യപ്പസംഗമം നടത്തിയതെന്നും യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയെന്നും ഇരു സംഘടനകളുയെും നേതാക്കന്മാർ അടുത്തിടെയായി പ്രതികരിക്കുന്നുമുണ്ട്. യുവതീപ്രവേശന വിഷയത്തിൽ നാമജപ ഘോഷയാത്ര ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സംഘടനയാണ് എൻഎസ്എസ്. വിധി പുനഃപരിശോധിക്കാൻ എൻഎസ്എസ്, ദേശീയ അയ്യപ്പഭക്തജന വനിതാ കൂട്ടായ്മ എന്നിവ സുപ്രീംകോടതിയിൽ റിവ്യൂ ഹരജി ഫയൽ ചെയ്തിരുന്നു. ഇവരെയൊക്കെ പ്രീണിപ്പിക്കുകയെന്ന ലക്ഷ്യവും സർക്കാർ നിലപാട് മാറ്റത്തിന് തീരുമാനത്തിന് പിന്നിലുണ്ടെന്ന് വ്യക്തം.

ആചാരങ്ങളുടെ പതിനെട്ടാം പടിയിൽ ധീരമായി കോടതി വിധി നടപ്പാക്കാൻ നവോഥാനസമിതിയും വനിതാമതിലുമൊക്കെ തീർത്ത് ഇറങ്ങിത്തിരിച്ചവരുടെ ആറുവർഷങ്ങൾക്കിപ്പുറത്തെ നിലപാടുമാറ്റത്തിലൂടെ ഇടതുമുന്നണി അവകാശപ്പെടുന്ന ലിംഗസമത്വം, നവോഥാനം, പുരോഗമന ആശയങ്ങൾ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. ഇത് അണികളോട് വിശദീകരിക്കാനും എൽഡിഎഫിന് ധാരാളം വിയർപ്പൊഴു​ക്കേണ്ടി വരും. ശബരിമല വിഷയത്തിൽ എത്രമാത്രം തിരിച്ചടിയുണ്ടാകുമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അവർ അനുഭവിച്ചറിഞ്ഞതുമാണ്. യുവതീപ്രവേശന സമരത്തിന്‍റെ നേട്ടം വോട്ടായി ലഭിക്കുമെന്ന് പ്രതീക്ഷിച്ച ബിജെപിക്ക് തിരിച്ചടിയായി സമരത്തിന്‍റെ ഫലവും സർക്കാറിനെതിരായ പ്രതിഷേധവും യുഡിഎഫിനാണ് അന്ന് ഗുണം ചെയ്തത്. 19 സീറ്റുകളിലാണ് യുഡിഎഫ് ജയിച്ചുകയറിയത്.

കേരള ജനത കൂടുതലും മതപരമായും വിശ്വാസപരമായും ചിന്തിച്ചു തുടങ്ങിയെന്ന തിരിച്ചറിവിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാൻ മൂന്ന് മുന്നണികളും തയാറെടുക്കുന്നു എന്നത് തന്നെയാണ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ള അതിശക്തമായ വികാരമായി സര്‍ക്കാറിനെതിരെ തിരിയാനിടയുണ്ടെന്നിരിക്കെ, യുഡിഎഫ് ഭരണം വന്നാല്‍ ജമാ അത്തെ ഇസ്ലാമിയും ലീഗുമായിരിക്കും ഭരിക്കുക എന്നൊക്കെയുള്ള വിചിത്ര പ്രതികരണങ്ങൾ ഇടതു പാളയത്തിൽ നിന്ന് വന്നത് അതിന്റെ ഭാഗമായാണ്. ശബരിമല വികാരത്തില്‍ ഇടതു മുന്നണിക്കെതിരായ വോട്ടുകള്‍ ചിതറിക്കുക എന്ന രാഷ്ട്രീയ തന്ത്രജ്ഞതയായിരുന്നു ഇതിന് പിന്നിലെങ്കിലും അത് യുഡിഎഫ് ചേരിയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് വഴി വെച്ചാൽ അത്ഭുതപ്പെടാനില്ല. വെള്ളാപ്പള്ളി നടേശനെ മുന്‍നിര്‍ത്തി ഇടതുമുന്നണി നടത്തിയ ചില വര്‍ഗീയ കളികള്‍ക്ക് അവര്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയാകട്ടെ ശബരിമല വിഷയമടക്കം തീവ്രതയോടെ ഏറ്റെടുക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രചാരണം സജീവമാക്കാനാണ് ബിജെപിയുടെ ശ്രമം.

അവകാശപ്പെടുന്നത് പോലെ നൂറിലധികം സീറ്റുകൾ നേടാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിച്ച് സമവായത്തിലൂടെ മുന്നോട്ട് പോയാൽ യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താനുള്ള രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലം കേരളത്തിൽ സംജാതമായിട്ടുണ്ട് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേരളത്തിലെ തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രത്തിൽ മുമ്പില്ലാത്ത വിധം ​ത്രികോണ മത്സരം ശക്തമാകാനുള്ള സാധ്യതയുമുണ്ട്. തീപാറുന്ന പോരാട്ടത്തില്‍ മിക്ക മണ്ഡലങ്ങളിലും നേര്‍ത്ത ഭൂരിപക്ഷത്തിനാവും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുക. വമ്പൻ ഭൂരിപക്ഷങ്ങളുടെ പെരുമ പഴങ്കഥയാകാനും നേര്‍ത്ത ഭൂരിപക്ഷത്തിന് വിജയിക്കുന്ന സീറ്റുകള്‍ കൂടാനുമുള്ള സാധ്യതയുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+