പാലക്കാട് കാറുംലോറിയും കൂട്ടിയിച്ച് അഞ്ച് പേർ മരിച്ചു: മരണപ്പെട്ടത് കോങ്ങാട് സ്വദേശികള്‍
പാലക്കാട്: പാലക്കാട് വാഹനാപകടത്തില്‍ അഞ്ച് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോട് അയ്യപ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ മണ്ണാർക്കാട് നിന്നും വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. ഒരാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ വിജേഷ് കെ കെ, വിഷ്ണു ടി വി, രമേശ്, മണിക്കശ്ശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മരണപ്പെട്ട അഞ്ച് പേരും കാർ യാത്രികരാണ്. നാല് പേർ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ആശുപത്രയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. മരണപ്പെട്ട ആളുകളെ ഏറെ സമയം കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്ത്.
കൂട്ടിയുടെ ആഘാതത്തില്‍ കാർ ഏകദേശം പൂർണ്ണമായും തകർന്നു. കാർ പൊളിച്ചാണ് അഞ്ച് പേരേയും പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ക്രെയിന്‍ എത്തിച്ചാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയത്.
അമിത വേഗത്തിലെത്തിയ കാർ ചരക്ക് ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് കൂറ്റനാട് ന്യൂബസാറിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രാത്രി 8.15 ഓടെയാണ് അപകടമുണ്ടായത്. കൂറ്റനാട് ഭാഗത്ത് നിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർ ദിശയില്‍ വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരുത്തംകോട്, ചെമ്പ്ര സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍ തുടങ്ങിയവരും യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി നേതാക്കളും സംഭവ സ്ഥലത്തെത്തി. യുവാക്കളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ യു ഡി എഫും എൽ ഡി എഫും ബുധനാഴ്ച ഉച്ചവരേയുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ റദ്ദാക്കി.












Click it and Unblock the Notifications