'എന്റെ പൊന്നുമോളെ അതിനപ്പുറം പറയരുത്, നിന്റെ പോസൊക്കെ കണ്ടാൽ കയ്യെടുക്കില്ല', യുവാവിന്റെ ഭീഷണി...
ഐഎഫ്എഫ്കെ വേദിയിൽ നൃത്തം ചെയ്ത മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുടെ മുഖത്തടിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്.
Recommended Video

തിരുവനന്തപുരം: മലപ്പുറം ഫ്ലാഷ് മോബിന് പിന്തുണയർപ്പിച്ച് ചലച്ചിത്രോത്സവ വേദിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിക്ക് നേരെയും ഭീഷണി. ഐഎഫ്എഫ്കെ വേദിയിൽ നൃത്തം ചെയ്ത മലപ്പുറം മഞ്ചേരി സ്വദേശിനിയായ പെൺകുട്ടിയുടെ മുഖത്തടിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്.
സലീം ബാവ പിൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ഈ ലൈവ് വീഡിയോ പുറത്തുവന്നത്. എന്നാൽ സംഭവം ചർച്ചാവിഷയമായതോടെ ഇയാൾ വീഡിയോ നീക്കം ചെയ്തു. മലപ്പുറത്ത് ഒരുകൂട്ടം മുസ്ലീം വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചതാണ് ഫ്ലാഷ് മോബ് വിവാദത്തിന് തുടക്കം കുറിച്ചത്. മതമൗലികവാദികൾ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചതോടെ വിഷയം വിവാദമായി മാറുകയായിരുന്നു.

പിന്തുണയുമായി...
മലപ്പുറത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികൾക്ക് പിന്തുണയർപ്പിച്ചാണ് ഐഎഫ്എഫ്കെ വേദിയിലും ഫ്ലാഷ് മോബ് അരങ്ങേറിയത്. ഫ്രീ തീങ്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫ്ലാഷ് മോബിൽ മലപ്പുറം സ്വദേശിനിയായ ജസ്ല അടക്കമുള്ള പെൺകുട്ടികളും പങ്കെടുത്തിരുന്നു. ഫ്ലാഷ് മോബിന്റെ ഭാഗമായി ജസ്ല സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ സദാചാര മതമൗലികവാദികളെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫേസ്ബുക്കിൽ....
സലീം ബാവ പിൻ എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നാണ് ജസ്ലയെ ഭീഷണിപ്പെടുത്തിയുള്ള വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും മലപ്പുറം സ്വദേശിയാണെന്നാണ് നിഗമനം. ജസ്ലയുടെ മുഖത്തടിക്കുമെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

അവിടെ നിർത്തണം...
ജസ്ലയെ ഭീഷണിപ്പെടുത്തിയുള്ള വീഡിയോയിൽ പറയുന്നത് ഇങ്ങനെ:- 'മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന സ്ഥലത്ത് നിന്നാണ് വരുന്നതെന്നൊക്കെ നീ പറഞ്ഞു, അവിടെ നിർത്തണം. അത് കഴിഞ്ഞിട്ട് എന്റെ കുട്ടി നിർത്തണം. എന്റെ നാടിന്റെ പേര് നിന്റെ തൊള്ളയിൽ നിന്ന് വരരുത്'- യുവാവ് വീഡിയോയിൽ പറയുന്നു.

മാന്യമായി ജീവിക്കുന്നവരുണ്ട്...
ഒരു മിനിറ്റോളം നീണ്ടുനിൽക്കുന്ന വീഡിയോയിൽ ജസ്ലയെ അധിക്ഷേപിക്കുന്നവിധമാണ് യുവാവ് സംസാരിക്കുന്നത്. നീ ഞങ്ങൾക്ക് അപമാനമാണും ഞങ്ങളുടെ നാട്ടിൽ മാന്യമായി ജീവിക്കുന്ന പെൺകുട്ടികളും ചെക്കന്മാരുമുണ്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നു. ഇതിനുപിന്നാലെ നിന്റെ തൊള്ളയിൽ നിന്ന് നാടിന്റെ പേര് വരരുതെന്നും ആവർത്തിക്കുന്നു.

മുഖത്തു നിന്ന് കയ്യെടുക്കില്ല...
ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടി മലപ്പുറത്തുകാരിയാണെന്ന് പറഞ്ഞതാണ് യുവാവിനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. വീഡിയോയുടെ അവസാന ഭാഗങ്ങൾ ഇങ്ങനെ:- ' നീ മലപ്പുറത്ത് മഞ്ചേരിയാണെന്ന് പറഞ്ഞു. അതിനപ്പുറം എന്റെ പൊന്നുമോളു പറയരുത്. എന്തിന്റെ പേരിലെങ്കിലും ആയിക്കോട്ടെ, നിന്റെ പോസൊക്കെ കണ്ടാൽ ഒരു മനുഷ്യനും നിന്റെ മുഖത്ത് നിന്ന് കയ്യെടുക്കില്ല'.

പ്രചരിക്കുന്നു...
ചലച്ചിത്രോത്സവ വേദിയിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്ത വീഡിയോ നിമിഷങ്ങൾക്കകം ഫേസ്ബുക്കിൽ വൈറലായി. ഇതിനുപിന്നാലെ വീഡിയോ പോസ്റ്റ് ചെയ്തയാണ് അത് ഡിലീറ്റ് ചെയ്തു. എന്നാൽ മറ്റു ചിലർ ഈ വീഡിയോ ഇപ്പോഴും ഫേസ്ബുക്കിൽ പ്രചരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications