ഖത്തർ അനുമതി നിഷേധിച്ചു: പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനം റദ്ദാക്കി, നീക്കം അവസാന നിമിഷം!!
തിരുവനന്തപുരം: പ്രവാസികളുടെ മടക്കയാത്രക്കായി സർവീസ് നടത്താനിരുന്ന എയർഇന്ത്യാ വിമാനം റദ്ദാക്കി. ദോഹയിൽ വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 373 എന്ന വിമാനം റദ്ദാക്കിയത്. ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഖത്തർ സർക്കാർ ലാൻഡിംഗ് പെർമിറ്റ് നിരസിക്കുകയായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് യാത്രക്കാരുമായി മടങ്ങിയെത്തേണ്ടിയിരുന്ന രണ്ടാമത്തെ വിമാനമാണ് ഇത്തരത്തിൽ മുടങ്ങിയിട്ടുള്ളത്. മൂന്ന് മണിവരെയും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെ വിമാനം റദ്ദാക്കിയെന്നുള്ള അറിയിപ്പാണ് പുറത്തുവന്നത്. 182 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്നത്. ഗർഭിണികൾക്കും പ്രായമായവർക്കും പുറമേ കൊറോണ പ്രതിസന്ധിയ്ക്കിടെ ജോലി നഷ്ടമായവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

എന്നാൽ വിമാനത്തിന് അനുമതി നിഷേധിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. തിരിച്ചെത്തുന്നവരെ പാർപ്പിക്കുന്നതിനായി തലസ്ഥാനത്ത് എല്ലാത്തരം സൌകര്യങ്ങൾ സജ്ജമാക്കിയിരുന്നു. രാത്രി 10. 45ന് തിരുവനന്തപുരത്ത് എത്തേണ്ടതായിരുന്നു റദ്ദാക്കിയ വിമാനം. വിമാനത്താവളത്തിൽ വെച്ച് ദ്രുതപരിശോധന ഉണ്ടാവില്ലെന്ന് യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം റദ്ദാക്കുന്നത്.












Click it and Unblock the Notifications