കൊച്ചിയില്‍ വിമാനദുരന്തം ഒഴിവായി; കുവൈത്ത് വിമാനം റണ്‍വെയില്‍ നിന്ന് മാറിയിറങ്ങി, ലൈറ്റുകള്‍ നശിച്ചു
കൊച്ചി: കൊച്ചിയില്‍ വീണ്ടും വിമാനം നേരിയ അപകടത്തില്‍പ്പെട്ടു. കുവൈത്തില്‍ നിന്നെത്തിയ വിമാനമാണ് റണ്‍വെയുടെ മധ്യരേഖയില്‍ നിന്ന് മാറിയിറങ്ങിയത്. റണ്‍വെയിലെ ലൈറ്റുകള്‍ നശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തമായ മഴയും കാറ്റുമാണ് വിമാനം ഇറങ്ങുമ്പോള്‍ തടസം സൃഷ്ടിച്ചത്. 163 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. വന്‍ ദുരന്തമാണ് ഒഴിവായത്. പല വിമാനങ്ങളും ഈ സമയം തിരിച്ചുവിട്ടു. ഇത് രണ്ടാംതവണയാണ് കൊച്ചിയില്‍ വിമാനം റണ്‍വെയില്‍ നിന്ന് മാറി അപകടമുണ്ടാകുന്നത്. നേരത്തെ അപകടത്തില്‍പ്പെട്ടത് ഖത്തര്‍ എയര്‍വെയ്‌സ് വിമാനമായിരുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

വിമാനം നിയന്ത്രിക്കാന്‍
വിമാനം നിയന്ത്രിക്കാന്‍ പൈലറ്റിന് കഴിഞ്ഞതുകൊണ്ടാണ് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. റണ്‍വെയുടെ മധ്യരേഖയിലൂടെ വരേണ്ട വിമാനം തെന്നിമാറി മാറിയിറങ്ങുകയായിരുന്നു. റണ്‍വെയിലുണ്ടായിരുന്ന ഏതാനും ലൈറ്റുകള്‍ നശിച്ചു.

കുവൈത്ത് എയര്‍വെയ്‌സ്
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുവൈത്തില്‍ നിന്ന് കൊച്ചിയിലെത്തിയ കുവൈത്ത് എയര്‍വെയ്‌സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 163 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. 3.50ന് എത്തേണ്ട വിമനം നാലരയോടെയാണ് ഇറങ്ങിയത്.

ശക്തമായ കാറ്റും മഴയും
ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇതാണ് റണ്‍വെയില്‍ നിന്ന് തെന്നിമാറാന്‍ കാരണം. മധ്യരേഖയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയായിട്ടാണ് വിമാനം നിന്നത്. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. പൈലറ്റിന് വിമാനം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചത് ഭാഗ്യമായി.

സാങ്കേതിക പരിശോധന
തെന്നിമാറിയ വിമാനം പിന്നീട് നിയന്ത്രണത്തിലാക്കി. ബേയിലെത്തിച്ച ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. വിമാനത്തിന്റെ ഭാഗങ്ങള്‍ തട്ടിയാണ് ലൈറ്റുകള്‍ നശിച്ചത്. ആറ് ലൈറ്റുകള്‍ നശിച്ചുവെന്നാണ് വിവരം. ഇവ ഉടന്‍ നന്നാക്കുകയും ചെയ്തു. വിമാനം സാങ്കേതിക പരിശോധന കഴിഞ്ഞ ശേഷമാണ് പുറപ്പെട്ടത്.

ഖത്തര്‍ എയര്‍വെയ്‌സ്
കഴിഞ്ഞ മാസം സമാനമായ സാഹചര്യം ഖത്തര്‍ എയര്‍വെയ്‌സിനുണ്ടായിരുന്നു. ഖത്തര്‍ എയര്‍വെയ്‌സ് വിമാനം നിലം തൊട്ട ശേഷം മുന്നോട്ട് നീങ്ങുന്നതിനിടെ ഒരു വശത്തേക്ക് പോകുകയായിരുന്നു. അന്നും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. തുടര്‍ച്ചയായ സംഭവങ്ങള്‍ ഗൗരവമുള്ളതാണ്.

വിമാനങ്ങള്‍ കറങ്ങി തിരിച്ചെത്തി
ചൊവ്വാഴ്ച പുലര്‍ച്ച അപകടം സംഭവിച്ച വേളയില്‍ മറ്റു ചില വിമാനങ്ങളും ഇറങ്ങേണ്ടതായിരുന്നു. അവ മറ്റു വിമാനങ്ങളിലേക്ക് വഴി മാറ്റി വിട്ടു. ദുബായില്‍ നിന്നുള്ള ഇന്റിഗോ വിമാനം കോയമ്പത്തൂരിലേക്കാണ് വഴിമാറ്റിയത്. പിന്നീട് ഏഴരയോടെ കൊച്ചിയില്‍ തിരിച്ചെത്തി.

സര്‍വീസ് നിര്‍ത്തിയ സംഭവം
മഴ കനക്കുകയും ദുരന്തങ്ങള്‍ വര്‍ധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നു. വിമാനം ഇറങ്ങുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താവളത്തില്‍ വെള്ളം കയറാന്‍ സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു നടപടി.

കഴിഞ്ഞ വ്യാഴാഴ്ച
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 1.10 മുതലാണ് വിമാനങ്ങള്‍ ഇറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. വിമാനത്താളവത്തിലെ അന്താരാഷ്ട്ര ടെര്‍മിനലില്‍ കണ്‍ട്രോണ്‍ റൂം തുറക്കുകയും ചെയ്തു. ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ അണക്കെട്ടില്‍ നിന്നുള്ള വെള്ളം വിമാനത്താവളത്തോട് ചേര്‍ന്ന പെരിയാറിലൂടെയാണ് കടലിലേക്ക് എത്തിയത്.

രണ്ടു മണിക്കൂറിന് ശേഷം
ഒഴുക്ക് വര്‍ധിച്ചാല്‍ വിമാനത്താവളത്തില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ലാന്റിങ് നിര്‍ത്തിവച്ചതെന്ന് സിയാല്‍ അറിയിച്ചിരുന്നു. രണ്ടു മണിക്കൂറിന് ശേഷം വിമാനത്താവളത്തിലെ നിരോധനം നീക്കി. സര്‍വീസുകള്‍ പുരനാരംഭിക്കുകയും ചെയ്തു. സംസ്ഥാനം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചിപ്പിക്കുന്നതാണ് സംഭവങ്ങള്‍.












Click it and Unblock the Notifications