വയനാട്ടില്‍ കലിതുള്ളി കാലവര്‍ഷം: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, വന്‍കൃഷിനാശം!
കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴ തുടരുന്നു. കാലവര്‍ഷം ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏതാനം ദിവസങ്ങളായി തുടരുന്ന മഴ ഇന്നലെയും ശക്തമായതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറി. വാഴത്തോട്ടങ്ങളിലാണ് കൂടുതലായും വെള്ളം കയറിയത്. പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്.
കാവുമന്ദത്ത് പുഴ കരകവിഞ്ഞൊഴുകി നിരവധി വാഴത്തോട്ടങ്ങള്‍ വെള്ളത്തിനടിയിലായി. ബാണാസുരസാഗര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്തമഴ തുടരുകയാണ്. ഡാമിലെ ജലനിരപ്പും ഗണ്യമായി ഉയര്‍ന്നുകഴിഞ്ഞു. പുഴകളും തോടുകളും നിറഞ്ഞുകവിഞ്ഞതോടെ ഗതാഗതതടസ്സവും രൂക്ഷമായി. കോട്ടത്തറ, തരിയോട്, നൂല്‍പ്പുഴ, മാനന്തവാടി, തൊണ്ടര്‍നാട്, പനമരം പഞ്ചായത്തുകളിലേയും മറ്റും താഴ്ന്ന പ്രദേശങ്ങളെ വെള്ളപ്പൊക്കം സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകരും ആശങ്കയിലാണ്.

അതേ സമയം ജൂണ്‍ ആദ്യവാരം വരെ ശരാശരിക്കും താഴെ മാത്രമായിരുന്നു ജില്ലയിലെ മഴയെങ്കില്‍ കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോഡ് മഴയാണ് ജില്ലയില്‍ പെയ്യുന്നത്. ഇന്നലെ മാത്രം 83.43 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം ഇത് 94.6 മില്ലമീറ്റര്‍ ആയിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിടയില്‍ 430.61 മില്ലമീറ്റര്‍ മഴയും ജില്ലയില്‍ ലഭിച്ചു. കഴിഞ്ഞ ദിവസത്തെ മഴയില്‍ മാനന്തവാടി താലൂക്കില്‍ നാലും ബത്തേരി താലൂക്കില്‍ രണ്ടും വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതോടെ ജില്ലയില്‍ ഈ വര്‍ഷത്തെ മഴക്കാലത്ത് ഇതുവരെ തകര്‍ന്ന വീടുകളുടെ എണ്ണം 37 ആയി. വൈത്തിരി താലൂക്കില്‍ 25ഉം മാനന്തവാടിയില്‍ 9ഉം സുല്‍ത്താന്‍ ബത്തേരിയില്‍ മൂന്നും വീടുകള്‍ വീതമാണ് ഭാഗികമായി തകര്‍ന്നത്. അതേസമയം, ജില്ലയിലെ കാലവര്‍ഷക്കെടുതിയുടെ കണക്കെടുത്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഇതിനകം തന്നെ കര്‍ഷകരടക്കമുള്ളവര്‍ക്കുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications