• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'രാഷ്ട്രീയ യജമാനന് വേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജി', കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് ഐസക്

തിരുവനന്തപുരം: കിഫ്ബിക്ക് കീഴില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനമൊട്ടാകെ നടന്ന് കൊണ്ടിരിക്കുന്നത്. അതിനിടെ കിഫ്ബിയെ തകര്‍ക്കാന്‍ സിഎജിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്.

കിഫ്ബി വായ്പകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി നിരീക്ഷണം കളളിക്കളയുന്നതായി തോമസ് ഐസക് വ്യക്തമാക്കി. കിഫ്ബിയെ തകര്‍ക്കാനുളള നീക്കം അനുവദിക്കില്ലെന്നും തോമസ് ഐസക് പ്രതികരിച്ചു. ഓഡിറ്റര്‍ കാവല്‍ നായയാണ് വേട്ടപ്പട്ടിയല്ലെന്നും ഐസക് തുറന്നടിച്ചു.

ഓഡിറ്റർ കാവൽ നായയാണ്, വേട്ടപ്പട്ടിയല്ല

ഓഡിറ്റർ കാവൽ നായയാണ്, വേട്ടപ്പട്ടിയല്ല

ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണത്തിന്റെ പൂർണരൂപം: '' Auditor is Watchdog, not a Blood Hound എന്ന് വിഖ്യാതമായ ഒരു ചൊല്ലുണ്ട്. ഓഡിറ്റർ കാവൽ നായയാണ്, വേട്ടപ്പട്ടിയല്ല എന്നാണ് അർത്ഥവും മുന്നറിയിപ്പും. ലോകം അംഗീകരിച്ച ഓഡിറ്റിംഗിന്റെ ഈ അടിസ്ഥാനപാഠം മറന്ന് രാഷ്ട്രീയ യജമാനനുവേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജി എന്ന് തുറന്നു പറയേണ്ടി വന്നതിൽ ഖേദമുണ്ട്. കിഫ്ബിയ്ക്കെതിരെ സിഎജി പ്രഖ്യാപിച്ചിരിക്കുന്ന യുദ്ധം സ്വന്തം പദവിയുടെ ഭരണഘടനാ വിശുദ്ധിയും അന്തസും ബലികഴിച്ചുള്ള നഗ്നമായ രാഷ്ട്രീയക്കളിയാണ്. സിബിഐയെ കൂട്ടിലടച്ച തത്തയാക്കിയവർ സിഎജിയെ തുടലഴിച്ചുവിട്ട വേട്ടനായയാക്കിയിരിക്കുന്നു. ഇതൊന്നും കേരളം അനുവദിച്ചു തരുമെന്ന് കരുതരുത്.

ഈ കണ്ടെത്തൽ ഇപ്പോഴെവിടെ നിന്നു വന്നു

ഈ കണ്ടെത്തൽ ഇപ്പോഴെവിടെ നിന്നു വന്നു

കിഫ്ബി വായ്പകൾ, ഭരണഘടനാ വിരുദ്ധമാണു പോലും. കിഫ്ബിയിൽ 1999 മുതൽ 9 തവണ സി ആന്റ് എജി പരിശോധന നടത്തി ഓഡിറ്റ് റിപ്പോർട്ടു തയ്യാറാക്കിയിട്ടുണ്ട്. അന്നൊന്നും ഉന്നയിക്കാത്ത ഈ കണ്ടെത്തൽ ഇപ്പോഴെവിടെ നിന്നു വന്നു. സിഎജിയായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ രാഷ്ട്രീയതാൽപര്യത്തിന് അനുസരിച്ച് തോന്നിയതുപോലെ വ്യാഖ്യാനിക്കാനുള്ള പുസ്തകമല്ല ഭരണഘടന.

1999ൽ ശിവദാസ മേനോൻ മന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബി നിയമം പാസ്സാക്കിയത്. സർക്കാരിന്റെ അനുവാദത്തിനും നിബന്ധനകൾക്കും വിധേയമായി ബോണ്ടുകളും കടപ്പത്രങ്ങളും വഴിയോ അല്ലെങ്കിൽ മറ്റു ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ മൂലധന നിക്ഷേപത്തിന് വായ്പയെടുക്കാനാണ് കിഫ്ബി സ്ഥാപിച്ചത്.

യുഡിഎഫ് ഭരണകാലത്തും വായ്പ

യുഡിഎഫ് ഭരണകാലത്തും വായ്പ

2016ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്തപ്പോൾ ഈ ഉദ്ദേശലക്ഷ്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇതിനിടയിൽ റിസർവ്വ് ബാങ്കും സെബിയും വായ്പാ വിഭവ സമാഹരണത്തിനു രൂപം നൽകിയ നൂതനമായ സാധ്യതകളെക്കൂടി കിഫ്ബിയുടെ പ്രവർത്തന മണ്ഡലത്തിൽ ഉൾപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്തുമാറ്റമാണ് 1999ൽ നിന്നും 2016ലെ നിയമത്തിലേയ്ക്ക് എത്തിയപ്പോൾ ഉണ്ടായിട്ടുള്ളത്? 1999ൽ കിഫ്ബി 507 കോടി രൂപ വായ്പയെടുത്തു. പിന്നീട് യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് 2002ലും 2003ലും രണ്ടു തവണയായി 516 കോടി രൂപ വായ്പയെടുത്തു. അങ്ങനെ യുഡിഎഫ് ഭരണകാലത്തും കിഫ്ബി വഴി വായ്പയെടുത്തിട്ടുണ്ട്.

ആ പാഠം അറിയില്ലെങ്കിൽ കേരളമതു പഠിപ്പിക്കും

ആ പാഠം അറിയില്ലെങ്കിൽ കേരളമതു പഠിപ്പിക്കും

അന്നത്തെയും ഇന്നത്തെയും വായ്പകൾ തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. നേരത്തെ കിഫ്ബി വഴി എടുക്കുന്ന പണം സർക്കാരിന്റെ ദൈനംദിന ബജറ്റ് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോഴത് കർശനമായി തടഞ്ഞു. വായ്പാത്തുക കൺസോളിഡേറ്റഡ് ഫണ്ടിലേയ്ക്ക് വരില്ല. സംസ്ഥാന സർക്കാരിനു ബാധകമായിട്ടുള്ള ധനഉത്തരവാദിത്വ നിയമങ്ങളിലെ ധനക്കമ്മി നിബന്ധനകൾ ഒരുകാരണവശാലും കിഫ്ബി ലംഘിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഇതു ചെയ്തത്. ധനഉത്തരവാദിത്ത നിയമം പാലിക്കാൻ തീരുമാനിച്ചത് എങ്ങനെയാണാവോ ഭരണഘടനാ വിരുദ്ധമാവുക. എന്ത് അസംബന്ധവും വിളിച്ചു കൂവാനുള്ള പദവിയല്ല സിഎജിയുടേത്. ആ പാഠം അറിയില്ലെങ്കിൽ കേരളമതു പഠിപ്പിക്കും.

ആരാണ് സിഎജിയെ ചുമതലപ്പെടുത്തിയത്?

ആരാണ് സിഎജിയെ ചുമതലപ്പെടുത്തിയത്?

കിഫ്ബി സംസ്ഥാന സർക്കാരിന്റെ ഭാഗമല്ല. അത് നിയമം മൂലം ഉറപ്പു വരുത്തിയിട്ടുണ്ട്. ഒരു "കോർപ്പറേറ്റ് ബോഡി"യാണ്. മറ്റേത് കോർപ്പറേറ്റ് ബോഡിയെയും പോലെ റിസർവ്വ് ബാങ്കിന്റെ അനുവാദത്തോടെ വിദേശത്തു നിന്നും വായ്പയെടുക്കുന്നതിനും നിയമവ്യവസ്ഥകൾക്കു വിധേയമായി നാട്ടിൽ നിന്നും വായ്പയെടുക്കുന്നതിനും അവകാശമുണ്ട്. കേന്ദ്രസർക്കാരിന്റെ ഇത്തരത്തിലുള്ള കോർപ്പറേറ്റ് ബോഡികൾ നിർബാധം വായ്പകൾ എടുക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാരിന്റെ കോർപ്പറേറ്റ് ബോഡികൾക്ക് ഈ അവകാശം പാടില്ലായെന്നു പറയാൻ ആരാണ് സിഎജിയെ ചുമതലപ്പെടുത്തിയത്?

കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല

കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല

ആ ഉത്തരവ് നൽകിയതാരാണെന്നറിയാൻ നാടിന് അവകാശമുണ്ട്. 2016ലെ കിഫ്ബി നിയമഭേദഗതിക്കുമുമ്പ് 5 തവണ സി ആന്റ് എജി പരിശോധന നടന്നു. ചില പരിശോധനകളിൽ കിഫ്ബിക്കുണ്ടായ വീഴ്ചകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കൽപ്പോലും വായ്പയെടുക്കുന്നത് അനധികൃതമാണെന്നോ ഭരണഘടനാ വിരുദ്ധമാണെന്നോ നിലപാട് എടുത്തിട്ടില്ല. പിന്നെ നിലപാട് മാറ്റാൻ ഇപ്പോൾ എന്തുണ്ടായി? 2017ലെ സി ആന്റ് എജി റിപ്പോർട്ടിൽ കിഫ്ബി ബജറ്റ് പ്രസംഗത്തിൽ ലക്ഷ്യമിട്ട ചെലവ് കൈവരിച്ചില്ല എന്ന പരാമർശമേയുള്ളൂ. 2018ലെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്ന പരാമർശമേയുള്ളൂ. ഇവിടെയെങ്ങും കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല.

ഒരു ചോദ്യം പോലും എജി ഉന്നയിച്ചിട്ടില്ല

ഒരു ചോദ്യം പോലും എജി ഉന്നയിച്ചിട്ടില്ല

ഇക്കൊല്ലത്തെ എജിയുടെ സമഗ്രമായ ഓഡിറ്റ് ജനുവരി മാസത്തിലാണ് ആരംഭിച്ചത്. ആവശ്യപ്പെട്ട രേഖകളെല്ലാം അവർക്കു നൽകിയിരുന്നു. എന്നു സമ്പൂർണ്ണമായും ഇ-ഗവേണൻസ് നടപ്പാക്കിയിട്ടുള്ള കിഫ്ബിയുടെ ഏത് ഫയലും കാണുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പൂർണ്ണസ്വാതന്ത്ര്യം Password അടക്കം കൈമാറിക്കൊണ്ട് നൽകുകയാണ് ചെയ്തത്. 76 ഓഡിറ്റ് ക്വറികളാണ് എജിയുടെ ഓഫീസ് നൽകിയത്. അവയ്ക്കെല്ലാം വിശദമായ മറുപടികളും നൽകി. എക്സിറ്റ് മീറ്റിംഗുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ കണ്ടതായി ആക്ഷേപമൊന്നും ഉന്നയിച്ചിട്ടില്ല. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്സിറ്റ് വേളയിലോ ഒരു ചോദ്യം പോലും എജി ഉന്നയിച്ചിട്ടില്ല.

ഈ കണ്ടെത്തൽ സംസ്ഥാനം തള്ളിക്കളയുന്നു

ഈ കണ്ടെത്തൽ സംസ്ഥാനം തള്ളിക്കളയുന്നു

എന്നിട്ടിപ്പോൾ കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കരട് റിപ്പോർട്ടുമായി ഇറങ്ങിയിരിക്കുകയാണ് എജി. സിഎജിയുടെ ഈ കണ്ടെത്തൽ സംസ്ഥാനം തള്ളിക്കളയുന്നു. കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തൽപ്പരകക്ഷികൾ സി ആന്റ് എജിയെയും ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവായിട്ടു മാത്രമേ ഈ അസംബന്ധ നിലപാടിനെ കാണാൻ കഴിയൂ. ലൈഫ് മിഷൻ, കെ-ഫോൺ, ടോറസ് ഐറ്റി പാർക്ക്, ഇ-മൊബിലിറ്റി ഇലക്ട്രിക് ബസ് നിർമ്മാണ പദ്ധതി തുടങ്ങിയവയെ അട്ടിമറിക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് കിഫ്ബിയെ തകർക്കാനുള്ള സി ആൻഡ് എജി നീക്കവും. ഇതിനൊന്നിനും വഴങ്ങുന്ന പ്രശ്നമേ ഉദിക്കുന്നില്ല''.

English summary
FM Thomas Isaac alleges that CAG is trying to overthrow KIFBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X