എന്‍സിസി ക്യാംപില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് സംഘര്‍ഷം; എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കേസ്
കൊച്ചി: എന്‍സിസി ക്യാമ്പിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കേസെടുത്ത് പൊലീസ്. വിദ്യാര്‍ത്ഥിനികളോട് ലൈംഗികചുവയോടെ സംസാരിച്ചു എന്ന പരാതിയില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി, ആദര്‍ശ്, പ്രമോദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ സംഘം ചേര്‍ന്ന് സംഘര്‍ഷം ഉണ്ടാക്കിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ആണ് ഇന്നലെ രാത്രിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇതിന് പിന്നാലെ മാതാപിതാക്കളും നാട്ടുകാരും കോളേജിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ഇടപെടാനെത്തിയ എസ്എഫ്‌ഐ നേതാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.

അധ്യാപകരില്‍ നിന്നും സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും മര്‍ദ്ദനം നേരിട്ടതായി ഒരു വിഭാഗം കുട്ടികളും ആരോപിച്ചു. ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. തലകര്‍ക്കവും തളര്‍ച്ചയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ഡിസംബര്‍ 20 ന് ആരംഭിച്ച ക്യാംപില്‍ അഞ്ഞൂറിലേറെ വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞെത്തിയ രക്ഷിതാക്കളേയും നാട്ടുകാരേയും ക്യാംപ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിപ്പിക്കാതിരുന്നത് വാക്കേറ്റത്തിനിടയാക്കി. പ്രതിഷേധവുമായെത്തിയ രക്ഷിതാക്കള്‍ രാത്രി വൈകിയും കോളേജിന് മുന്നില്‍ തുടര്‍ന്നു.
രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്യാംപ് അവസാനിപ്പിച്ചു. ക്യാംപിലെ വെള്ളവും ഭക്ഷണവും കഴിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത് എന്നാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പറയുന്നത്. രണ്ട് ദിവസം മുതലേ പല കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു എന്നും പറയുന്നു. ക്യാംപില്‍ നിന്നും കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.
അതേസമയം ക്യാംപിനോട് താല്‍പര്യകുറവുള്ള ഒരു വിഭാഗം കുട്ടികള്‍ അനാവശ്യമായി ഉണ്ടാക്കിയ പ്രശ്‌നമാണിത് എന്നാണ് മറുഭാഗത്തിന്റെ ആരോപണം. തൃക്കാക്കര നഗരസഭയിലെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. വിഷയത്തില്‍ ഡി എം ഒയും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം എന്‍സിസി ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷബാധയെപ്പറ്റി ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും എന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് ഐഎഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications