കോഴിക്കുംബീഫിനും വില കുതിക്കുന്നു!പച്ചക്കറികൾ കിട്ടാനില്ല,വില കേട്ടാൽ ഞെട്ടും;അരിയ്ക്കും വിലക്കയറ്റം
റംസാൻ നോമ്പിന്റെയും, പുതിയ കശാപ്പ് നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തിൽ ഇറച്ചിയ്ക്കും മീനിനും വില കുതിച്ചുയർന്നിരിക്കുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഒരിടവേളയ്ക്ക് ശേഷം അരിയുടെ വിലയിലും വൻ വർദ്ധനവാണുണ്ടായിരിക്കുന്നത്. ജയ അരിക്ക് 35 മുതല്‍ 38 വരെയും സുരേഖ അരിക്ക് 35-37 രൂപയുമാണ് ഹോൾസെയിൽ വില.
എന്നാൽ ഇത് സാധാരണ റീട്ടെയ്ൽ ഷോപ്പുകളിലെത്തുമ്പോൾ ഒരു കിലോയ്ക്ക് 50 രൂപ വരെയാകും. അയൽസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അരിയുടെയും നെല്ലിന്റെയും വരവ് കുറഞ്ഞതാണ് വില വർദ്ധിക്കാൻ കാരണമായിരിക്കുന്നത്. പച്ചക്കറികൾക്കും തീപിടിച്ച വിലയാണ്. മാർക്കറ്റിൽ ക്ഷാമം അനുഭവപ്പെടുന്ന ചെറിയ ഉള്ളിക്ക് കിലോയ്ക്ക് 135 രൂപയാണ് വില.

സവാളയുടെ വിലയിലും 5രൂപ മുതൽ 10രൂപ വരെ വർദ്ധനവുണ്ടായിട്ടുണ്ട്. തേങ്ങയുടെ വില ഉയർന്നതോടെ വെളിച്ചെണ്ണയ്ക്കും വില കൂടി. കാലാവസ്ഥ വ്യതിയാനവും ഉത്പാദനം കുറഞ്ഞതുമാണ് പച്ചക്കറി വില കൂടാൻ കാരണമായത്. റംസാൻ നോമ്പിന്റെയും, പുതിയ കശാപ്പ് നിയന്ത്രണത്തിന്റെയും പശ്ചാത്തലത്തിൽ ഇറച്ചിയ്ക്കും മീനിനും വില കുതിച്ചുയർന്നിരിക്കുകയാണ്.
ബീഫിന് രണ്ടാഴ്ച കൊണ്ട് 30 രൂപ വരെയാണ് വർദ്ധിച്ചത്. കോഴിയിറച്ചിയുടെ വില ദിനംപ്രതിയെന്നോണം കൂടുന്നുണ്ട്. ആട്ടിറച്ചിയ്ക്കാണ് റെക്കോഡ് വിലക്കയറ്റം, കിലോയ്ക്ക് 100 രൂപയാണ് ആട്ടിറച്ചിയ്ക്ക് കൂടിയത്. നോമ്പുകാലമായതാണ് വില വർദ്ധനവിന് പിന്നിലെ പ്രധാനകാരണം. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മീനിനും ഇനി വില കുതിച്ചുയരും.
എന്നാൽ വ്യാപാരികൾ മനപ്പൂർവ്വം വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നാണ് ഭക്ഷ്യമന്ത്രി പി തിലോത്തമൻ പ്രതികരിച്ചത്. സർക്കാർ ചന്തകളിലൂടെ അരിയും മറ്റു പച്ചക്കറികളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമ വിലക്കയറ്റം നിയന്ത്രിക്കാൻ ലീഗൽ മെട്രോളജി വകുപ്പ് കർശന പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications